Kerala
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം; സിവില്‍ സര്‍വീസ് മത്സരാര്‍ത്ഥിയുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍
2023 മാര്‍ച്ച് 11നും ജൂണ്‍ 26നുമാണ് മോഷണം നടത്തിയത്. ആദ്യ തവണ രണ്ട് ലക്ഷത്തിലധികം രൂപയും രണ്ടാം തവണ 1500 രൂപയുമാണ് മോഷ്ടിച്ചത്.
പാലക്കാട്| പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ സിവില്‍ സര്‍വീസ് മത്സരാര്‍ത്ഥിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസ്, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷ് എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്.
പ്രതികള്‍ വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് പ്രാവശ്യം മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2023 മാര്‍ച്ച് 11നും ജൂണ്‍ 26നുമാണ് മോഷണം നടത്തിയത്. ആദ്യ തവണ രണ്ട് ലക്ഷത്തിലധികം രൂപയും രണ്ടാം തവണ 1500 രൂപയുമാണ് മോഷ്ടിച്ചത്.
ഹരിദാസാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇദ്ദേഹമാണ് മോഷണത്തിന് പിന്നിലെ സൂത്രധാരന്‍. പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഹരിദാസിനെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.