Connect with us

Articles

പിന്നെയും ഗവര്‍ണര്‍

എന്താണ് ഗവര്‍ണറുടെ അജന്‍ഡ? അതില്‍ രാഷ്ട്രീയമുണ്ടോ? ഡല്‍ഹിയില്‍ അദ്ദേഹത്തെ നിയമിച്ചവര്‍ക്ക് വേണ്ടിയാണോ ഈ നീക്കങ്ങള്‍? പ്രതിസന്ധി ഒരിക്കല്‍ കൂടി ഒഴിഞ്ഞെങ്കിലും ചോദ്യങ്ങള്‍ ഉയരുകയാണ്.

Published

|

Last Updated

പിന്നെയും ഗവര്‍ണര്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ഇത്തവണ ശക്തമായ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറിനെ കൊണ്ടെത്തിച്ചത്. അവസാനം മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രപരമായ ഇടപെടല്‍. ഗവര്‍ണര്‍ ഒരിക്കല്‍ കൂടി സര്‍ക്കാറിന് വഴങ്ങി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വെച്ചതോടെ സര്‍ക്കാറിന് ആശ്വാസം. കടുത്ത അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങളൊക്കെ ഒഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭാ കവാടത്തില്‍ ആഘോഷത്തോടെ വരവേല്‍പ്പ്. ചുവപ്പ് പരവതാനി വിരിച്ച പാതയിലൂടെ നിയമസഭയിലേക്ക്. വരവേല്‍ക്കാനും സഭാ വേദിയിലേക്ക് ആനയിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം ബി രാജേഷും. പ്രതിപക്ഷം ബഹളം വെയ്ക്കവേ, ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചു തുടങ്ങി- “ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുവന്ദ്യരായ മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുവന്ദ്യരായ നിയമസഭാംഗങ്ങളേ, എന്റെ സര്‍ക്കാറിന്റെ കഴിഞ്ഞ കാലത്ത് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിച്ച കൊവിഡ് 19 മഹാമാരിയുടെ അനന്തര ഫലമായി പരീക്ഷണങ്ങളും കഷ്ടതകളും അഭിമുഖീകരിക്കുകയുണ്ടായി’. ഇതിനിടക്ക് പ്രതിപക്ഷ നേതാവ് എഴുന്നേറ്റപ്പോള്‍ ഗവര്‍ണര്‍ ക്ഷോഭിച്ചു. ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷനെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷം അടങ്ങിയില്ല. മുദ്രാവാക്യം വിളികളോടെ അവര്‍ ഇറങ്ങിപ്പോയി.

“എന്റെ സര്‍ക്കാറിന്റെ കഴിഞ്ഞ ഭരണകാലത്ത്’- ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കമിങ്ങനെ. അതേ ഗവര്‍ണര്‍ അങ്ങനെയാണ് സംസ്ഥാന സര്‍ക്കാറിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്. എപ്പോഴും ഗവര്‍ണര്‍ സര്‍ക്കാറിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്, എന്റെ സര്‍ക്കാര്‍ എന്ന്. ഭരണഘടന വ്യക്തമായി നിര്‍വചിക്കുന്ന ഒരു ബന്ധമാണത്. ഒരു സംസ്ഥാനത്തെ ഗവര്‍ണറും ആ സംസ്ഥാനത്തെ നിയമസഭയും തമ്മിലുള്ള ബന്ധം. ഭരണഘടനയുടെ 163ാം അനുഛേദപ്രകാരം മന്ത്രിസഭയുടെ തീരുമാനങ്ങളും ഉപദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. നയപരമായ കാര്യങ്ങളില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അതേപടി അംഗീകരിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. ഇത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ ഒരു വലിയ പ്രത്യേകതയാണ്. ഗവര്‍ണര്‍ സ്ഥാനം നിയമസഭക്കും സര്‍ക്കാറിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെല്ലാം ഉയരെയാണെങ്കിലും സര്‍ക്കാറിന്റെ ഇഷ്ടത്തിനും നിലപാടിനുമാണ് പ്രാധാന്യം എന്ന് ചുരുക്കം.

ജനാധിപത്യ വ്യവസ്ഥിതിക്കും ജനാധിപത്യ രീതികള്‍ക്കും അതിലെ സ്ഥാപനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിനാണ് സ്ഥാനം. ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും മന്ത്രിസഭക്കുമാണ് സ്ഥാനം. ഗവര്‍ണര്‍ക്ക് ഒരു പദവിയും സ്ഥാനവും ഭരണഘടന കല്‍പ്പിച്ചുവെച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതൊരു അലങ്കാര പദവിയായി തന്നെ നിലനിര്‍ത്താനും തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിന് പ്രാമുഖ്യം നല്‍കാനും ഭരണഘടന പ്രത്യേക നിര്‍ദേശം നല്‍കുന്നു. ഇത് വളരെ വ്യക്തമാണ് താനും.

നയപ്രഖ്യാപന പ്രസംഗം തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ അവകാശവും അധികാരവുമാണ്. ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലൂടെ ഒരു സര്‍ക്കാര്‍ അധികാരമേറ്റാല്‍ നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ ഗവര്‍ണര്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിച്ച് അംഗീകരിച്ച് നിയമസഭയില്‍ അവതരിപ്പിക്കണം. അത് അപ്പാടെ അംഗീകരിക്കാനും നിയമസഭയില്‍ വായിക്കാനും മാത്രമേ ഗവര്‍ണര്‍ക്ക് കഴിയൂ. അതില്‍ തിരുത്തല്‍ വരുത്താനോ വായിക്കാതിരിക്കാനോ ഗവര്‍ണര്‍ക്ക് സ്വാതന്ത്ര്യമില്ല. അക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിസമ്മതമോ അതൃപ്തിയോ താത്കാലികമായി പോലും പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. കാളീശ്വരം രാജ് ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു സംസ്ഥാന ഗവര്‍ണര്‍ക്ക് കാര്യമായ അധികാരങ്ങളൊന്നുമില്ലെന്ന് ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി ആര്‍ അംബേദ്കര്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളതും അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോള്‍ പിന്നെ ഗവര്‍ണര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതും കടുത്ത ഭരണഘടനാ പ്രതിസന്ധിയുടെ വക്കിലേക്ക് സര്‍ക്കാറിനെ എത്തിച്ചതുമെന്തിന്?

ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടക്കം മുതലേ സംസ്ഥാന സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി എപ്പോഴും നല്ല ബന്ധം പുലര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ ഗവര്‍ണറെ നേരിട്ട് കണ്ട് സംസാരിക്കാനും തര്‍ക്കം പരിഹരിക്കാനും മുഖ്യമന്ത്രിയും എപ്പോഴും ശ്രദ്ധിച്ചു. ഈ നല്ല ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഗവര്‍ണര്‍ പല വിഷയങ്ങളിലും ഇടപെട്ടു. തനിക്കാണ് മേല്‍ക്കൈ എന്ന മട്ടില്‍ പെരുമാറി.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2020 ജനുവരി 19ന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തോടുള്ള സര്‍ക്കാറിന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തീരെ പിടിച്ചില്ല. ഈ ഭാഗം ഉള്‍പ്പെട്ട ഖണ്ഡിക സഭയില്‍ വായിക്കില്ലെന്ന് അദ്ദേഹം തലേന്ന് സര്‍ക്കാറിനെ അറിയിച്ചു. സര്‍ക്കാര്‍ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും നിയമസഭ സമ്മേളിക്കുന്നത് വരെ ആശങ്ക തുടര്‍ന്നു. അവസാനം പ്രസംഗം മുഴുവന്‍ വായിച്ചതോടെയാണ് സര്‍ക്കാറിന്റെ ആശങ്കയൊഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ആ ഭാഗവും വായിക്കുകയാണെന്ന ആമുഖത്തോടെ ഗവര്‍ണര്‍ മുഴുവന്‍ പ്രസംഗവും വായിക്കുകയായിരുന്നു.

ഇത്തവണ അത് വലിയൊരു ഭരണഘടനാ പ്രതിസന്ധി വരെയെത്തി. ബി ജെ പി നേതാവായിരുന്ന ഹരി എസ് കര്‍ത്തയെ രാജ്ഭവനില്‍ നിയമിച്ചതിനെ ചൊല്ലി സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കം വളരുകയായിരുന്നു. രാജ്ഭവനില്‍ മുമ്പൊരിക്കലും രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട ഫയലില്‍ കുറിച്ചു. ഇത് നടക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം എഴുതി. മുഖ്യമന്ത്രിയുടെ ഈ വാചകങ്ങള്‍ ഉദ്ധരിച്ച് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നിയമനത്തിന് അനുമതി നല്‍കിക്കൊണ്ട് രാജ്ഭവനിലേക്ക് ഫയല്‍ അയച്ചു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഒരു ഉദ്യോഗസ്ഥന്‍ ഫയലില്‍ ഇങ്ങനെ എഴുതിയത് ഗവര്‍ണര്‍ക്ക് ഇഷ്ടമായില്ല. ഫയലില്‍ ഒപ്പ് വെക്കാതെ അദ്ദേഹം മുഖം തിരിച്ചിരുന്നു.

മന്ത്രിമാര്‍ സ്വന്തം സ്റ്റാഫംഗങ്ങളായി രാഷ്ട്രീയക്കാരെ നിയമിക്കുന്നതും രണ്ട് വര്‍ഷത്തെ ജോലിക്ക് ശേഷം അവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നതായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഇത്തരം നിയമനങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ തന്നെ രാജ്ഭവനില്‍ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിന്റെ അനൗചിത്യം സര്‍ക്കാറും ചൂണ്ടിക്കാട്ടി. നൂറുകണക്കിന് രാഷ്ട്രീയക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍, ഒരൊറ്റ നിയമനത്തിന്റെ പേരില്‍ തന്നെ എങ്ങനെ കുറ്റപ്പെടുത്തുമെന്നായി ഗവര്‍ണര്‍.

ഭരണഘടനാ പ്രതിസന്ധി ഉയര്‍ത്തിയത് ഗവര്‍ണറാണെങ്കിലും അത് അദ്ദേഹത്തിന്റെ തലക്ക് മുകളിലും ഒരു വാളായി തൂങ്ങുകയായി. കാരണം ഒരു സംശയത്തിനും ഇടനല്‍കാതെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ക്കും വ്യക്തമായറിയാം എന്നത് തന്നെ.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുന്ന കാര്യമേയില്ലെന്ന് തന്നെയാണ് വൈകിട്ട് ആറ് മണി കഴിയും വരെയും ഗവര്‍ണര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നത്. എന്തായാലും മുഖ്യമന്ത്രി ഇടപെട്ടു. പ്രതിസന്ധി ഉണ്ടാക്കി പുതിയ വിവാദത്തിന് വഴിമരുന്നിടുന്നതിനേക്കാള്‍ ഒത്തുതീര്‍പ്പിന് വീണ്ടും ശ്രമിക്കുക തന്നെയാണ് നല്ലതെന്ന നിലപാട് സി പി എം നേതൃത്വം കൈക്കൊള്ളുകയായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ കുറിച്ച് ഉത്തരവില്‍ പരാമര്‍ശിച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ തത് സ്ഥാനത്ത് നിന്ന് മാറ്റി പകരം ശാരദാ മുരളീധരനെ നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇതുസംബന്ധിച്ച പരാമര്‍ശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. ഈ വിവരം രാജ്ഭവനില്‍ എത്തിയതോടെ ഗവര്‍ണര്‍ അയഞ്ഞു. ഉടന്‍ തന്നെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. അപ്പോള്‍ സമയം വൈകിട്ട് ആറര കഴിഞ്ഞിരുന്നു. പിറ്റേന്ന് കാലത്ത് നിയമസഭാ കവാടത്തില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ എം ബി രാജേഷിന്റെയും നേതൃത്വത്തില്‍ സ്വീകരണം. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി പശ്ചാത്തലത്തില്‍. ഒരു പ്രതിസന്ധി കൂടി സര്‍ക്കാറിനെ വിട്ടുപോയിരിക്കുന്നു. ഇത്തവണ വലിയൊരു ഭരണഘടനാ പ്രതിസന്ധി. ഇത് സൃഷ്ടിച്ചത് ഗവര്‍ണര്‍. കുരുക്കഴിച്ച് പ്രതിസന്ധി തീര്‍ത്തതും ഗവര്‍ണര്‍.

എന്താണ് ഗവര്‍ണറുടെ അജന്‍ഡ? അതില്‍ രാഷ്ട്രീയമുണ്ടോ? ഡല്‍ഹിയില്‍ അദ്ദേഹത്തെ നിയമിച്ചവര്‍ക്ക് വേണ്ടിയാണോ ഈ നീക്കങ്ങള്‍? പ്രതിസന്ധി ഒരിക്കല്‍ കൂടി ഒഴിഞ്ഞെങ്കിലും ചോദ്യങ്ങള്‍ ഉയരുകയാണ്.

Latest