Connect with us

Wayanad Disaster

അവരുടെ ഓണം കണ്ണീരണിഞ്ഞു

ചായയുടെ സുഖം ജീവിതത്തില്‍ അറിയാത്തവര്‍

Published

|

Last Updated

 

ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് തേയില തോട്ടം തൊഴിലാളികള്‍ മരിച്ച വാര്‍ത്ത വയനാടിനെ മാത്രമല്ല നടുക്കിയത്.
കമ്പമലയില്‍നിന്നു വെള്ളിയാഴ്ച വൈകീട്ടോടെ പുറം ലോക മറിഞ്ഞ ദുരന്ത വാര്‍ത്തയില്‍ കേരളമാകെ വിറങ്ങലിച്ചു.

തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതു തേയില തൊഴിലാളികള്‍ അപമൃത്യവിന് ഇരയായിരിക്കുന്നു.
ജോലികഴിഞ്ഞ് തിരിച്ചുപോവുന്നതിനിടെയാണ് അപകടം.

ഓണക്കാലത്തെ വരവേല്‍ക്കാനുള്ള മലയാളി മനസ്സിന്റെ ആഹ്ലാദം എവിടെയും അലതല്ലുന്നതിനിടെയാണ് ഈദുരന്ത വാര്‍ത്ത.

തേയിലത്തോട്ടങ്ങളില്‍ കൊളുന്തു നുള്ളാനെത്തുന്നവര്‍ ഏറെയും സ്ത്രീകളായിരിക്കും. എവിടെയും മനുഷ്യര്‍ക്ക് ആശ്വാസത്തിന്റെ ചുടുചായ പകരുന്നതില്‍ ഈ സ്ത്രീകളുടെ ജീവിതത്തിന്റെ വിയര്‍പ്പും രക്തവുമുണ്ട്.

‘ഉയരം കൂടും തോറും ചായയുടെ സ്വാദു കൂടും’ എന്നാണു സങ്കല്‍പ്പം. എന്നാല്‍ തങ്ങളുടെ കൂരകളില്‍ നിന്ന് ഈ ഉയരമുള്ള കുന്നുകളിലേക്ക് അതിരാവിലെ ജോലിക്കുപോകുന്ന സ്ത്രീകളുടെ ജീവിതം അത്രയൊന്നും സ്വാദുള്ളതായിരുന്നില്ല. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ അവര്‍ ജീവിതത്തിന്റെ കൊളുന്തുകളാണു നുള്ളിയെടുക്കുന്നത്.

കേരളത്തില്‍ തേയിലത്തോട്ടങ്ങള്‍ ഏറെയുള്ള ഇടുക്കിയിലും വയനാട്ടിലും സ്ത്രീ തൊഴിലാളികളുടെ ജീവിതം സമാനമാണ്.
1890 കളോടെ വയനാട്ടില്‍ വാണിജ്യ അടിസ്ഥാനത്തില്‍ തേയില കൃഷി ആരംഭിച്ചത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളായതിനാലും പ്രദേശത്തെ ജനങ്ങള്‍ കുറഞ്ഞ കൂലിയില്‍ പണികളികളിലേര്‍പ്പെടാന്‍ വിമുഖത കാണിച്ചതിനാലും ആദ്യ കാലങ്ങളില്‍ തൊഴിലാളികളെ കിട്ടാന്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കങ്കാണിമാര്‍ എന്നറിയപ്പെടുന്ന ഇടനിലക്കാര്‍ പലയിടങ്ങളില്‍ നിന്നും ആളുകളെ തോട്ടങ്ങളിലേക്ക് ബലമായും അല്ലാതെയും കൊണ്ട് വന്നിരുന്നു എന്നാണു ചരിത്രം പറയുന്നത്.

രണ്ട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിലാല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള തൊഴിലാളികള്‍ ധാരളമായി തോട്ടം മേഖലയില്‍ എത്തി.

തൊഴിലാളികളുടെ തിരിച്ചു പോക്കു തടയാന്‍ കുടുംബത്തോടുകൂടിയുള്ള കുടിയേറ്റത്തെ തോട്ടം ഉടമകള്‍ പ്രോത്സാഹിപ്പിച്ചു.
ഇത്തരത്തില്‍ കുടിയേറ്റം നടത്തിയവരില്‍ ഭൂരിഭാഗം ആളുകളും തോട്ടങ്ങളില്‍ സ്ഥിരതാമസം ആരംഭിച്ചു. അവരുടെ തലമുറകളാണ് ഇന്നും തോട്ടം തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നത്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നകാലത്ത് ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് അഭയാര്‍ഥികളെ വയനാട്ടില്‍ കുടിയിരുത്തിയപ്പോള്‍ അവര്‍ക്കും അഭയമായി തീര്‍ന്നതു തോട്ടം തൊഴിലായിരുന്നു.

ഫാക്ടറി ജോലികളിലും തോട്ടം ജോലികളിലും അവര്‍ മുഴുകുന്നു. തോട്ടത്തിലെ പ്രധാന പണികളിലൊന്നായ കൊളുന്തു പറിച്ചെടുക്കലാണ് ഈ മേഖലയിലെ ഏറ്റവും പ്രയാസമേറിയ തൊഴില്‍. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്ത ഈ തൊഴിലിലേക്കു സ്ത്രീകള്‍ വേഗം ആകര്‍ഷിക്കപ്പെടുന്നു.

പറിച്ചെടുക്കുന്ന തേയില ചുമന്നുകൊണ്ടു തേയില കാടിനുള്ളിലൂടെ കൊളുന്ത് നുള്ളണം.

മിനിമം കൂലിയായ 310 രൂപ കിട്ടണമെങ്കില്‍ ദിവസം 27 കിലോ കൊളുന്ത് പറിക്കണം. അധികം പറിക്കുന്ന ഓരോ കിലോ തേയിലക്കും 20 പൈസയും ലഭിക്കും.

ഏതു പ്രതികൂല കാലാവസ്ഥയിലും അപകടകരമായ തൊഴില്‍ അന്തരീക്ഷത്തിലും രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ തേയിലക്കാടിനുള്ളില്‍ അധ്വാനിക്കണം. അങ്ങിനെ തലമുറകള്‍ കെട്ടിപ്പടുത്തതാണ് അവരുടെ ജീവിതം.

പുലര്‍ച്ചെ നാല് മണിക്കുണര്‍ന്നു കുട്ടികള്‍ക്കുള്ള ഭക്ഷണമൊക്കെ ഒരുക്കി വീട്ടിലെ പണികളൊക്കെ ഒതുക്കി ഏഴരയോടടുപ്പിച്ചു വീട്ടില്‍ നിന്നിറങ്ങിയാല്‍ മാത്രമേ എട്ടു മണിക്ക് പണി സ്ഥലത്തെത്താനാകു.

മുള്ള് വിഷജന്തുക്കള്‍ തുടങ്ങിയവയില്‍ നിന്നുള്ള രക്ഷക്ക് വലിയ ബൂട്ട് ധരിക്കണം. ബൂട്ടിട്ട് തേയിലയും ചുമന്നു കൊണ്ട് കാടിനുള്ളിലൂടെയുള്ള സഞ്ചാരം വലിയ ബുദ്ധിമുട്ടാണ്. മഴയും ചുട്ടു പൊള്ളുന്ന വെയിലും മുഴുവനും കൊള്ളണം.

ചില കാലങ്ങളില്‍ മിനിമം കിലോ നുള്ളിയെടുക്കാന്‍ പോലും ബുദ്ധിമുട്ടാണ്. വിശ്രമം പോലുമില്ലാതെ പറിക്കണം.

ഇരിക്കാന്‍പോലും സൂപ്രവൈസര്‍ സമ്മതിക്കാത്ത ഇടങ്ങളുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങളുള്ള തോട്ടങ്ങള്‍ നന്നേ കുറവ്. ഉച്ചയ്ക്കും വൈകുന്നേരവും ശേഖരിച്ച തേയില തൂക്കി ഉറപ്പു വരുത്തിയതിനു ശേഷമേ വീട്ടിലേക്കു പോകാനാവൂ.

മിക്കവാറും പേര്‍ തോട്ടം ഉടമകള്‍ നല്‍കിയ പാടികളിലാണ് ഇപ്പോഴും കഴിയുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെ പാടി എന്ന ഒറ്റമുറി ലൈന്‍ വീടുകളില്‍ വെള്ളം വരൂ. അത് ശേഖരിക്കണം. അത്താഴം ശരിയാക്കണം. അങ്ങിനെ ഒരു നെട്ടോട്ടമാണ് തോട്ടം തൊഴിലാളി സ്ത്രീകളുടെ ജീവിതം.

സ്ഥിരമായി പണിയുണ്ട് എന്നതാണ് ഏക ആശ്വാസം. പണികഴിഞ്ഞ് ജീപ്പില്‍ ഓടിക്കയറി വീട്ടിലെത്താനുള്ള അവരുടെയാത്രയാണ് കൊക്കയില്‍ അവസാനിച്ചത്.

 

Latest