Malappuram
പ്രവാചകാനുരാഗം നിറഞ്ഞൊഴുകിയ സോൺ മീലാദ് റാലികൾ പ്രോജ്വലമായി
ഒക്ടോബര്‍ 15 വരെ നടക്കുന്ന കാമ്പയിന്‍ ഭാഗമായി 24 ന് ഞായഴ്ച വൈകിട്ട് 4. മണിക്ക് കോട്ടക്കലിൽ ജില്ലാ തല സെമിനാര്‍ നടക്കും.

മലപ്പുറം | പ്രവാചകാനുരാഗത്താൽ നിറഞ്ഞെത്തിയ ശുഭ്ര വസ്ത്രധാരികളായ ആയിരങ്ങൾ ആത്മീയ നിർവൃതിയിലായി പരന്നൊഴുകിയ സോൺ മീലാദ് റാലികൾ പ്രോജ്വലമായി. ‘തിരുനബി (സ്വ) സ്നേഹ ലോകം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് പ്രൗഢമായ റാലി നടന്നത്. വൈകീട്ട് നാലരക്ക് നടന്ന മീലാദ് റാലികള്‍ പ്രവാചാകധ്യാപന പ്രകീർത്തനങ്ങളാലും മഹദ് സന്ദേശങ്ങളാലും വിശ്വാസികൾക്ക് ആവേശം പകർന്നു.
എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, വളാഞ്ചേരി, പാങ്ങ്, ചട്ടിപ്പറമ്പ്, മഞ്ചേരി ഈസ്റ്റ് പയ്യനാട്, വെസ്റ്റ് മഞ്ചേരി ടൗൺ, അരീക്കോട്, പരപ്പനങ്ങാടി അരിയല്ലൂർ ആക്കോട്, കൊണ്ടോട്ടി, കൊട്ടപ്പുറം, തലപ്പാറ, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍ വൈലത്തൂർ, പെരുമ്പടപ്പ് , ഐക്കരപ്പടി, കല്ലിങ്ങൽ തേഞ്ഞിപ്പലം നീരോല്പാലം, തിരൂർ ടൗൺ, തിരൂരങ്ങാടി വേങ്ങര എന്നീ കേന്ദ്രങ്ങളിലാണ് മീലാദ് റാലികള്‍ നടന്നത്.
മനുഷ്യ ഹൃദയങ്ങളിൽ സമാധാനവും കാരുണ്യവും നിറച്ചു പരസ്പര സാഹോദര്യം വളർത്താനാണ് വിശ്വാസികൾ മുന്നിട്ടിറങ്ങേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. കാരുണ്യത്തിന്റെ കേദാരമായ പ്രവാചകനെ സമൂഹമധ്യേ അവമതിക്കുന്നവർക്ക് ചൂട്ട് പിടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിശ്വാസികളും ജനാധിപത്യ സമൂഹവും ഒന്നിച്ച് പ്രതിരോധം തീർക്കണമെന്നും അദ്ദഹം വ്യക്തമാക്കി.
മദ്യമയക്കുമരുന്നുകളെ വിപാടനം ചെയ്യാൻ ഭരണാധികാരികൾ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും അദ്ദേഹം ഉണർത്തി. മദ്യ ലോട്ടറിയുൾപ്പെടെയുള്ള വരുമാന മാർഗ്ഗത്തിന്റെ പേരിൽ നാട്ടിൽ അനുദിനം നടക്കുന്ന അരും കൊല്ലകളെ നമുക്കാർക്കും വിസ്മരിക്കാനാകില്ലെന്നും അദ്ദഹം പറഞ്ഞു. മജ്മഉം നിലമ്പൂർ സോൺ കമ്മിറ്റിയും സംയുക്തമായി നടത്തിയ മീലാദ് റാലിക്ക് സമാപനം കുറിച്ച് ചന്തക്കുന്നിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വണ്ടുരിൽ സംസ്ഥാന സെക്രട്ടറി കെ. അബ്ദുറഹമാൻ ഫൈസിയും വേങ്ങരയിൽ ജില്ല ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫിയും എടക്കരയിൽ ജില്ല സെക്രട്ടറി അലവിക്കുട്ടി ഫൈസിയും പെരിന്തൽമണ്ണയിൽ കെ.കെ.എസ് തങ്ങളും, മലപ്പുറത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂരും ഉദ്ഘാടനം നിർവഹിച്ചു. അരിക്കോട്ട് ജില്ലാ ഉപാദ്ധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ കൊണ്ടോട്ടിയിൽ, സി.കെ.യു മൗലവി, പൊന്നാനിയിൽ യൂസുഫ് ബാഖവി എന്നിവർ ഉദ്ഘാടനം ചെയ്തു.
പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദ് പറവൂർ, ബശീർ ഹാജി പടിക്കൽ , മുഹമ്മദ് ഹാജി, പി.എസ്, കെ ദാരിമി, അലിയാർ കക്കാട്, കെ.പി.കെ.ടി. ത്വാഹിർ സഖാഫി, ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി വിവിധ സോണുകളിൽ റാലിക്ക് നേതൃത്വം നൽകി.
ഒക്ടോബര്‍ 15 വരെ നടക്കുന്ന കാമ്പയിന്‍ ഭാഗമായി 24 ന് ഞായഴ്ച വൈകിട്ട് 4. മണിക്ക് കോട്ടക്കലിൽ ജില്ലാ തല സെമിനാര്‍ നടക്കും. മൗലീദ് സദസ്സുകള്‍, പ്രഭാഷണങ്ങള്‍, മദ്‌റസ, സ്ഥാപനങ്ങളുടെ കീഴില്‍ മീലാദ് സന്ദേശ ജാഥകള്‍, അങ്ങാടി മൗലീദ്, വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കുന്നുണ്ട്. മുഴുവൻ വീടുകളിലും പ്രവാചക പ്രകീർത്തന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാപന മഹല്ലുകൾ കേന്ദ്രീകരിച്ച് അന്നദാനവും സൗഹൃദ സംഗമങ്ങളും നടക്കുന്നുണ്ട്.