Editorial
സ്റ്റാര്‍ലിങ്ക് ഇടപാടില്‍ ആശങ്കകളുണ്ട്
തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് എന്നതുകൊണ്ട് മസ്‌കിനും ട്രംപിനും മുമ്പില്‍ കീഴടങ്ങാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെങ്കില്‍ അത് തുറന്നുകാണിച്ചേ തീരൂ.

ഇന്ത്യയില്‍ അതിവേഗ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനരംഗത്തേക്ക് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കടന്നുവരികയാണ്. ടെസ്‌ല, സ്‌പേസ് എക്‌സ്, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് തുടങ്ങിയവയുടെ ഉടമയും ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസിലെത്തിയപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലാം സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ പ്രവേശം ഉറപ്പാക്കാനായിരുന്നു. കേബിള്‍ ബ്രോഡ്ബാന്‍ഡോ 2ജി കണക്്ഷനോ ഒന്നുമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും.
രാജ്യത്തെ വിവരവിനിമയ രംഗത്തേക്ക് സ്റ്റാര്‍ലിങ്കിനെ ആനയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ഉയര്‍ത്തിയ അതിശക്തമായ എതിര്‍പ്പില്‍ ഇന്ത്യന്‍ ആകാശത്തേക്ക് കടന്നുവരാനുള്ള നീക്കം മന്ദഗതിയിലാകുകയായിരുന്നു. ലേലമില്ലാതെ സ്‌പെക്ട്രം നല്‍കാനുള്ള കേന്ദ്ര തീരുമാനം സ്റ്റാര്‍ലിങ്കിന് വഴിയൊരുക്കാനായിരുന്നുവെന്ന് ആരോപിച്ചത് രാജ്യത്തെ ഏറ്റവും ശക്തരായ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെലും ജിയോയുമായിരുന്നു. ടവറുകളായും കേബിളുകളായും സ്‌പെക്ട്രമായും വന്‍ സംവിധാനം ഒരുക്കി വിപണിയില്‍ വമ്പന്‍ മുതല്‍മുടക്ക് നടത്തിയ ഈ കമ്പനികളുടെ എതിര്‍പ്പ് മാറ്റാതെ സ്റ്റാര്‍ലിങ്കിനെ കൊണ്ടുവരാനാകുമായിരുന്നില്ല. പൊടുന്നനെ ഈ കമ്പനികള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇവര്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു.
കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ്്വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നത്. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍. ചെറിയ ഡിഷ് ആന്റിനയും റിസീവറുമുണ്ടെങ്കില്‍ എവിടെ നിന്നും നെറ്റില്‍ കയറാം. 550 കിലോമീറ്ററിന് മുകളില്‍ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) നിലയുറപ്പിച്ച ഉപഗ്രഹ സഞ്ചയമാണ് ഡാറ്റാ സിഗ്നലുകള്‍ ഭൂമിയിലേക്ക് വിടുന്നത്. സ്റ്റാര്‍ലിങ്കിനു വേണ്ടി സ്‌പേസ് എക്‌സ് കമ്പനി 7,000 സാറ്റലൈറ്റുകള്‍ ഇതിനകം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റ് ലഭ്യതയില്‍ വേഗം, വ്യാപ്തി, ഇടതടവില്ലാത്ത ലഭ്യത, പരിമിതമായ സ്വീകരണ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം സ്റ്റാര്‍ലിങ്ക് നൂതനമായ കുതിച്ചു ചാട്ടം തന്നെയാണ്.
എന്നാല്‍ ഇന്ത്യന്‍ വിവരവിനിമയ രംഗത്ത് സ്റ്റാര്‍ലിങ്ക് ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഉയരുന്ന ആശങ്കകള്‍ ചില്ലറയല്ല. ഒന്നാമത്തെ പ്രശ്‌നം ആശ്രിതത്വം തന്നെയാണ്. അതിവേഗ ഇന്റര്‍നെറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തിനായി അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയുമായി കൈകോര്‍ക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ് മേഖലയില്‍ ആധിപത്യം സൃഷ്ടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. തദ്ദേശീയമായ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നു. കോണ്‍ഗ്രസ്സ് നേതാവ് ജയ്‌റാം രമേശ് ചോദിച്ച ചില ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്റ്റാര്‍ലിങ്കിനോടുള്ള എതിര്‍പ്പ് ആവിയായിപ്പോയത്? സ്‌പെക്ട്രം ലേലം ചെയ്യാതെ നല്‍കാന്‍ തീരുമാനമെടുത്തത് എന്തിനാണ്? അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദിക്കുള്ള ഊഷ്മള ബന്ധത്തിന്റെ ഭാഗമല്ലേ ഈ കൈകോര്‍ക്കലും?
സ്‌പെക്ട്രം അനുവദിക്കുന്നതിലെ സുതാര്യത നഷ്ടപ്പെടുത്തി അതിലേക്ക് ബഹുരാഷ്ട്ര കമ്പനികളെ അനായാസം കടത്തിവിടുകയെന്ന പ്രശ്‌നം സ്റ്റാര്‍ലിങ്ക് ഇടപാടിലുണ്ട്. ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കാവൂ എന്ന സുപ്രീം കോടതി വിധിയാണ് അട്ടിമറിക്കുന്നത്. സ്‌പെക്ട്രം മാത്രമല്ല രാജ്യത്തിന്റെ ഓര്‍ബിറ്റല്‍ സ്ലോട്ടുകളും അമേരിക്കന്‍ കമ്പനിക്ക് കൈയടക്കാനുള്ള സാഹചര്യം ഒരുങ്ങും. രാജ്യ സുരക്ഷയെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ചോദ്യങ്ങളുമുണ്ട്. യുക്രൈനിലെ യുദ്ധമുഖത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനം ആ രാജ്യത്തിന് നിര്‍ണായക മുന്നേറ്റമുണ്ടാക്കിയിരുന്നു. പ്രതിരോധ മേഖലയിലെ പ്രധാന സാന്നിധ്യമായി സ്റ്റാര്‍ലിങ്ക് മാറി. എന്നാല്‍ യു എസുമായി ധാതു കരാറിന് യുക്രൈന്‍ പ്രസിഡന്റ് വൊളോദമീര്‍ സെലന്‍സ്‌കി വിമുഖത കാണിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക് ഭീഷണിയുമായി രംഗത്തെത്തി. ട്രംപിന് കീഴൊതുങ്ങിയില്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് സേവനം റദ്ദാക്കുമെന്നായിരുന്നു ഭീഷണി. ഒടുവില്‍ സെലന്‍സ്‌കി മസ്‌കിന്റെ ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നോര്‍ക്കണം. ആരാന്റെ കൈ തലക്ക് വെച്ച് കിടന്നാല്‍ ഇങ്ങനെയിരിക്കും.
അത്യാവശ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവെക്കണമെങ്കില്‍ സ്റ്റാര്‍ലിങ്കിന്റെ കരുണക്ക് കാത്തുനില്‍ക്കേണ്ടി വരും. ഇനി ഒരു ഘട്ടത്തില്‍ ഈ കമ്പനി തങ്ങളുടെ സേവനം പൊടുന്നനെ പിന്‍വലിച്ചാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ കണ്‍ട്രോള്‍ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി സൂചനയുണ്ട്. ഓണ്‍/ ഓഫ് സംവിധാനത്തിനായി യു എസിലെ സ്റ്റാര്‍ലിങ്ക് ആസ്ഥാനവുമായി ബന്ധപ്പെടുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അപകടം മണത്തുള്ള മുന്‍കരുതലാണിത്.
ഏതായാലും അങ്ങേയറ്റം കരുതലോടെ നീങ്ങേണ്ട വിഷയമാണിത്. തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് എന്നതുകൊണ്ട് മസ്‌കിനും ട്രംപിനും മുമ്പില്‍ കീഴടങ്ങാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെങ്കില്‍ അത് തുറന്നുകാണിച്ചേ തീരൂ. ടെലികോം നെറ്റ്‌വര്‍ക്കുകളിലെ പോലെ നിയമപരമായ നിരീക്ഷണം, കോള്‍ ചോര്‍ത്തല്‍ (ഇന്റര്‍സെപ്ഷന്‍) തുടങ്ങിയവക്ക് വ്യവസ്ഥകള്‍ വരണം. ഇന്ത്യന്‍ കമ്പനികളുമായി ഉണ്ടാക്കുന്ന സ്റ്റാര്‍ലിങ്ക് കരാര്‍ ഹ്രസ്വ കാലത്തേക്കായിരിക്കണം. കൂടുതല്‍ കടുത്ത നിബന്ധനകള്‍ വെക്കണം. ലോ എര്‍ത്ത് ഓര്‍ബിറ്റ് സ്ലോട്ടിലെ നല്ല പങ്കും മസ്‌ക് കൈയടക്കി കഴിഞ്ഞു. ചൈനയും ഇന്ത്യയുമൊക്കെ കാഴ്ചക്കാരായി നിന്ന് ഉപഗ്രഹങ്ങള്‍ അയക്കാതിരുന്നാല്‍ മാരകമായ കുത്തകയായി സ്റ്റാര്‍ലിങ്ക് മാറും.