Kerala
മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണം;ഒന്നാം പ്രതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലും പ്രതിയാണ്
അടൂര്‍ | അടൂര്‍ മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി വടക്കേക്കര താഴത്തു വടക്ക് ചക്കാലയില്‍ വീട്ടില്‍ നൗഷാദ് (32) ആണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം നവംബര്‍ 13 രാത്രിയും പിറ്റേന്ന് പുലര്‍ച്ചെക്കുമിടയിലാണ് പ്രതികള്‍ മോഷണം നടത്തിയത്.
നാലമ്പലത്തില്‍ കയറി തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍, ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 6000 രൂപ കവര്‍ന്നു. പിന്നീട്, നാലമ്പലത്തിനടുത്തുള്ള മാനേജരുടെ മുറിയുടെ പൂട്ട് പൊളിച്ചു കയറി മേശയില്‍ സൂക്ഷിച്ച 4000 രൂപയും 15000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ചു കടക്കുകയായിരുന്നു.
15 ന് കേസെടുത്ത പോലീസ് ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി. ദൃശ്യങ്ങളില്‍ നിന്നും രണ്ട് പ്രതികള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന്, ഒന്നാം പ്രതി നൗഷാദിനെ ഇന്നലെ വൈകിട്ട് നാലുമണിയോടെ അടൂര്‍ ടൗണില്‍ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ പത്തനാപുരം പോലീസ് 2020 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും, കുണ്ടറ പോലീസ് 2022 ലെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ടാം പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അടൂര്‍ ഡി വൈ എസ് പി ജയരാജിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി , എസ് ഐ മനീഷ് , സുനില്‍ കുമാര്‍, എസ് സി പി ഓമാരായ മുജീബ് , ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്