Kannur
തലശ്ശേരി പള്ളിയില്‍ മോഷണം; ഖത്തീബിന്റെ 45,000 രൂപയും വാച്ചും മോഷ്ടിച്ചു
മസ്ജിദില്‍ ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്.
തലശ്ശേരി| കണ്ണൂര്‍ തലശ്ശേരിയില്‍ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ തെക്യാവ് ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളി ഖത്തീബ് മലപ്പുറം ചെമ്മാട് സ്വദേശി ഇ. സിദ്ദീഖ് സഖാഫിയുടെ 45,000 രൂപയും റാഡോ വാച്ചും മോഷ്ടിച്ചു. പള്ളിയില്‍ ഖത്തീബ് താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയാണ് മോഷണം. മുറിയുടെ ഫൈബര്‍ വാതില്‍ തകര്‍ത്ത നിലയിലാണ്.
ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. സുബഹി നിസ്‌കാരത്തിനുശേഷം ഖത്തീബ് പുറത്തേക്ക് പോയതായിരുന്നു. മസ്ജിദില്‍ ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. മുറിയില്‍ സൂക്ഷിച്ച പണവും വാച്ചുമാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ നിര്‍മാണത്തിനായി കുറിവെച്ച് കിട്ടിയ പണമാണ് മോഷണം പോയതെന്ന് പള്ളി അധികൃതര്‍ പറഞ്ഞു.
തലശ്ശേരിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് അടുത്തകാലത്തായി മോഷണം വര്‍ധിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി പ്രസിഡന്റ് ടിഎം സൈനുദ്ദീന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ വി.വി. ദീപ്തി, എസ്.ഐ സജേഷ് സി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിയിലെത്തി അന്വേഷണം നടത്തി. പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.