Connect with us

Articles

അവരുടെ കഞ്ഞി കുമ്പിളില്‍ തന്നെ

ഡിജിറ്റല്‍ ഇന്ത്യയെന്ന് കൊട്ടിഘോഷിക്കുമ്പോഴും ഗ്രാമങ്ങളിലും ഊരുകളിലും ജാതിവിലക്കുകള്‍ ഭീകരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലും കാര്യമായ പങ്ക് ദളിതുകള്‍ക്കില്ല എന്ന് അരുന്ധതി റോയി ജാതി ഉന്മൂലനത്തിനെഴുതിയ അവതാരികയില്‍ സുവിസ്തരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ 20 ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ പോലും പട്ടിക ജാതിക്കാരനല്ല.

Published

|

Last Updated

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വ്യാപകമായി തന്നെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നടക്കുന്ന ജാതി വിവേചനങ്ങള്‍ക്ക് സമാനമായിത്തന്നെ വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിലുള്ള വിവേചനങ്ങള്‍ വ്യാപകമായി നടമാടുന്നുണ്ട്. എം ജി യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി ദീപ മോഹനന്‍ ഉന്നയിച്ച ആരോപണങ്ങളും സമരങ്ങളും നാം കണ്ടതാണ്. ഇത്തരത്തില്‍ ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസമില്ലാതെ രോഹിത് വെമുലമാരെ ക്യാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കുകയാണ് സവര്‍ണബോധം ചെയ്തുകൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച വിദ്യാഭ്യാസ നയത്തിലും സവര്‍ണ മേല്‍ക്കോയ്മയുടെ വ്യക്തമായ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. തക്ഷശില, നളന്ത, വള്ളഭി, വിക്രമശില എന്നീ നാല് പുരാതന സ്ഥലങ്ങളുടെ പേരുകള്‍ ഇടക്കിടക്ക് മാതൃകാ സ്ഥാപനങ്ങളായി നയരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ വരേണ്യ വര്‍ഗത്തിന് മാത്രം പ്രാപ്യമായ വിദ്യാഭ്യാസ സംവിധാനങ്ങളായിരുന്നു. മാത്രവുമല്ല നയരേഖയില്‍ മാതൃകാ പാത്രങ്ങളായി പരാമര്‍ശിക്കുന്ന ചരകന്‍, ശുശ്രുതന്‍, ആര്യഭട്ടന്‍, വരാമഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്‌മഗുപ്തന്‍, ചാണക്യന്‍, ചക്രപാണിദത്തന്‍, മാധവന്‍, പാണിനി, പതഞ്ജലി, നാഗാര്‍ജുനന്‍, ഗൗതമന്‍, പിഗളന്‍, ശങ്കരദേവന്‍, മൈത്രേയി, ഗാര്‍ഗി എന്നിവരെല്ലാം തന്നെ ബ്രാഹ്‌മണകുലത്തില്‍ പെട്ടവരായിരുന്നു. ലോകം മുന്നേറുമ്പോഴും പുരാതനമായ ചരിത്രത്തെ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് തീര്‍ത്തും അപകടകരം തന്നെയാണ്. പ്രത്യേകിച്ചും ക്യാമ്പസുകളില്‍ നിന്ന് ജാതി വിവേചനങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള നയങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ മുറവിളി കൂട്ടുന്നത് അത്ര നല്ല ഉദ്ദേശ്യത്തിലല്ലെന്നത് തീര്‍ത്തും വ്യക്തമാണ്. പുരോഗമന ചിന്താഗതിക്കാരായ സാമൂഹിക ശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും കൊത്തളമായി പരിഗണിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വെറും 3.29 ശതമാനം അധ്യാപകര്‍ മാത്രമാണ് ദളിതരായിട്ടുള്ളത്. ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ വെറും 1.44 ശതമാനവും. യഥാര്‍ഥത്തില്‍ ദളിതര്‍ 15 ശതമാനവും ആദിവാസികള്‍ 7.5 ശതമാനവുമാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. 27 വര്‍ഷമായി ഇവിടെ സംവരണം ഏര്‍പ്പെടുത്തി എന്ന് കരുതുമ്പോള്‍ തന്നെയാണ് ഇത് നടക്കുന്നതെന്ന് അരുന്ധതി റോയി വ്യക്തമാക്കുന്നുണ്ട്. 2010ല്‍ ഈ വിഷയം ഉയര്‍ത്തപ്പെട്ടപ്പോള്‍ ചിലര്‍ പറഞ്ഞത്, ഭരണഘടന നിര്‍ദേശിക്കുന്ന സംവരണനയം നടപ്പാക്കുന്നത് ജെ എന്‍ യുവിനെ പ്രധാനപ്പെട്ട മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്ന് എന്ന നിലയില്‍ തുടരുന്നതില്‍ നിന്നും തടയും എന്നായിരുന്നു. ജീവശാസ്ത്ര പ്രൊഫസര്‍ ബി എന്‍ മല്ലിക്ക് പറഞ്ഞത്, “ചില ജാതികള്‍ ജനിതകപരമായി തന്നെ പോഷണമില്ലാത്തവയാണ്. അവരെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതു വഴി ഒന്നും നേടാനാകില്ല. അത് മികവ്, അര്‍ഹത എന്നിവയോട് ചെയ്യുന്ന അനീതിയാണ്’ എന്നായിരുന്നു. ഇന്ത്യയില്‍ ബുദ്ധിജീവികളെന്നത് ബ്രാഹ്‌മണ ജാതിക്കാരുടെ മറ്റൊരു പേരാണെന്നും ബുദ്ധിജീവികളുടെ നിലനില്‍പ്പ് ഒറ്റ ജാതിയുമായി ബന്ധപ്പെട്ടതാണെന്നും ഈ ബുദ്ധിജീവി വര്‍ഗങ്ങള്‍ ബ്രാഹ്‌മണ ജാതിയുടെ താത്പര്യങ്ങളും അഭിലാഷങ്ങളുമാണ് പങ്കുവെക്കുന്നതെന്നും അംബേദ്കര്‍ തന്റെ “ജാതി ഉന്മൂലനത്തില്‍’ പ്രസ്താവിക്കുന്നുണ്ട്. സമൂഹത്തിലെ മറ്റുള്ളവരെ മുഴുവനും സ്വന്തം കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തുന്ന ഇത്തരം ബുദ്ധിജീവി വര്‍ഗം ജാതിപരിഷ്‌കരണത്തിന് എതിരില്‍ നിന്നാല്‍ ജാതി ഉന്മൂലന പ്രസ്ഥാനത്തിന് വിജയ സാധ്യത വളരെ വളരെ വിദൂരമാണെന്നും അംബേദ്കര്‍ കുറിക്കുന്നുണ്ട്. ലോകത്ത് എല്ലായിടത്തും ഇത്തരം ബുദ്ധിജീവികളിലൂടെയാണ് വിധ്വംസക ആശയങ്ങള്‍ നിലനിന്നിട്ടുള്ളത് എന്നത് കൊണ്ട് തന്നെ രാഷ്ട്രീയമായി എത്രകണ്ട് പ്രാതിനിധ്യം ഏര്‍പ്പെടുത്തിയാലും ദളിതുകളുടെ അവസ്ഥക്ക് യാതൊരു വിധ മുന്നേറ്റവും ഉണ്ടാകില്ല. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതുകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഓരോ 16 മിനുട്ടിലും നടക്കുന്നുണ്ട്. ഓരോ ദിവസവും നാലിലേറെ തൊട്ടുകൂടാത്ത സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ ആഴ്ചയിലും 13 ദളിതര്‍ കൊല്ലപ്പെടുകയും ആറ് ദളിതരെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു.

ഡല്‍ഹി കൂട്ട ബലാത്സംഗം നടന്ന 2012ല്‍ മാത്രം 1,574 ദളിത് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. അതേവര്‍ഷം 651 ദളിതര്‍ കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ, ഇതൊന്നും വാര്‍ത്തയാകുന്നില്ല. എന്നല്ല, സമൂഹത്തിനു മുന്നില്‍ കേവല ചര്‍ച്ചകളായി പോലും ഉയര്‍ന്നു വരുന്നില്ല എന്നത് ഖേദകരമാണ്. ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളെയും നയിക്കുന്നത് സവര്‍ണ പ്രഭുക്കളായത് കൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുന്നതില്‍ അവര്‍ക്കും വലിയ താത്പര്യങ്ങളൊന്നുമില്ല. കൂടാതെ, പ്രതികള്‍ക്ക് ഉന്നത അധികാരികളില്‍ നിന്ന് സര്‍വവിധ പിന്തുണയും ലഭിച്ചുകൊണ്ടിരിക്കുന്നു.

2006ല്‍ സി എസ് ഡി എസ് ന്യൂഡല്‍ഹിയിലെ മാധ്യമ പ്രമുഖരുടെ സാമൂഹിക അവസ്ഥയെപ്പറ്റി സര്‍വേ നടത്തിയിരുന്നു. സര്‍വേ പ്രകാരം ഇംഗ്ലീഷ് ഭാഷയിലുള്ള അച്ചടി മാധ്യമത്തില്‍ 90 ശതമാനവും ടെലിവിഷന്‍ ചാനലില്‍ 70 ശതമാനവും ഉയര്‍ന്ന ജാതിക്കാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ 49 ശതമാനവും ബ്രാഹ്‌മണന്മാരായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന മാധ്യമമായ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥര്‍ ബനിയ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ ഉടമസ്ഥതയിലാണ് ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്താ ചാനലായ ടൈംസ് നൗവും ഉള്‍പ്പെടുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥര്‍ മാര്‍വാടി ബനിയകളാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഗോയങ്കന്മാരുടേതും. 5.50 കോടി കോപ്പികള്‍ അച്ചടിക്കുന്ന ഇന്ത്യയിലെ ഏറ്റവും അധികം പ്രചാരമുള്ള ഹിന്ദി വര്‍ത്തമാന പത്രമായ ദൈനിക് ജാഗരണിന്റെ ഉടമസ്ഥര്‍ കാണ്‍പൂരില്‍ നിന്നുള്ള ബനിയ വിഭാഗക്കാരാണ്. ഗുജറാത്തി ബനിയ വിഭാഗക്കാരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ 27 പ്രമുഖ ദേശീയ, പ്രാദേശിക ടി വി ചാനലുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതൊക്കെ കൊണ്ട് തന്നെ മാധ്യമ ലോകവും തികഞ്ഞ പക്ഷപാതിത്വമാണ് സ്വീകരിച്ചു പോരുന്നത്.
ഡിജിറ്റല്‍ ഇന്ത്യയെന്ന് കൊട്ടിഘോഷിക്കുമ്പോഴും ഗ്രാമങ്ങളിലും ഊരുകളിലും ജാതിവിലക്കുകള്‍ ഭീകരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലും കാര്യമായ പങ്ക് ദളിതുകള്‍ക്കില്ല എന്ന് അരുന്ധതി റോയി ജാതി ഉന്മൂലനത്തിനെഴുതിയ അവതാരികയില്‍ സുവിസ്തരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ 20 ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ പോലും പട്ടിക ജാതിക്കാരനല്ല. ഡല്‍ഹിയിലെ മറ്റെല്ലാ ജുഡീഷ്യല്‍ പദവികളിലും കൂടി ദളിതരുടെ എണ്ണം വെറും 1.2 ശതമാനം മാത്രമേ വരൂ. ഗുജറാത്തില്‍ ഒരു ദളിത്, ആദിവാസി ജഡ്ജി പോലുമില്ല. സാമൂഹിക നീതി മുന്നേറ്റത്തിന്റെ പാരമ്പര്യമുള്ള തമിഴ്‌നാട്ടില്‍ 38 ഹൈക്കോടതി ജഡ്ജിമാരില്‍ നാല് പേര്‍ മാത്രമാണ് ദളിതര്‍. കേരളത്തിലും നാമമാത്ര പ്രാതിനിധ്യമേ ദളിതര്‍ക്കുള്ളൂ. മുന്‍ രാഷ്ട്രപതിയും ദളിതനുമായ കെ ആര്‍ നാരായണന്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനെ പരിഹാസ രൂപേണയാണ് പലരും എതിരേറ്റത്. കണക്കുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സന്ദേഹത്തിന് കാര്യമുണ്ട് താനും. 1990നും 2000നുമിടയിലെ വര്‍ഷങ്ങളില്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ 47 ശതമാനവും ബ്രാഹ്‌മണരായിരുന്നു. ഇതേ സമയത്ത്, ഹൈക്കോടതികളിലെയും കീഴ്‌കോടതികളിലെയും ജഡ്ജിമാരില്‍ 40 ശതമാനവും ബ്രാഹ്‌മണര്‍ ആയിരുന്നു. ഇന്നും കാര്യമായ മാറ്റങ്ങളില്ലാതെ ഇത്തരം അനീതികള്‍ മറയില്ലാതെ നടമാടിക്കൊണ്ടിരിക്കുകയാണ്.

ജാതിയെ ചൊല്ലി ഗാന്ധിയും അംബേദ്കറും നിരന്തരം സംവാദത്തിലേര്‍പ്പെട്ടു. ജാതി വിവേചനങ്ങളോട് താത്പര്യമില്ലെന്നും അതേ സമയം വര്‍ണങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നുമുള്ള മഹാത്മജിയുടെ നിലപാടിനെ അംബേദ്കര്‍ നിശിതമായി വിമര്‍ശിച്ചു. ബ്രാഹ്‌മണ്യം എന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ എല്ലാ ചേതനകളുടെയും ശരിയായ നിഷേധമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതു കൊണ്ട് തന്നെ ജാതിയെ ഉദ്‌ഘോഷിക്കുന്ന ഹിന്ദു മതം തന്നെ തെറ്റാണെന്ന തീര്‍പ്പിലേക്കാണ് അംബേദ്കറെത്തിയത്. ആര്യ സമാജവും ബ്രഹ്‌മ സമാജവും പരിഷ്‌കരണത്തിന്റെ കുപ്പായവുമണിഞ്ഞ് രംഗപ്രവേശനം നടത്തിയെങ്കിലും അവര്‍ക്കാര്‍ക്കും താഴ്ന്ന ജാതിക്കാരെക്കുറിച്ച് യാതൊരുവിധ സന്ദേഹവുമില്ലായിരുന്നു എന്ന് ബാബാ സാഹേബ് മനസ്സിലാക്കി. ഈയൊരു തിരിച്ചറിവില്‍ നിന്നാണ് ഭരണഘടനാപരമായി നിരവധി ആനുകൂല്യങ്ങള്‍ വിവേചനങ്ങള്‍ നേരിടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ദേശിച്ചത്. പക്ഷേ, സംവരണ നയങ്ങളില്‍ പോലും ഉന്നത ജാതിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന നയമാണ് നമ്മുടെ സര്‍ക്കാറുകള്‍ സ്വീകരിച്ചു പോരുന്നത് എന്നത് കൊണ്ട് തന്നെ, ദളിതുകളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ധാര്‍മിക സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest