Connect with us

ആത്മായനം

മിണ്ടാപ്രാണികളോടുമുണ്ട് ബാധ്യതകൾ

നാൽക്കാലികളും ഇരുചിറകു വിടർത്തി പറക്കുന്ന പറവകളും നിങ്ങളെപ്പോലൊരു സമൂഹമാണേ (വി. ഖുർആൻ 6/38) എന്ന ഓർമപ്പെടുത്തലിൽ സാമൂഹിക ജീവിതത്തിൽ നമ്മൾ പരസ്പരം പങ്കിടുന്നതിന്റെ ഒരു വിഹിതത്തിൽ ആ ജീവികളെയും പരിഗണിക്കേണമേ എന്ന് ഉറക്കെ ഒരു ധ്വനിയില്ലേ? തീർച്ചയായും ഉണ്ട്, ജൈവ സന്തുലിതാവസ്ഥയെ നിലനിർത്തേണ്ട കടമ നമ്മളോരോരുത്തർക്കുമുണ്ട്. നമുക്ക് ചുറ്റുമുള്ളത് അലക്ഷ്യമായ സൃഷ്ട‌ിപ്പല്ല. മറിച്ച്, എല്ലാം മനുഷ്യന്റെ ജീവിതത്തിന് പ്രത്യക്ഷമായി / പരോക്ഷമായി ഉപകരിക്കുന്നവയാണ്.

Published

|

Last Updated

ഴിഞ്ഞുപോയൊരു ഗ്രീഷ്മ കാലം. പതിവില്ലാതെ അയലത്തെ കുട്ടികൾ ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളിൽ ശ്രദ്ധാപൂർവം തൂക്കി അതിലെല്ലാം വെള്ളം നിറച്ചു വെച്ചിരിക്കുന്നു. എവിടെ നിന്നോ പറന്നെത്തിയ പൂത്താംകീരി പക്ഷികൾ കൊതിയോടെ രണ്ട് മൂന്ന് കവിളിറക്കി ചിറകടിച്ചു. ആ ഹർഷാരവത്തിൽ അവരുടെ ഉള്ളിലൊരു കടൽ തിരയടിച്ചു… പദ്ധതി വിജയം കണ്ടതിന്റെ ആഘോഷം… നമ്മുടെ തണ്ണീർ കുമ്പിളിൽ കിളി വന്ന് കുടിച്ചെടോ എന്നാവേശ പങ്കിടൽ… ആ കൗതുകം എന്നെ നിന്ന നിൽപ്പിൽ നിർത്തി.
മുരുക്ക് പൂവുകൾ കത്തിയെരിയുന്ന മീനച്ചൂടിൽ കുഞ്ഞു പക്ഷികളുടെ ചിറക് കരിഞ്ഞ് പോവില്ലെ..? അവരുടെ ദാഹമാരു തീർക്കും..?

വീട്ടിലെത്തിയ ഞാൻ ആ പണി അപ്പടി കോപ്പിയടിച്ചു. നിർഭാഗ്യവശാൽ ഒരു അടക്കാ കുരുവി പോലും ഈ വഴിക്കു വന്നതെന്റെ ശ്രദ്ധയിൽ പെട്ടില്ല.കൂട്ടരേ.. നാൽക്കാലികളും ഇരുചിറകു വിടർത്തി പറക്കുന്ന പറവകളും നിങ്ങളെപ്പോലൊരു സമൂഹമാണേ (വി. ഖുർആൻ 6/38) എന്ന ഓർമപ്പെടുത്തലിൽ സാമൂഹിക ജീവിതത്തിൽ നമ്മൾ പരസ്പരം പങ്കിടുന്നതിന്റെ ഒരു വിഹിതത്തിൽ ആ ജീവികളെയും പരിഗണിക്കേണമേ എന്ന് ഉറക്കെ ഒരു ധ്വനിയില്ലേ?തീർച്ചയായും ഉണ്ട്, ജൈവ സന്തുലിതാവസ്ഥയെ നിലനിർത്തേണ്ട കടമ നമ്മളോരോരുത്തർക്കുമുണ്ട്.

നമുക്ക് ചുറ്റുമുള്ളത് അലക്ഷ്യമായ സൃഷ്ട‌ിപ്പല്ല. മറിച്ച്, എല്ലാം മനുഷ്യന്റെ ജീവിതത്തിന് പ്രത്യക്ഷമായി / പരോക്ഷമായി ഉപകരിക്കുന്നവയാണ്. വി. ഖുർആനിലെ 55/10, 2/29 തുടങ്ങിയ സൂക്തങ്ങൾ അതിനെ വ്യക്തമായവതരിപ്പിക്കുന്നുണ്ട്. ചുറ്റുപാടുകളിലേക്കും ജൈവ വൈവിധ്യങ്ങളിലേക്കും ഇടക്കിടെ ക്ഷണിക്കുന്ന ഖുർആൻ മനുഷ്യരെന്ന നിലയിൽ നാമോരുരുത്തരെയും ഏൽപ്പിച്ച പണിയെ ഓർമിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

“അന്തരീക്ഷത്തിൽ പറക്കുന്ന പക്ഷികൾക്കു നേരെ ദൃഷ്ടിയയക്കുന്നില്ലേ അവർ? അല്ലാഹു അല്ലാതെ ആരുമവരെ താങ്ങി നിർത്തുന്നില്ല. വിശ്വാസി വൃന്ദത്തിന് അതിൽ ദൃഷ്‌ടാന്തങ്ങളേറെയുണ്ട്.’ എന്ന സൂക്തം മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെയും ജീവിതക്രമങ്ങളെയും പോലെ തന്നെ ഇതര ജീവിവർഗങ്ങളെയും പരിഗണിക്കണമെന്ന ദൈവികാഹ്വാനമാണ്, അതേ പോലെ ഇസ്്ലാമിന്റെ ജന്തുലോകത്തോടുള്ള വീക്ഷണത്തിന്റെ ഗൗരവവും മഹത്വവും ബോധ്യപ്പെടുത്തുന്നുണ്ട്.കൂടാതെ മനുഷ്യർ പരസ്പ‌രം പാലിച്ചു പോരുന്ന സാമൂഹിക സുരക്ഷയെയും സാമൂഹിക വികാരങ്ങളെയും ഒരു അളവോളം ഇതര ജീവിവർഗങ്ങളിലേക്കും പകരണമെന്ന സന്ദേശവുമാണ് പങ്കിടുന്നത്.

മിണ്ടാപ്രാണികളുടെ കാര്യത്തിൽ വിചാരണ നേരിടേണ്ടി വരുമെന്ന ശക്തമായ താക്കീത് പ്രവാചക വചനങ്ങളിൽ വ്യക്തമാണ്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലുമുള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിക്കപ്പെട്ടതാണ്. ജീവജാലങ്ങൾക്ക് ആശയ വിനിമയം സാധ്യമല്ലാത്തതിനാൽ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത നമ്മുടെ ബാധ്യതയായാണ് ഇസ്്ലാമിക നിർദേശം (ഔനുൽ മഅബൂദ് 7/158) കാതു കൂർപ്പിച്ചു കേൾക്കുമെങ്കിൽ അബ്‌ദുല്ലാഹിബ്‌നു ജഅഫർ(റ) പറഞ്ഞ ഒരു സംഭവം പറയാം: നബി(സ) ഒരു അൻസാരിയുടെ തോട്ടത്തിൽ പ്രവേശിക്കാൻ ഇടയായി. നബിയെ കണ്ടപാടെ അവിടെയുണ്ടായിരുന്ന ഒട്ടകം കണ്ണീരൊലിപ്പിച്ച് ഞെരങ്ങാൻ തുടങ്ങി.

നബി തങ്ങൾ അതിന്റെ കണ്ണീർ തുടച്ച് സമാശ്വസിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥൻ? അൻസാരികളിൽ പെട്ട ഒരു യുവാവ് അവിടെയെത്തി. നബിയെ… ആ ഒട്ടകം എന്റെതാണ്…. ഉത്തരം കേട്ട നബി(സ) അദ്ദേഹത്തിന് താക്കീത് നൽകി: താങ്കളുടെ അധീനതയിലുള്ള ഈ മൃഗത്തിന്റ കാര്യത്തിൽ താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? താങ്കൾ അതിനെ പട്ടിണിക്കിട്ടതായും പണിയെടുപ്പിച്ച് തളർത്തിയതായും അതെന്നോട് പരാതിപ്പെട്ടിരിക്കുന്നു.

മക്കാവിജയ സമയത്ത് വഴിയരികിൽ ഒരു പട്ടി അത്ര സുരക്ഷിതമല്ലാത്ത വിധം പ്രസവിച്ച് കിടക്കുന്നത് കണ്ട് അനുചരന്മാരിലൊരാളെ കാവലേൽപ്പിച്ച ചരിത്രം എത്ര പ്രോജ്ജ്വലമാണ്. അവരെല്ലാവരും ജീവികളുടെ ക്ഷേമകാര്യങ്ങളിൽ അതീവ തത്പരരും വിചാരണയെ ഭയപ്പെട്ട് ബാധ്യത നിർവഹിക്കുന്നതിൽ അതി ജാഗ്രത പുലർത്തുന്നവരുമായിരുന്നു. ജീവവായുപോലെ ഉച്ഛ്വാസ- നിശ്വസനങ്ങളിൽ നബി(സ) പഠിപ്പിച്ച ചരിത്രമവർക്ക് തികട്ടിവരും. അതിങ്ങനെ; “ദാഹിച്ചു വലഞ്ഞ യുവാവ് അലഞ്ഞു തിരിഞ്ഞൊരു ഇടിഞ്ഞു പൊളിഞ്ഞ കിണറ്റിൻകരയിലെത്തുന്നു.

വെള്ളം കോരാൻ സംവിധാനങ്ങളില്ലാതെ വന്നപ്പോൾ പടവിറങ്ങി താഴെയെത്തി ദാഹം തീർക്കേണ്ടി വന്നു. ഏന്തി വലിഞ്ഞ് കയറിപ്പോകാനൊരുങ്ങുമ്പോൾ കിതച്ച് വിറച്ച് മണലു നക്കുന്ന ഒരു പാവം നായ. പാവം… ഈ വരൾച്ചയിൽ അതിനും ദാഹിക്കുന്നു. ഞാനുമിങ്ങനെ അലഞ്ഞു തിരിഞ്ഞതല്ലേ.. രണ്ടാമതൊന്ന് ചിന്തിക്കാതെ യുവാവ് കിണറ്റിന്റെ പടവിറങ്ങി. തന്റെ ഷൂവിൽ വെള്ളം ശേഖരിച്ച് ത്യാഗം സഹിച്ച് മേൽപ്പോട്ടു കയറി. വെള്ളം ആർത്തിയോടെ അകത്താക്കുന്ന ആ മിണ്ടാപ്രാണിയെ നോക്കി നെടുവീർപ്പിട്ടു. ചരിത്രം പറഞ്ഞു നിർത്തിയപ്പോൾ
സ്വഹാബികൾ ചോദിച്ചു: ” ഇവരുടെ കാര്യത്തിലും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!’

“പച്ചക്കരളുള്ള എല്ലാറ്റിലും നിങ്ങൾക്ക് പ്രതിഫലമുണ്ട്’ എന്നായിരുന്നു മറുപടി. തന്റെ ഭരണ പരിധിയിലെവിടെയും അന്നം കിട്ടാത്ത ഒരു ജീവിയുമുണ്ടാകരുതെന്ന ഉമർ (റ) ന്റെ കരുതൽ ഉറുമ്പുകൾക്ക് അയൽപക്ക പരിഗണനയോടെ ഭക്ഷണമൊരുക്കിയ അദിയ്യുബ്നു ഹാതിമിന്റെ(റ) ശീലം വസ്ത്രത്തിന്റെ കൈ ഭാഗത്ത് കിടന്നുറങ്ങിയ പൂച്ചയുടെ ഉറക്കമിളയ്ക്കേണ്ടെന്നു കരുതി ആ ഭാഗം മുറിച്ച് ബാക്കി ധരിച്ച് പോയ ശൈഖ് രിഫാഇ (ഖ: സി) യുടെ ചിട്ട അങ്ങനെയങ്ങനെ നിറഭേദങ്ങളുടെ അകമ്പടിയിൽ ചരിത്രം തുളച്ചെത്തുന്ന എത്ര സംഭവങ്ങൾ… നേരത്തെ പറഞ്ഞ യുവാവിന്റെ മുഴുവൻ ദോഷവും അല്ലാഹു പൊറുത്തുവെന്ന് തിരുനബി(സ). ഇസ്‌റാഈല്യരിലെ ഒരു വ്യഭിചാരി പെണ്ണിനും സമാനാനുഭവം ഉണ്ടായെന്ന് തിരുനബി (സ) പറഞ്ഞത് ഇമാം ബുഖാരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

തലപൊക്കി നിൽക്കുന്ന കാട്ടപ്പ ചെടിയുടെ കഴുത്തിൽ ചൊട്ടി തെറിപ്പിക്കുന്ന വിരുത്, ഭ്രൂണവളർച്ചയെത്താത്ത തളിരിനെ ഞ്ഞെരടി മാറ്റുന്ന രസം, എറിഞ്ഞ കല്ല് പട്ടിയുടെ മൂട്ടിനു കൊണ്ടാൽ കിട്ടുന്ന നിർവൃതി, എച്ചിൽ നോക്കി വന്ന കാക്കക്കൂട്ടത്തെ ആട്ടിപ്പറത്തിക്കുമ്പോഴുള്ള സമാധാനം, മച്ചിൻ പുറത്തെ മൂശിക/ മാർജാര കുടുംബത്തെ വെളിയിലാക്കി ലോക്കിടാനുള്ള തത്രപ്പാട്, ടെറസിൽ അടയിരിക്കുന്ന പ്രാവിനെ നാടുകടത്താനുള്ള തിടുക്കം, കെട്ടിയോൾക്കും മക്കൾക്കും തീറ്റയന്വേഷിച്ച് വന്ന ചേരയെ മണ്ണെണ്ണയൊഴിച്ച് പൊള്ളിക്കുമ്പോൾ കിട്ടുന്ന ആത്മ സുഖം, പുതുമഴ കൊണ്ടാടുന്ന മഴപ്പാറ്റകളെ ഒരു തളികവെള്ളത്തിൽ കൂട്ടക്കുരുതി നടത്തി ചെയ്ത ട്രിക്കിനെ പറ്റി പറയുമ്പോഴുള്ള ഹരം, ഉരുമ്പു കൂട്ടത്തെ വിഷച്ചോക്കിന്റെ വരകളിലിട്ട് ശ്വാസം മുട്ടിച്ച് പ്രാണനെടുക്കുന്നതിലെ നിസ്സാരവത്കരണം, എങ്ങോ പോകുന്ന ഉടുമ്പിന്റെ പിന്നാലെ കൂടി എറിഞ്ഞ് തീർക്കുന്ന കൈ മെരുക്കം.

എത്രയധി നിഷ്ഠൂരമാണ് ഈ വൈകാരികതകൾ?! കാളപ്പോരും കോഴിപ്പോരും വിനോദങ്ങളുടെ കൂട്ടത്തിലെണ്ണി ചിലർ ക്രൂരമായാഘോഷിക്കുന്നുണ്ടിപ്പോൾ. മിണ്ടാപ്രാണികളുടെ വേദനയും വിണ്ടുകീറിയ, മുറിവേറ്റ മനസ്സും കാണാനാകാത്ത വിധം അന്ധത ബാധിച്ചതാണ് ഇതിനൊക്കെ ഉത്തേജക മരുന്നിടുന്നത്.

ജാഹിലിയ്യ കാലത്ത് ആത്മീയതയുടെയും മോക്ഷത്തിന്റെയും പേരിൽ കഠിനമായ പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കും നേർച്ച മൃഗങ്ങൾ ഇരയാക്കപ്പെടാറുണ്ടായിരുന്നു. ഖുർആൻ അതിനെ ശക്തമായി അപലപിക്കുകയുമുണ്ടായി (സൂറ: അന്നിസാഅ 118-119 ശ്രദ്ധിക്കുക). മൃഗങ്ങളിൽ നിന്ന് അല്ലാഹു മനുഷ്യർക്ക് അനുവദിച്ചിട്ടുള്ള വാഹന സൗകര്യം, ഭക്ഷണം, കൃഷിയാവശ്യങ്ങൾ, സൗന്ദര്യ കാര്യങ്ങൾ എന്നിവയൊഴികെയുള്ളവക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് തെറ്റായതും പ്രകൃതിയെ തകർക്കുന്ന രീതിയുമാണെന്ന് ഇമാം ഖുർതുബി(റ) വിശദീകരിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെ സംരക്ഷണവും പ്രകൃതി സുരക്ഷയും കണക്കിലെടുത്ത് ചില നിർദേശങ്ങൾ ഹദീസിലുണ്ട്. നമുക്ക് വായിക്കാം.

  •  മരത്തിനു കല്ലെറിയരുത്, അതിന് വേദനിക്കും.
  •  തേനീച്ച, ഉറുമ്പ്, കുരുവി എന്നിവയെ കൊല്ലരുത്.
  • ജീവനുള്ളവയുടെ അവയവങ്ങൾ ഛേദിക്കരുത്. അറവ് നിർവഹിക്കുന്ന സമയത്ത് പോലും അതിന് മുമ്പായി ഇത്തരം ചെയ്തികൾ പാടില്ല.
  • ജീവികളെ ചാപ്പ കുത്തി ഉപദ്രവിക്കരുത്.
  •  അസ്ത്ര പ്രയോഗം, വെടിവെയ്പ്പ് എന്നിവയുടെ പരിശീലനത്തിനോ അല്ലാതെയോ ഒരു ജീവിയെയും പരീക്ഷണ വസ്തുവാക്കരുത്.
  •  അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കരുത് .
    ( അകാരണമായി വിനോദത്തിനോ അലക്ഷ്യമായോ കൊല്ലപ്പെട്ട ഒരു കുരുവി പരലോകത്ത് തന്റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കും (ബുഖാരി)
  •  ജീവികളെ അംഗഭംഗം വരുത്താവതല്ല. അത്തരം പ്രവൃത്തികൾ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താൻ കാരണമാകും.
  •  ഭാരം വഹിക്കുന്ന ജീവികൾക്ക് വഹിക്കാവുന്നതേ എൽപ്പിക്കാവൂ.
  • ജീവികളെ അതിന്റെ തള്ളയിൽ നിന്ന് അകറ്റരുത്.
  •  അവകളെ വംശനാശമുണ്ടാകും വിധം ഷണ്ഡീകരിക്കരുത്.

ഉമർ ബിൻ അബ്‌ദുൽ അസീസിന്റെ കാലത്ത് മൃഗങ്ങൾക്ക് വഹിക്കാവുന്ന ഭാരത്തിന്റെ പരിധി നിശ്ചയിച്ചു. ഉപദ്രവകരമായതും ഭാരമേറിയതുമായ ലാഡം / ജീനി ഉപയോഗിക്കുന്നതിനെ തടഞ്ഞു. മൃഗസംരക്ഷണ മേഖലകൾ (Animal husbandry Zone) സംവിധാനിച്ചു. അങ്ങനെ നീളുന്നു നമ്മെ തിരുത്തുന്ന ചരിത്രം.

ചുരുക്കത്തിൽ ജൈവവൈവിധ്യത്തെയും അതിന്റെ സന്തുലിതാവസ്ഥയെയും കാരുണ്യ മനോഭാവത്തെയും പ്രതികൂലമായി ബാധിക്കുന്നതെന്തും അനഭിലഷണീയമാണ്. അത്തരം ജീർണ സ്വഭാവങ്ങൾ നമുക്കിടയിൽ തങ്ങിനിൽക്കേണ്ടതില്ല, അത്തരം പരുക്കൻ ശീലങ്ങളെ പടിയിറക്കുക… ഞാനിതാ പോകുന്നു. പുതിയ രണ്ട് തണ്ണീർ കുമ്പിൾ കൂടി ഉണ്ടാക്കട്ടെ, അതിലൊരു കിളി വന്നു ദാഹം തീർക്കട്ടെ… അതിന് തസ്ബീഹ് ചെല്ലാനുള്ള ഊർജം കിട്ടട്ടെ.

Latest