lockdown easing
ഈ മാസം 25 മുതല്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കും
വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം; ഗ്രാമസഭകള്‍ ചേരാം
തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞ്കിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അമ്പത് ശതമാനം സീറ്റുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എ സി അടക്കം പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ടാകും. തിയേറ്ററില്‍ പോകാന്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ വിഭാഗവും ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. അവശേഷിക്കുന്ന നിയന്ത്രണങ്ങളും നീക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി വിവാഹത്തിന് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. 50 പേര്‍ക്ക് ഇനി മുതല്‍ വിവാഹത്തില്‍ പങ്കെടുക്കാം. നേരത്തെ 20 പേര്‍ക്കായിരുന്നു അനുമതിയഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഗ്രാമസഭകള്‍ ചേരുന്നതിനും അനുമതി നല്‍കും.