Connect with us

Siraj Article

ഉത്തരങ്ങളില്ല; ആരുടെയും കൈയില്‍

മനുഷ്യന്‍ തോറ്റു മടങ്ങില്ല. ഇതാ, വിമാന നഷ്ടത്തിന്റെ പത്താം വര്‍ഷത്തില്‍ ആ ദുരൂഹതയിലേക്ക് ഒരിക്കല്‍ കൂടി ഊളിയിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തിരച്ചിലിനുള്ള പുതിയ പ്രൊപ്പോസല്‍ മുന്നോട്ട് വെച്ചിരിക്കുന്നത് ഓഷ്യന്‍ ഇന്‍ഫിനിറ്റി തന്നെയാണ്.

Published

|

Last Updated

2014 മാര്‍ച്ച് എട്ടിന് ഉത്തരങ്ങളില്ലാത്ത ദുരൂഹതയിലേക്ക് പറന്നു പോയ മലേഷ്യന്‍ വിമാനം എം എച്ച് 370 പത്ത് വര്‍ഷത്തിനിപ്പുറവും മനുഷ്യന്‍ ആര്‍ജിച്ച സാങ്കേതിക വികാസങ്ങളുടെ അഹംഭാവങ്ങള്‍ക്ക് നേരേ പുതിയ ചോദ്യങ്ങളുയര്‍ത്തി നിശ്ചയമില്ലായ്മയുടെ ഇരുട്ടില്‍ തുടരുകയാണ്. എങ്ങനെയാണ് വിമാനം തകര്‍ന്നത്? എന്തായിരുന്നു പ്രശ്‌നം? തകര്‍ന്നത് തന്നെയാണോ? അതോ തട്ടിക്കൊണ്ടുപോയോ? ലോകത്തെ ഏതോ കോണില്‍ ആ വിമാനമുണ്ടോ? അതിലെ മനുഷ്യര്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടാകുമോ? കിട്ടിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ ക്വാലാലംപൂരില്‍ നിന്ന് പറന്ന ബോയിംഗ് 777ന്റേത് തന്നെയാണോ? ചോദ്യങ്ങള്‍ മാത്രമേയുള്ളൂ. ഖണ്ഡിതമായ ഉത്തരങ്ങളില്ല. ഊഹങ്ങളും സിദ്ധാന്തങ്ങളും മാത്രമേയുള്ളൂ. ഉറ്റവര്‍ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വേദനിക്കുന്ന ബന്ധുക്കള്‍ക്ക് നല്‍കാന്‍ വിശ്വാസ്യയോഗ്യമായ ഒരു വാചകം പോലുമില്ല ആരുടെയും കൈയില്‍- ഈ ദശവാര്‍ഷികത്തിലും.

ആ ശനിയാഴ്ച 1.30നാണ് ജീവനക്കാരടക്കം 239 പേരെയുമായി എം എച്ച് ബോയിംഗ് 777 എന്ന മലേഷ്യന്‍ വിമാനം കാണാതാകുന്നത്. കടലില്‍ വീണുവെന്ന നിഗമനത്തില്‍ എത്താന്‍ എളുപ്പമായിരുന്നു. വിമാനത്തകര്‍ച്ചക്കുള്ള പരമ്പരാഗതമായ കാരണങ്ങളൊന്നും മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പറന്ന വിമാനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതായിരുന്നില്ല. തെളിഞ്ഞ കാലാവസ്ഥ. മൂന്ന് പതിറ്റാണ്ട് പരിചയമുള്ള മലേഷ്യന്‍ പൈലറ്റ് സഹരി ഷാ. അത്രത്തോളമില്ലെങ്കിലും പരിചയ സമ്പന്നന്‍ തന്നെയായിരുന്നു കോ പൈലറ്റും. റോള്‍സ് റോയ്സിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബോയിംഗ് എന്‍ജിന്‍. സാങ്കേതികമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള യാത്ര. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അവസാനം ലഭിച്ച സന്ദേശത്തിലും എല്ലാം ഭദ്രം എന്നു തന്നെയാണ് പറയുന്നത്. പറന്നുയര്‍ന്ന് 38ാം മിനുട്ടിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയമുണ്ടായത്.

വിയറ്റ്നാം സമുദ്രാതിര്‍ത്തിയില്‍ വെച്ച് ബന്ധം നഷ്ടപ്പെട്ടു. അവിടെ തകര്‍ന്നു വീണുവെന്ന് ഉറപ്പിച്ചു പറയാന്‍ വിദഗ്ധര്‍ തയ്യാറല്ല. അവിടെ നിന്ന് പിന്നെയും പറന്നുവെന്ന് അമേരിക്കയില്‍ നിന്നുള്ള ഒരു സംഘം വ്യക്തമാക്കിയിരുന്നു. വിമാനം കാണാതായ ശേഷം നാല് മണിക്കൂര്‍ നേരത്തേക്ക് എന്‍ജിന്‍ നിര്‍മാതാക്കള്‍ക്ക് എന്‍ജിനില്‍ ഘടിപ്പിച്ച സെന്‍സറില്‍ നിന്ന് വിവരം ലഭിച്ചു കൊണ്ടിരുന്നുവെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപോര്‍ട്ട്. സിഗ്നല്‍ നഷ്ടപ്പെട്ട ശേഷം വിമാനം മണിക്കൂറുകളോളം പറന്നുവെന്നും ഇന്ധനം തീര്‍ന്ന് കടലില്‍ പതിച്ചുവെന്നുമാണ് അന്നും ഇന്നും ഏറെക്കുറെ സ്വീകാര്യതയുള്ള വിശദീകരണം.

എവിടെയാണ് വിമാനം വീണതെന്ന കാര്യത്തില്‍ കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് ബഹുരാഷ്ട്ര വിദഗ്ധര്‍ പലവുരു നടത്തിയ തിരച്ചിലില്‍ യോജിച്ച തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. ദക്ഷിണ ചൈനാ കടലായിരുന്നു ആദ്യ നിഗമനങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നെ അത് മലാക്കാ കടലിടുക്കിലേക്ക് നീങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ അവിടെയായിരുന്നു ആദ്യ ഘട്ടത്തില്‍ തിരച്ചില്‍ യജ്ഞങ്ങള്‍ കേന്ദ്രീകരിച്ചത്. പിന്നെ അത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാറി. തിരച്ചില്‍ ചെന്നൈ തീരത്തേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. അവസാനമായി റഡാറില്‍ പതിഞ്ഞ വിമാനത്തിന്റെ ദൃശ്യം മുഖവിലക്കെടുത്ത് മലേഷ്യന്‍ വിദഗ്ധര്‍ തന്നെയാണ് തിരച്ചില്‍ ചെന്നൈ തീരത്തേക്ക് വ്യാപിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ബോയിംഗ് 777ന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. ആള്‍പ്പാര്‍പ്പില്ലാത്ത ഏതോ ദ്വീപില്‍ വിമാനം തകര്‍ന്നു വീണിരിക്കാമെന്ന ഒരു നിഗമനവും ഇടക്ക് വന്നു. പടിഞ്ഞാറന്‍ ഇന്ത്യന്‍ സമുദ്രത്തിലെ റീയുനിയന്‍ ദ്വീപിന്റെ തീരത്ത് നിന്ന് വിമാനച്ചിറകിന്റേതെന്ന് കരുതുന്ന ഭാഗം കണ്ടെത്തിയിരുന്നു. കിഴക്കനാഫ്രിക്കന്‍ തീരത്ത് നിന്നും അത്തരമൊന്ന് കണ്ടെത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു. 2015ലെ ആ കണ്ടെത്തലുകള്‍ പോലും എതിര്‍വാദങ്ങളില്ലാതെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

2018ല്‍ പുറത്തുവിട്ട ഔദ്യോഗിക റിപോര്‍ട്ടില്‍ പറയുന്നത് വിമാനത്തകര്‍ച്ച യന്ത്രത്തകരാര്‍ കൊണ്ടോ കാലാവസ്ഥാ പ്രശ്‌നം കൊണ്ടോ ആയിരിക്കില്ല എന്നാണ്. ഒരു വ്യക്തി ട്രാന്‍സ്പോണ്ടറുകള്‍ ഓഫാക്കി വിമാനം തിരിച്ചുവിട്ടിട്ടുണ്ട്. അതാരാണ്? പൈലറ്റിലേക്കാണ് സംശയത്തിന്റെ മുന നീണ്ടത്. എന്നാല്‍ തീര്‍ത്തു പറയാന്‍ ആ റിപോര്‍ട്ടും തയ്യാറായില്ല. അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഉത്തരം പൂര്‍ണമാകൂവെന്നാണ് എം എച്ച് 370 സുരക്ഷാ സംഘത്തലവന്‍ കോക് സൂ ചോന്‍ പറഞ്ഞത്. കൃത്യമായ ഉത്തരങ്ങള്‍ പറയാന്‍ അന്വേഷണ സംഘത്തിന് സാധിക്കാത്തത് കൊണ്ട് തന്നെ തുടക്കം മുതലേ ഉയര്‍ന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്.

ആഗോള പ്രസിദ്ധരായ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ ഓരോ തിയറികള്‍ മുന്നോട്ടുവെക്കും. പിന്നെ അവര്‍ തന്നെ റദ്ദാക്കും. ആദ്യം പറഞ്ഞത് യന്ത്രത്തകരാറാണ് എന്നായിരുന്നു. ചൈനീസ് ഉപഗ്രഹത്തില്‍ പതിഞ്ഞുവെന്ന് പറയുന്ന അവശിഷ്ടത്തെ ചുറ്റിപ്പറ്റിയായിരുന്നു ഈ നിഗമനം. ഈ അവശിഷ്ടങ്ങള്‍ വിമാനം നിര്‍ദിഷ്ട സഞ്ചാരപാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതിനാല്‍ പൈലറ്റിന്റെ പിഴവോ മറ്റെന്തെങ്കിലും മാനുഷിക ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് തീര്‍പ്പിലെത്തി. യു എസ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ ഗോള്‍സ് ആണ് ഈ സിദ്ധാന്തം ശക്തമായി മുന്നോട്ട് വെച്ചത്. എന്നാല്‍ അമേരിക്കയുടെ തന്നെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ മുന്‍ ഡയറക്ടര്‍ സ്റ്റീവന്‍ വാലസ്, ഗോള്‍സിനെ റദ്ദാക്കി. ചൈന കണ്ടെത്തിയെന്ന് പറയുന്ന ഒഴുകി നടക്കുന്ന വസ്തു വിമാന അവശിഷ്ടമാകാന്‍ ഒരു വഴിയുമില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. അത് പായല്‍ പോലെ എന്തോ ആണെന്ന് മലേഷ്യന്‍ അധികൃതരും പറഞ്ഞു. ഒടുവില്‍ ചൈന തന്നെ തെറ്റ് സമ്മതിച്ചു. യന്ത്രത്തകരാര്‍ സിദ്ധാന്തത്തെ നിലനിര്‍ത്തിയിരുന്ന അടിസ്ഥാന വാദം തന്നെ അതോടെ പൊളിഞ്ഞു.

റാഞ്ചല്‍ സിദ്ധാന്തത്തിനാണ് പിന്നെ മേല്‍ക്കൈ ലഭിച്ചത്. വിമാനത്തിനകത്തും പുറത്തുമുള്ള ഉപഗ്രഹങ്ങള്‍, റഡാറുകള്‍, സെന്‍സറുകള്‍, മറ്റു അത്യന്താധുനിക സംവിധാനങ്ങള്‍ എന്നിവക്കൊന്നും പിടിതരാതെ വിമാനം അപ്രത്യക്ഷമായെങ്കില്‍ അതിനര്‍ഥം അങ്ങേയറ്റം വിദഗ്ധനായ ഒരു മനുഷ്യന്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന നിഗമനം സ്വാഭാവികമാണല്ലോ. വിമാനം പറത്തലില്‍ വൈദഗ്ധ്യമുള്ള ഒരു സംഘമാളുകള്‍ നിയന്ത്രണമേറ്റെടുത്തിരിക്കാമെന്നും അവര്‍ നിശ്ചിത സഞ്ചാരപഥത്തില്‍ നിന്ന് മാറ്റിവിട്ടിരിക്കാമെന്നും ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ വാദിച്ചു. മാത്രമല്ല, സന്ദേശ വിനിമയ സംവിധാനങ്ങളെല്ലാം തകര്‍ത്തിട്ടുമുണ്ടാകാം. അങ്ങനെയാണെങ്കില്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലേക്ക് വഴി തിരിച്ചു കൊണ്ടുപോയിരിക്കാം. മോഷ്ടിച്ച പാസ്സ്പോര്‍ട്ടുമായി വിമാനത്തില്‍ കയറിയെന്ന് പറയപ്പെടുന്ന ഇറാനികളിലേക്ക് സംശയം തിരിച്ചു വിടാനുള്ള ശ്രമവും നടന്നു. ഇന്റര്‍പോള്‍ തുടക്കത്തിലേ പരിശോധിച്ച് തള്ളിക്കളഞ്ഞ വാദഗതിയാണ് ഇത്. അവര്‍ അഭയാര്‍ഥികളാണെന്നും തീവ്രവാദം ആരോപിക്കാവുന്ന ഒരു തെളിവുമില്ലെന്നും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ തലനാരിഴകീറി പരിശോധിച്ച് തീര്‍പ്പിലെത്തിയതോടെ അതിന്റെ കാറ്റും പോയി. സംശയം പൈലറ്റുമാരിലേക്ക് തന്നെ തിരിച്ചു വിടാനും ശ്രമം നടന്നു. സഹ പൈലറ്റിന്റേതെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പ്രചരിച്ചു. അദ്ദേഹം തന്റെ പെണ്‍സുഹൃത്തുമായി കോക്പിറ്റില്‍ സല്ലപിക്കുന്നതാണ് ദൃശ്യം. 2011ലേതെന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന്റെ ആധികാരികത തെളിയിക്കപ്പെട്ടില്ല. ആ ചിത്രം ഉണ്ടെന്ന് വെച്ച് അദ്ദേഹം എം എച്ച് 370ന്റെ തകര്‍ച്ചക്ക് എങ്ങനെ കാരണമാകുമെന്ന ചോദ്യമുയര്‍ന്നതോടെ ആ വിവാദവും അടങ്ങി. പ്രധാന പൈലറ്റിന്റെ പേരിലും കഥകള്‍ നിറഞ്ഞിരുന്നു. ബോംബ് സ്ഫോടനം എന്ന ഒരു നിഗമനവും അന്തരീക്ഷത്തിലുണ്ടായിരുന്നു. പക്ഷേ സ്ഫോടനത്തിന്റെ ദ്യുതി ഉപഗ്രഹങ്ങളില്‍ പതിയാതെ ഇത് സാധ്യമല്ലെന്ന മറുപടി ശാസ്ത്ര ലോകം നല്‍കി.

വിമാനം കാണാതായതിന് തൊട്ടുപിന്നാലെ, മലേഷ്യ രണ്ട് ഡസനിലധികം രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള തിരച്ചില്‍ സംഘത്തെയാണ് ദൗത്യമേല്‍പ്പിച്ചത്. പ്രാരംഭ ശ്രമങ്ങള്‍ ദക്ഷിണ ചൈനാ കടലിലും ആന്‍ഡമാന്‍ കടലിലും കേന്ദ്രീകരിച്ചെങ്കിലും സൈനിക റഡാര്‍ കണ്ടെത്തലുകള്‍ പുറത്തുവന്നപ്പോള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2014 മാര്‍ച്ച് 12ന് ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ഇന്‍മാര്‍സാറ്റ് അതിന്റെ ഉപഗ്രഹവും 777ഉം തമ്മിലുള്ള ഓട്ടോമേറ്റഡ് കണക‌്ഷനുകള്‍ പങ്കിട്ടു. അതോടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ കേന്ദ്രീകരിച്ചു. ആകാശ നിരീക്ഷണത്തിന്റെ ഭാഗമായി 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ കവര്‍ ചെയ്തു. ആസ്ത്രേലിയയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര ശ്രമം ഒന്നും കണ്ടെത്താനാകാതെ ആറാഴ്ചക്ക് ശേഷം അവസാനിച്ചു. തുടര്‍ന്ന് ശ്രദ്ധ തിരിഞ്ഞത് തീരത്ത് നിന്ന് 2,800 കിലോമീറ്റര്‍ അകലെയുള്ള വാസയോഗ്യമല്ലാത്ത സീ ബെഡിലേക്കായിരുന്നു. അതിനിടെ, തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ വെല്ലുവിളികള്‍ വര്‍ധിപ്പിച്ചു. 2017ല്‍ ശ്രമം നിര്‍ത്തി വെക്കേണ്ടി വന്നു. 19ാം നൂറ്റാണ്ടില്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതൊഴിച്ചാല്‍ ഒന്നും നേടാന്‍ ഈ തിരച്ചിലുകള്‍ക്ക് സാധിച്ചില്ല. പിന്നെ യു എസ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ ഊഴമായിരുന്നു. “കണ്ടെത്തിയില്ലെങ്കില്‍ ഫീസ് വേണ്ട’ എന്നായിരുന്നു അവരുടെ നയം.

ആദ്യം വടക്കോട്ട് 1,12,000 ചതുരശ്ര കിലോമീറ്റര്‍ അവര്‍ തിരഞ്ഞു. ഫലം നിരാശ. മനുഷ്യന്‍ തോറ്റു മടങ്ങില്ല. ഇതാ, വിമാന നഷ്ടത്തിന്റെ പത്താം വര്‍ഷത്തില്‍ ആ ദുരൂഹതയിലേക്ക് ഒരിക്കല്‍ കൂടി ഊളിയിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തിരച്ചിലിനുള്ള പുതിയ പ്രൊപ്പോസല്‍ മുന്നോട്ട് വെച്ചിരിക്കുന്നത് ഓഷ്യന്‍ ഇന്‍ഫിനിറ്റി തന്നെയാണ്.228 യാത്രക്കാരെയുമായി അറ്റ്‌ലാന്റിക്കില്‍ 2009ല്‍ തകര്‍ന്നു വീണ എയര്‍ ഫ്രാന്‍സ് ഫ്ളൈറ്റ് 447ന്റെ അവശിഷ്ടങ്ങള്‍ രണ്ട് വര്‍ഷത്തെ ചെലവേറിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയിരുന്നു. അന്ന് പക്ഷേ എവിടെ തിരയണമെന്നതില്‍ വ്യക്തതയുണ്ടായിരുന്നു. എം എച്ച് 370ന്റെ കാര്യത്തില്‍ അതുമില്ല. തികച്ചും അനിശ്ചിതം. ഉത്തരങ്ങള്‍ ഒടുങ്ങിപ്പോയ ഇരുട്ട്. നിസ്സഹായാവസ്ഥ. മനുഷ്യന്‍ അനിവാര്യമായും എത്തിച്ചേരേണ്ട വിനയത്തിന്റെയും നിസ്സാരതയുടെയും അടയാളമാണ് അജ്ഞതയിലേക്ക് പറന്നു പോയ ആ വിമാനം. തന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല കാര്യങ്ങളെന്ന എളിമയായിരിക്കണം അന്വേഷണത്തിന്റെ സമുദ്രാന്തര്‍ ഭാഗത്തേക്ക് ഊളിയിടാനിരിക്കുന്ന പുതിയ ഗവേഷകരെയും നയിക്കേണ്ടത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest