Connect with us

Kerala

ഭൂകമ്പങ്ങള്‍ നേരത്തേ പ്രവചിക്കുന്ന സംവിധാനങ്ങളില്ല; പ്രകമ്പനത്തില്‍ ഭിന്നാഭിപ്രായം

പഠന റിപോര്‍ട്ടുകള്‍ക്ക് ശേഷമേ എന്താണെന്ന് തീര്‍ത്തുപറയാനാകൂവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്‍ മേധാവി ഡോ. താര.

Published

|

Last Updated

അമ്പുകുത്തി മലനിരകളിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് വെള്ളച്ചാട്ടം ഭാഗത്ത് തടിച്ചുകൂടിയ ജനങ്ങളും സ്ഥലത്തെത്തിയ അധികൃതരും

കോഴിക്കോട് | ഉരുള്‍പൊട്ടല്‍ ഭീകരതാണ്ഡവമാടിയ വയനാടുള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്നലെ ഭൂമിക്കടിയില്‍ നിന്നുണ്ടായ പ്രകമ്പനങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍. പ്രതിഭാസത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമല്ല. ഉണ്ടായത് ഭൂകമ്പമല്ലെന്നും ഭൂമിയുടെ പാളികളുടെ ചലനം മൂലമാകാം ശബ്ദങ്ങളെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വിശദീകരിക്കുമ്പോള്‍ ഇതിനെ കുറിച്ച് വിശദമായ പഠനം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എത്ര ചെറിയതാണെങ്കില്‍ പോലും കൃത്യമായ ഒരു തീര്‍പ്പ് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്രൗണ്ട് വാട്ടര്‍ ഡിപാര്‍ട്ട്മെന്റ്ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പഠന റിപോര്‍ട്ടിന് ശേഷമേ ഇത് ഭൂകമ്പമാണോ അല്ലയോ എന്ന് തീര്‍ത്തുപറയാന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്‍ മേധാവി ഡോ. താര കെ ജി സിറാജിനോട് പറഞ്ഞു. ഇപ്പോള്‍ ഒരു നിഗമനവും പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നുമാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കുന്നത്. വയനാട്ടിലും മറ്റ് ജില്ലകളിലും ഇന്നലെ ഉണ്ടായ പ്രതിഭാസം സംബന്ധിച്ച് വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഉരുള്‍പൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ ഉണ്ടായ ശബ്ദമാണ് കേട്ടത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഭൂപാളികള്‍ കൂടുതല്‍ സ്ഥിരതക്ക് വേണ്ടി മുകള്‍ തട്ടില്‍ നിന്ന് താഴെ തട്ടിലേക്ക് പോകുമ്പോഴുണ്ടാകുന്ന ശബ്ദമായിരിക്കാം ഒരു പക്ഷേ, ഇത്. ഈ സമയത്ത് ഘര്‍ഷണ ഊര്‍ജം ഉത്പാദിപ്പിക്കുകയും ഭൂപാളികളുടെ ചലനത്തെ തുടര്‍ന്ന് ശബ്ദമുണ്ടാകാനുമിടയുണ്ട്. മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ ഇത് സാധാരണ പ്രതിഭാസമാണ്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കുന്നു.

ഒരു ഉരുള്‍പൊട്ടലിന് മുമ്പ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും പാറക്കടിയില്‍ നിന്ന് നീര്‍ച്ചാലുകള്‍ കലങ്ങിമറിഞ്ഞ് ഒഴുകിവരാറുണ്ടെന്നും ജിയോളജിസ്റ്റ് ഡോ. ശ്രീകുമാര്‍ പറഞ്ഞു. പ്രദേശത്ത് മഴ പെയ്ത ശേഷം ഭൂഗര്‍ഭ ജലം ഒഴുകിപ്പോകാറുണ്ട്. മേല്‍മണ്ണില്‍ നിന്ന് താഴ്ന്നിറങ്ങുന്ന ജലം അടിയിലുള്ള പാറകളില്‍ ഫ്രാക്ചറിംഗ് സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രകമ്പനങ്ങള്‍ ഉരുള്‍പൊട്ടലിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്താത്തതിനാല്‍ ഇതിനെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരിസ്ഥിതി ഗവേഷകന്‍ ഡോ. സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു. തീവ്രത കൂടിയതാണെങ്കില്‍ കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിക്കേണ്ടതാണ്. എന്നാല്‍ കാര്യമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ ഒരു ചലനം നടന്നുവെന്ന് വ്യക്തമാകുന്നതായി പരിസ്ഥിതി വിദഗ്ധന്‍ സി മുരളീധരന്‍ പറഞ്ഞു. ഉരുള്‍പൊട്ടലുമായി ബന്ധമില്ല. ഉരുള്‍പൊട്ടലും ഇതും രണ്ട് പ്രതിഭാസമാണ്. ഭൂകമ്പം ഉണ്ടാകുന്നത് ഭൂമിക്കടിയില്‍ എത്രയോ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലനം തിരിച്ചറിയാന്‍ ഒരു സംവിധാനവും വയനാട് ജില്ലയിലില്ലെന്നും ശബ്ദം കേട്ട വിചിത്രമായ പ്രതിഭാസത്തെ കുറിച്ച് പരിശോധിക്കുമെന്നും ജിയോളജിസ്റ്റ് ഷെല്‍ജു പറഞ്ഞു. പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭൂകമ്പങ്ങള്‍ നേരത്തേ പ്രവചിക്കുന്ന സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഓരോ പ്രദേശങ്ങള്‍ക്കും വ്യത്യസ്തമായതിനാല്‍ അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഭൂമിക്കടിയിലെ വലിയ മുഴക്കത്തെക്കുറിച്ച് വിദഗ്ധ പഠനം ആവശ്യമാണെന്ന് ഗവേഷകനായ ഡോ. എസ് ശ്രീകുമാര്‍ പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്കിലെ ഗതിമാറ്റമുള്‍പ്പെടെയുള്ള ചില കാരണങ്ങള്‍ ഇത്തരം മുഴക്കത്തിന് കാരണമായേക്കാം. വെട്ടുകല്‍ പ്രദേശമാണെങ്കില്‍ കളിമണ്ണ് ഒഴുകിപ്പോയി പുതിയ വലിയ ഗര്‍ത്തങ്ങള്‍ ഈ മേഖലയില്‍ ഉണ്ടോയെന്നതടക്കം പരിശോധിക്കണം. പാറകളുടെ വിള്ളലില്‍ കൂടി വെള്ളം ഒഴുകിയിറങ്ങിയുള്ള തെന്നിമാറ്റം (ഹൈഡ്രോളിക് ഫ്രാക്ചറിംഗ്) പോലുള്ളവയാണോ എന്നതടക്കം പഠനവിധേയമാക്കണം. ഭൂമിക്കടിയിലെ നീളമുള്ള വിള്ളലുകള്‍ സംബന്ധിച്ചും പഠനം വേണം.
ഭൂകമ്പ സാധ്യതയില്ലെന്നതാണ് പൊതുവേയുളള നിരീക്ഷണമെന്നും വയനാട്ടിന്റെ ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് നേരത്തേ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലെ വിദഗ്ധ സമിതി അംഗം കൂടിയായ മുന്‍ ഐ ആര്‍ ടി സി ഡയറക്ടര്‍ (ജിയോളജി) ശ്രീകുമാര്‍ വ്യക്തമാക്കി.

വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈത്തിരി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലും ബത്തേരി താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലും ഭൂചലനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും മുക്കത്തും പാലക്കാട് ജില്ലയിലും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്