Connect with us

National

ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും സി പി എം- സി പി ഐ സ്ഥാനാർഥികളില്ല

ബി ജെ പിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യം

Published

|

Last Updated

മംഗളൂരു | കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ സി പി എമ്മും സി പി ഐയും സ്ഥാനാർഥികളെ നിർത്തില്ല. ബി ജെ പി ഇതര കക്ഷികളുടെ വോട്ട് വിഭജനം തടഞ്ഞ് ബി ജെ പിയെ പരാജയപ്പെടുത്താനാണ് തീരുമാനമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. ഈ മാസം 18ന് സി പി എമ്മും സി പി ഐയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മത്സരിക്കുന്ന കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം.

അതേസമയം, സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും മത്സരിക്കാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നതെന്ന് സി പി എം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബജാൽ പറഞ്ഞു. എന്നാൽ തീരദേശ ജില്ലകളിൽ പാർട്ടി സ്ഥാനാർഥികളെ നിർത്തില്ല. ഇടത് പാർട്ടികൾ മത്സര രംഗത്തിനിറങ്ങിയാൽ മതേതര വോട്ടുകൾ ഭിന്നിക്കും. ഇത് ബി ജെ പിയുടെ വിജയം എളുപ്പമാക്കും. ഇടത് പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ലെങ്കിലും അവർ മറ്റ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി അവരുടെ വിജയം ഉറപ്പാക്കുമെന്നാണ് സൂചന.

1962 മുതൽ തീരദേശ കർണാടക ഇടത് പാർട്ടികളുടെ ഉറച്ച അടിത്തറയാണ്. ഉള്ളാൾ നിയമസഭാ മണ്ഡലത്തിൽ നിന്ന് പി രാമചന്ദ്ര റാവുവിനെ പരാജയപ്പെടുത്തി സി പി ഐ നേതാവ് എ കൃഷ്ണ ഷെട്ടി മംഗളൂരുവിൽ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, ഇടത് പാർട്ടികളുടെ യുവജന വിഭാഗം തീരദേശ ജില്ലകളിലെ വിവിധ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള പറഞ്ഞു.

അതേസമയം, ചിക്കബല്ലാപൂർ ജില്ലയിലെ ബാഗേപള്ളി നിയമസഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ രായലസീമ മേഖലയോട് ചേർന്ന മണ്ഡലത്തിൽ ഡോ. അനിൽ കുമാർ ആണ് സി പി എം സ്ഥാനർഥി. കഴിഞ്ഞ തവണ മണ്ഡലത്തിൽ സി പി എം രണ്ടാം സ്ഥാനത്തായിരുന്നു. കോൺഗ്രസ്സിലെ എസ് എൻ സുബ്ബറെഡ്ഢിയാണ് നിലവിലെ എം എൽ എ.

Latest