Articles
നിരോധനമുണ്ട്, എന്നിട്ടെന്ത് കാര്യം?
ഇന്ത്യയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആയിരക്കണക്കിന് മാനുവല്‍ തോട്ടിപ്പണിക്കാരെ വായുവില്ലാത്ത മരണ അറകളിലേക്ക് തള്ളിവിടുന്നു. ഭരണകൂട ഒത്താശയോടെ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അവരില്‍ പലരും. അതിനാല്‍ മരിച്ചുജീവിക്കുന്ന ഇവരെ ഈ തൊഴില്‍ തുടരാന്‍ അനുവദിക്കരുത്. അപമാനകരമായ ഈ തൊഴിലില്‍ നിന്ന് ഒരുപറ്റം മനുഷ്യരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടാകണം.
ഇന്ത്യയില്‍ അസ്പൃശ്യതയുടെ ഏറ്റവും വലിയ പീഡനം അനുഭവിക്കുന്ന വിഭാഗമാണ് തോട്ടിപ്പണിക്കാര്‍. 2013ല്‍ ‘മാനുവല്‍ തോട്ടിപ്പണി നിരോധന നിയമവും അവരുടെ പുനരധിവാസ നിയമവും’ എന്ന പേരില്‍ പാര്‍ലിമെന്റ് ഒരു നിയമം കൊണ്ടുവന്നു. മാനുവല്‍ തോട്ടിപ്പണി നിരോധിച്ചും അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കുറച്ച് തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയും പുറപ്പെടുവിച്ചതാണ് ഈ നിയമം. ഇതനുസരിച്ച്, ഒരു വ്യക്തി, പ്രാദേശിക അതോറിറ്റി, ഏജന്‍സി, അല്ലെങ്കില്‍ ഒരു കരാറുകാരന്‍ വൃത്തിഹീനമായ ശൗചാലയത്തിലോ തുറന്ന അഴുക്കുചാലിലോ കുഴിയിലോ റെയില്‍വേ ട്രാക്ക് പോലുള്ള സ്ഥലങ്ങളിലോ മനുഷ്യ വിസര്‍ജ്യമോ വൃത്തിഹീനമായ മറ്റു മാലിന്യമോ നീക്കം ചെയ്യുന്നതാണ് തോട്ടിപ്പണി (ഇന്ത്യാ ഗവണ്‍മെന്റ്, 2013). നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ തോട്ടിപ്പണി ഇപ്പോഴും രാജ്യത്തുണ്ട്. ഇന്നും സ്വജീവന്‍ പണയംവെച്ച് ഭരണകൂട ഒത്താശയോടെ തോട്ടിപ്പണി ചെയ്യാന്‍ ഒരുവിഭാഗം ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. 2014ല്‍ അധികാരത്തില്‍ കയറിയ മോദി സര്‍ക്കാര്‍ ആ വര്‍ഷത്തെ ഗാന്ധിജയന്തി ദിവസം കൊട്ടിഘോഷിച്ച് തുടങ്ങിയ ‘ശുചിത്വ ഭാരതം’ പദ്ധതി ഇത്തരം തോട്ടിപ്പണി ഉന്മൂലനം ചെയ്യാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. എന്നാല്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് ഒരു മാറ്റവുമുണ്ടാക്കാന്‍ ഈ പദ്ധതി കൊണ്ട് കഴിഞ്ഞിട്ടില്ല എന്നതാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് 53 ശതമാനം വീടുകള്‍ക്ക് ഇപ്പോഴും ശൗചാലയ സൗകര്യങ്ങളില്ലായെന്നും ഗ്രാമപ്രദേശങ്ങളില്‍ 70 ശതമാനം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയ സൗകര്യം ലഭ്യമല്ലെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം പേര്‍ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ വിസര്‍ജ്യങ്ങള്‍ സ്വകാര്യ ശൗചാലയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, പൊതുഇടങ്ങളിലും അത് വ്യാപിച്ചു കിടക്കുന്നുണ്ട്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് ആളുകള്‍ തുറന്ന പ്രദേശങ്ങളില്‍ ‘മലമൂത്ര വിസര്‍ജനം’ നടത്തുന്നു. പ്രതിദിനം 65,000 ടണ്‍ മനുഷ്യവിസര്‍ജ്യം രാജ്യത്തെ തെരുവോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമായി കുമിഞ്ഞുകൂടുന്നുവെന്ന് പഠനങ്ങള്‍ പറയുന്നുണ്ട് (ബിജു ഗോവിന്ദ്- 2024). ഇന്ത്യയിലെ വലിയ നഗരപ്രദേശങ്ങളില്‍ ഇന്ന് ഏകദേശം 1.2 ദശലക്ഷം ആളുകള്‍ തോട്ടിപ്പണി മേഖലയിലേക്കെത്താന്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ ട്രെയിന്‍ ടോയ്ലറ്റുകളും റെയില്‍വേ ട്രാക്കുകളും വൃത്തിയാക്കുന്നവര്‍ക്കും മാലിന്യ കൂമ്പാരങ്ങളും മലമൂത്ര വിസര്‍ജനം നടത്തുന്ന ഇടങ്ങളിലെ മലിനജല സംവിധാനങ്ങളും പൊതു ഇടങ്ങളിലെ ശൗചാലയങ്ങളും വൃത്തിയാക്കുന്നവര്‍ക്കും വിസര്‍ജ്യമാലിന്യം നേരിട്ട് കൈകാര്യം ചെയ്യേണ്ടിവരുന്നു. മാലിന്യ സംസ്‌കരണത്തില്‍ നടക്കുന്ന ഈ പരാജയങ്ങളാണ് ഇത്തരത്തിലുള്ള തോട്ടിപ്പണിയില്‍ അധഃസ്ഥിത വിഭാഗങ്ങളെ നിലനിര്‍ത്താന്‍ കാരണമാകുന്നത്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കിയ നമസ്തേ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച കണക്കുപ്രകാരം നഗരപ്രദേശങ്ങളിലെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന 38,000 തൊഴിലാളികളില്‍ 68.9 ശതമാനം പേരും പട്ടിക ജാതിക്കാരാണ്. 14.7 ശതമാനം ഒ ബി സി വിഭാഗക്കാരും 8.3 ശതമാനം പട്ടികവര്‍ഗക്കാരും. 29 സംസ്ഥാനങ്ങളിലെ 3,000 നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ‘നമസ്തേ’ പദ്ധതിയുടെ ഭാഗമായി 3,326 നഗര, തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 38,000 പേരുടെ വിവരം ശേഖരിച്ചു. 2021ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 4,800 നഗര, തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരം ജോലിയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു,
കേരളം, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കണക്കെടുപ്പ് പൂര്‍ത്തിയാക്കി. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കണക്കെടുപ്പ് നടക്കുകയാണ്. ഛത്തീസ്ഗഢ്, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല. തമിഴ്നാടും ഒഡിഷയും ഇത്തരം തൊഴിലാളികള്‍ക്കായി സ്വയം പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും പദ്ധതികളുടെ ഡാറ്റ കേന്ദ്രത്തിലേക്ക് റിപോര്‍ട്ട് ചെയ്യാറില്ല.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ മേഖലയിലെ 31,999 തൊഴിലാളികള്‍ സബ്സിഡി ലഭിക്കാന്‍ അര്‍ഹത നേടുമെന്ന് മന്ത്രാലയത്തിന്റെ വാര്‍ഷിക റിപോര്‍ട്ട് പറയുന്നു. ഇതര സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി 191 ഗുണഭോക്താക്കള്‍ക്കും അവരുടെ ആശ്രിതര്‍ക്കും 2.26 കോടി രൂപ മൂലധന സബ്സിഡിയും, 413 ശുചീകരണ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 10.6 കോടി രൂപ മൂലധന സബ്സിഡിയും ലഭിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടിലുണ്ട്. 2018 വരെ കണ്ടെത്തിയ തോട്ടിപ്പണിക്കാരില്‍ 58,098 പേര്‍ക്ക് ഒറ്റത്തവണയായി 40,000 രൂപ നല്‍കിയതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. അവരില്‍ 18,880 പേരെ ഇതര തൊഴിലുകളില്‍ നൈപുണി പരിശീലനത്തിന് തിരഞ്ഞെടുത്തു. മറ്റു ബിസിനസ്സുകള്‍ ആരംഭിക്കുന്നതിന് 2,051 പേര്‍ വായ്പയെടുത്തിട്ടുണ്ട്. പുനരധിവാസത്തിനുള്ള സ്വയം തൊഴില്‍ പദ്ധതി പ്രകാരം 2018 വരെ 58,098 തോട്ടിപ്പണിക്കാരെ സര്‍ക്കാര്‍ കണ്ടെത്തി. എന്നാല്‍ തോട്ടിപ്പണിയെക്കുറിച്ച് റിപോര്‍ട്ട് ചെയ്യുന്ന 6,500ലധികം പരാതികളില്‍ ഒന്ന് പോലും പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പട്ടികജാതിക്കാരായ തോട്ടിപ്പണിക്കാര്‍ ഇന്ത്യയില്‍ ഇത്രമാത്രം വര്‍ധിക്കാനും ഈ തൊഴിലില്‍ തന്നെ നിലനില്‍ക്കാനും കാരണമായത് ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന, മനുസ്മൃതിയില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയുടെ ഭാഗമായ ജാതിശ്രേണി തന്നെയാണ്. ജാതി പ്രകാരം ജനിച്ചപ്പോള്‍ തന്നെ അവരുടെ തൊഴില്‍ തീരുമാനിക്കപ്പെടുകയാണ്. പാരമ്പര്യമായി ലഭിച്ച തൊഴില്‍ എന്ന കാരണം പറഞ്ഞാണ് ബഹുഭൂരിപക്ഷവും ഈ തൊഴിലില്‍ ഏര്‍പ്പെടേണ്ടിവരുന്നത്. ദരിദ്രരും ഭൂരഹിതരും ദളിതരുമായ, തൊട്ടുകൂടാത്തവര്‍ എന്നറിയപ്പെടുന്ന ജാതികളില്‍ നിന്നുള്ളവരാണിവര്‍. ഉപജീവനത്തിന് തോട്ടിപ്പണി ചെയ്യണമെന്ന വ്യവസ്ഥ സാമൂഹികഘടന പ്രകാരം ജാതിയില്‍ നിന്നാണ് പ്രായോഗികമായി വിവര്‍ത്തനം ചെയ്യപ്പെടുന്നത്. തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നത് 2019ല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ തോട്ടിപ്പണിക്കാരില്‍ പകുതിയിലേറെ പേരും ഉത്തര്‍ പ്രദേശിലാണ്. അവിടുത്തെ തോട്ടിപ്പണിക്കാരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. സുരക്ഷാപ്രശ്നങ്ങള്‍ കാരണം സ്വച്ഛ് ഭാരത് മിഷന്‍ ശൗചാലയങ്ങള്‍ പോലും അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതെല്ലാം വൃത്തിയാക്കാന്‍ അവര്‍ വേണം. തോട്ടിപ്പണി ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും സെപ്റ്റിക് ടാങ്കും മറ്റും വൃത്തിയാക്കുന്നതിനിടെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും അപകടകരമായ രീതിയില്‍ വൃത്തിയാക്കിയതിനെത്തുടര്‍ന്ന് 2019-2023 കാലയളവിനുള്ളില്‍ രാജ്യത്തുടനീളം 377 പേരെങ്കിലും മരിച്ചതായി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വയം ജീവന്‍ അര്‍പ്പിച്ചേ ഓരോ മനുഷ്യനും ഓടയുടെ നരകതുല്യമായ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനാകുകയുള്ളൂ. നിരോധനമുണ്ടെങ്കിലും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ തോട്ടിപ്പണിപോലും ഇപ്പോഴും രാജ്യത്തുണ്ടെന്ന് വ്യക്തമാണ്. ലോകത്ത് പല വികസിത രാജ്യങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും വിസര്‍ജ്യങ്ങളും നീക്കാന്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യാ മാതൃകകള്‍ ധാരാളമുണ്ട്. ഓടകളുടെ ശുചീകരണത്തിനായി മിക്ക രാജ്യങ്ങളിലും റോബോട്ടിക് സംവിധാനങ്ങള്‍ വരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആയിരക്കണക്കിന് മാനുവല്‍ തോട്ടിപ്പണിക്കാരെ വായുവില്ലാത്ത മരണ അറകളിലേക്ക് തള്ളിവിടുന്നു. ഭരണകൂട ഒത്താശയോടെ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അവരില്‍ പലരും. അതിനാല്‍ മരിച്ചുജീവിക്കുന്ന ഇവരെ ഈ തൊഴില്‍ തുടരാന്‍ അനുവദിക്കരുത്. അപമാനകരമായ ഈ തൊഴിലില്‍ നിന്ന് ഒരുപറ്റം മനുഷ്യരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടാകണം. വ്യക്തിയുടെ ആദരവിനും മാന്യമായ ജീവിതത്തിനും സംരക്ഷണം നല്‍കുന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. അത് പാലിക്കപ്പെടണം. വികസിത രാജ്യങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങളും വിസര്‍ജ്യങ്ങളും നീക്കാന്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കുകയും ചെയ്യണം.