Kerala
അറിവ് സമ്പാദിക്കുന്നതിന് പരിധികളില്ല: കാന്തപുരം
കൊണ്ടോട്ടി ബുഖാരി 35-ാം വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി
കൊണ്ടോട്ടി | അറിവ് സമ്പാദിക്കുന്നതിന് പരിധികളില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബുഖാരി സ്ഥാപനങ്ങളുടെ 35-ാം വാർഷിക ബിരുദ ദാന സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ ബിരുദദാന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തരം അറിവുകളും ആർജിക്കണം. അതൊരിക്കലും മതത്തിനെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.കേരളത്തിൽ സമസ്ത നടത്തിയ വിദ്യാഭ്യാസ നവ ജാഗരണ പ്രവർത്തങ്ങൾ പ്രശംസനീയമാണ്. പാരമ്പര്യം മുറുകെ പിടിച്ചാണ് സമസ്ത വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയതെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.
അബൂഹനീഫൽ ഫൈസി തെന്നല സന്ദേശപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. 99 ബുഖാരി യുവ പണ്ഡിതർക്കും 19 ഹാഫിളുകൾക്കുമുള്ള സ്ഥാനവസ്ത്ര വിതരണം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, കെ. പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സി പി ഉബൈദുല്ല സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഫിർദൗസ് സഖാഫി കടവത്തൂർ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന തമിഴ് കോൺഫ്രൻസ് ഹാപ്പി ഹെൽപ്പ് ഡയറക്ടർ സിപി ശഫീഖ് ബുഖാരിയുടെ അധ്യക്ഷതയിൽ തമിഴ്നാട് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഇംദാദി ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി ചെന്നൈ മുഖ്യപ്രഭാഷണം നിർവഹിച്ചു. പണ്ഡിത സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മതുള്ള സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാസിഅ് ബാഖവി വിഷയാവതരണം നടത്തി. നാഷണൽ ദാഈസ് മീറ്റ് ഡോ. വി അബ്ദുല്ലതീഫ് ഉദ്ഘാടനം ചെയ്തു. സി.പി ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് അരിയല്ലൂർ, ശരീഫ് നിസാമി സംസാരിച്ചു. മുതഅല്ലിം സംഗമം പി എച്ച് അബ്ദുറഹ്മാൻ ദാരിമിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല അധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. അഹ്‌മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, റാഷിദ് ബുഖാരി സംസാരിച്ചു.
മലപ്പുറം ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടന്ന സോണൽ കോൺഫറൻസ്, സൈറജ് പ്രചാര പ്രയാണം, സിയാറത്ത്, ബുഖാരി നോളജ് ഫെസ്റ്റിവൽ, സ്ഥാപന പരിസരത്തെ സ്നേഹ ജനങ്ങൾ സംബന്ധിച്ച ‘സത്കാരം’ അയൽപക്ക സംഗമം, കൊണ്ടോട്ടിയിലെ വ്യാപാരികളുടെ സംഗമം, ബുഖാരി ഇംഗ്ലീഷ് സ്‌കൂൾ അലുംനി മീറ്റ് തുടങ്ങി ഒരു വർഷം നീണ്ടുനിന്ന വിവിധ പദ്ധതികൾക്കു ശേഷമാണ് ബുഖാരി സമ്മേളനം സമാപിച്ചത്.
99 യുവ പണ്ഡിതര്‍ കർമ ഗോഥയിലേക്ക്
ബുഖാരി 35-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ നിന്നും മതഭൗതിക വിദ്യാഭ്യാസത്തിൽ ബുഖാരി ബിരുദം നേടിയ 99 യുവ പണ്ഡിതര്‍ക്കും, സി ബി എസ് ഇ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഖുര്‍ആന്‍ മനഃപാഠമാക്കിയ 19 ഹാഫിളുകള്‍ക്കുമുള്ള ബിരുദദാനം നടന്നു.
മത വിദ്യാഭ്യാസത്തിൽ മുത്വവ്വൽ ബിരുദവും ഭൗതിക വിദ്യാഭ്യാസത്തിൽ ഇഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയാണ് ബുഖാരി പണ്ഡിതർ കർമ ഗോഥയിലേക്കിറങ്ങുന്നത്.സയ്യിദ് അലി ബാഫഖി തങ്ങള്‍ സ്ഥാനവസ്ത്ര വിതരണം നടത്തി. ബിരുദദാന പ്രഭാഷണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
പണ്ഡിതന്മാർ വൈയക്തിക നേട്ടങ്ങൾ ജീവിതത്തിന്റെ ലക്ഷ്യമായി കാണരുത്: പണ്ഡിത സംഗമം
പണ്ഡിതന്മാർ സമൂഹത്തിന്റെ അനിവാര്യമായ ഘടകമാണ്. അവർ വൈയക്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യമായി കാണരുതെന്നും സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും ബുഖാരി 35-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസ്വിർ അഹ്‌സനിയുടെ അധ്യക്ഷതയിൽ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാസിഅ് ബാഖവി വിഷയാവതരണം നടത്തി. മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഡോ. ഫാറൂഖ് ബുഖാരി, ഇ എം എ ആരിഫ് ബുഖാരി കൊട്ടപ്പുറം, അബ്ദുൽ ഖാദർ മുസ്‌ലിയാർ പൂത്തുപാടം സംബന്ധിച്ചു.
കേരളം സുന്നത്ത് ജമാഅത്തിന്റെ ഉരുക്ക് കോട്ട: തമിഴ് കോൺഫറൻസ്
ഇന്ത്യയിലെ സുന്നത് ജമാഅത്തിന്റെ ഉരുക്ക് കോട്ടയാണ് കേരളമെന്ന് ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന തമിഴ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. ഒരു കാലത്ത് തമിഴകവും സുന്നത് ജമാഅതിന്റെ പ്രധാന കേന്ദ്രമായിരുന്നു. അൻപത് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് മതവിജ്ഞാനം നേടിയ പണ്ഡിതരാണ് ഇന്ന് കേരളത്തെ ഈ നിലയിൽ എത്തിച്ചത്. തമിഴകത്തെ കേരള മാതൃകയിൽ വാർത്തെടുക്കാൻ ശ്രമിക്കുന്ന ബുഖാരിമാരടങ്ങുന്ന മതബിരുദ ധാരികളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു.
ഹാപ്പി ഹെൽപ് ഡയറക്ടർ സി പി ശഫീഖ് ബുഖാരിയുടെ അധ്യക്ഷതയിൽ തമിഴ്നാട് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഇംദാദി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി ചെന്നൈ മുഖ്യപ്രഭാഷണം നടത്തി. എം എ ഇനായത്തുല്ല ഹാജി കോയമ്പത്തൂർ, അല്ലാ ഭക്ഷ് മുഹമ്മദ് ഗൗസ്, ഫൈസൽ ഹാജി കോയമ്പത്തൂർ സംസാരിച്ചു. അബ്ദുസ്സലാം ഹസ്രത്ത് അത്തിക്കോട്, ബക്കർ ഹാജി ട്രിച്ചി, സുഹൈൽ തേനി, ആബിദലി ബുഖാരി, സി പി ഉസാമത്ത് കൊട്ടപ്പുറം സംബന്ധിച്ചു.
ആറ് പുസ്തകങ്ങൾ പ്രകാശിതമായി
ബുഖാരി സമ്മേളന വേദിയിൽ സാബിക് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങൾ പ്രകാശിതമായി. റഫീഖ് ബുഖാരി മമ്പറം എഴുതിയ ഫത്ഹുൽ മുഈൻ ഇംഗ്ലീഷ് ട്രാൻസിലേഷൻ രണ്ടാം ഭാഗം, ബുഖാരി ദഅ്‌വ കോളേജ് അവസാന വർഷ വിദ്യാർത്ഥി പി. വി റാശിദ് കുമ്മിണിപ്പറമ്പ് രചിച്ച മുഖദ്ദിമതുൻ അലൽ മുഖദ്ദിമ, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി സക്കരിയ്യ പാലത്തുങ്കര എഴുതിയ ബാലസാഹിത്യകൃതിയായ ‘താരകങ്ങൾ’, പ്ലസ് ടു വിദ്യാർത്ഥി മിദ്ലാജ് പുൽപ്പറ്റ രചിച്ച കവിതാ സമാഹാരം ‘നേർചിത്രങ്ങൾ’, ബുഖാരി ഹിഫ്ളുൽ ഖുർആൻ കോളേജ് പൂർവ വിദ്യാർത്ഥി ഹാഫിള് അസ്‌ലമിന്റെ ഓർമ പുസ്തകം എന്നിവയാണ് പ്രകാശിതമായത്. ‘പ്രമാണം രണ്ട്; ഹദീസ്’ സമ്മേളനോപഹാരം ഉദ്ഘാടന സംഗമത്തിൽ പ്രകാശനം ചെയ്തിരുന്നു.