Kerala
ജനങ്ങളുടെ ആവശ്യങ്ങളില്‍ പരിഹാര നടപടികളില്ല; വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍
'യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ പാലിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്ണില്‍ പങ്കെടുക്കാനാകില്ല.'
തിരുവനന്തപുരം | ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ വിഴിഞ്ഞം ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം പി. തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണക്കുന്നയാളാണ് താന്‍. എന്നാല്‍, നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലവിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ പാലിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്ണില്‍ പങ്കെടുക്കാനാകില്ലെന്ന് തരൂര്‍ പ്രതികരിച്ചു.
ഇന്ന് രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് ആദ്യ കപ്പലെത്തിയത്. പുറങ്കടലിലെ കപ്പല്‍ ചാലില്‍ നിന്ന് ടഗ്ഗുകളുടെ അകമ്പടിയോടെയാണ് കപ്പല്‍ നങ്കൂരമിട്ടത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരിച്ചത്.
ബര്‍ത്തിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. നാളെ രാവിലെ 10 ന് മുഖ്യമന്ത്രി ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യും.