Kerala
ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ നെക്ലേസ് കവര്‍ച്ച; പ്രതി റിമാന്‍ഡില്‍
കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് തുണ്ടില്‍ഭാഗം ശ്യാം ഭവനില്‍ അഭിലാഷ് (32) ആണ് പിടിയിലായത്.
അടൂര്‍ | മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ നെക്ലേസുമായി കടന്നയാളെ അടൂര്‍ പോലീസ് പിടികൂടി. കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് തുണ്ടില്‍ഭാഗം ശ്യാം ഭവനില്‍ അഭിലാഷ് (32) ആണ് പിടിയിലായത്. അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് സമീപമുള്ള മുഗള്‍ ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ നെക്ലേസ് മോഷ്ടിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. മുണ്ടും ഷര്‍ട്ടും ധരിച്ച് ജ്വല്ലറിയിലെത്തിയ അഭിലാഷ് സ്വര്‍ണ മോതിരം ആവശ്യപ്പെടുകയായിരുന്നു. മോതിരങ്ങള്‍ നോക്കിയ ശേഷം തന്റെ ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് സ്വര്‍ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് ജീവനക്കാരന് പോയ സമയത്ത് പ്രതി ഷെല്‍ഫില്‍ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിറകെ ജീവനക്കാര്‍ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ പോലീസ് നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പത്തിലധികം മോഷണ കേസുകളില്‍ പ്രതിയായ അഭിലാഷ് അടൂര്‍ പെരിങ്ങനാട് പുത്തന്‍ചന്തയിലുള്ള ഭാര്യാ ഗൃഹത്തിലാണ് താമസം. രാത്രി വീട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂര്‍ ഡി വൈ എസ് പി. ആര് ബിനുവിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, അടൂര്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എം മനീഷ്, ഹാറൂണ്‍ റഹിമാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന് ഡേവിഡ്, രാജ്കുമാര്, സൂരജ് ആര് കുറുപ്പ്, സിവില്‍ പോലീസ് ഓഫീസര്‍ അന്‍സാജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അഭിലാഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.