indian democracy
പ്രതിപക്ഷത്തിന് മുന്നില്‍ കുറുക്കുവഴികളില്ല
ജനാധിപത്യ സെക്യുലര്‍ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ദിശാബോധമുള്ള ഒരു ബദല്‍ സംവിധാനം അത്യാവശ്യമായി രൂപപ്പെടേണ്ട രാഷ്ട്രീയ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ ഇപ്പോഴും ഏറെ സാധ്യത കല്‍പ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. എന്നാല്‍ അവിടെയാണ് ഏറ്റവും വലിയ ശൂന്യത തളംകെട്ടി നില്‍ക്കുന്നതും.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും എല്ലാം ഭാഗഭാക്കായ പാര്‍ട്ടി. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്ന്. നൂറ്റിപ്പത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയും തകര്‍ച്ചയെയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരമേറ്റതോടെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണി മുഴങ്ങിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉണ്ടാക്കിവെച്ചതിലേറെ അപകടകരമായതും മനസ്സുകളില്‍ വര്‍ഗീയ, വംശീയ, വിദ്വേഷങ്ങള്‍ ആളിക്കത്തിക്കുന്നതുമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ആര്‍ എസ് എസ് ചുക്കാന്‍പിടിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഈ കാലയളവില്‍ വിജയിക്കുകയും ചെയ്തിരിക്കുകയാണ്.
സ്വാഭാവികമായും തനി വലതുപക്ഷ ഹൈന്ദവ ഫാസിസ്റ്റ് മനോഭാവക്കാരല്ലാത്ത സമാധാന കാംക്ഷികളായ എല്ലാ ഇന്ത്യക്കാരും ഈ വിഷമ സന്ധിയില്‍ നിന്ന് നാടിനെ രക്ഷിച്ചെടുക്കാനും ആ പഴയ ജനാധിപത്യ സെക്യുലര്‍ ഇന്ത്യയെ തിരിച്ചുപിടിക്കാനും അതിയായി ആഗ്രഹിക്കുന്നു. ചരിത്രപരമായ ആ കടമ നിര്‍വഹിക്കാന്‍ ദിശാബോധമുള്ള ഒരു ബദല്‍ സംവിധാനം അത്യാവശ്യമായി രൂപപ്പെടേണ്ട രാഷ്ട്രീയ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഈ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ ഇപ്പോഴും ഏറെ സാധ്യത കല്‍പ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. എന്നാല്‍ അവിടെയാണ് ഏറ്റവും വലിയ ശൂന്യത തളംകെട്ടി നില്‍ക്കുന്നതും.
ഭാവനാശൂന്യരായ നേതാക്കളുടെ ഒരു കൂടാരമായി മാറിക്കഴിഞ്ഞ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ആ പ്രതീക്ഷക്കൊത്ത് ഉയരാനാകുന്നില്ല എന്ന് മാത്രമല്ല നാള്‍ക്കുനാള്‍ അതിന്റെ ദൗര്‍ബല്യം ആ പാര്‍ട്ടി തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. ആപത്ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്ന് നാം കേട്ടിട്ടേയുള്ളൂ. പക്ഷേ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അത് രൂക്ഷതയുടെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. പഴുത്തില മാത്രമല്ല കൊഴിഞ്ഞു കൊണ്ടിരിക്കുന്നത്. സാമാന്യം പച്ചപ്പും കരുത്തുമുള്ള ഇലകളും കൊഴിയുകയും കൊഴിയാന്‍ വെമ്പിനില്‍ക്കുകയുമാണ്.
ഒടുവില്‍ ഗുലാം നബി ആസാദും കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ടിരിക്കുന്നു. പ്രതീക്ഷയുടെ കവാടങ്ങള്‍ ഒന്നൊന്നായി കൊട്ടിയടക്കാന്‍ പാര്‍ട്ടി നേതൃത്വം തന്നെ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന്. മുഖ്യ എതിരാളിക്ക് വളം വെച്ചുകൊടുക്കുന്ന നടപടികളാണ് ഇതെല്ലാമെന്നുമൊക്കെ പല കോണുകളില്‍ നിന്നും വിമര്‍ശം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഔദ്യോഗിക നേതൃത്വമെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ പോലും പിരിഞ്ഞു പോകുന്നവരെ കുറിച്ച് ബി ജെ പിയുടെ കൈയിലെ കളിപ്പാവകള്‍ എന്ന ആരോപണം ഉയര്‍ത്തുന്നുണ്ട്. ഈ വിധം പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ സായൂജ്യമടയുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഇന്ത്യന്‍ ഫാസിസം അതിന്റെ സംഹാര രഥങ്ങള്‍ ഇന്ത്യയിലാകമാനം കാര്യമായ എതിര്‍പ്പുകളൊന്നും കൂടാതെ ഉരുട്ടി രസിക്കുന്നു.
ജി 23 നേതാക്കളില്‍ പ്രമുഖരായ പലരും അടുത്ത കാലത്തായി പാര്‍ട്ടി വിട്ടപ്പോഴും കുലുങ്ങാതെ പാര്‍ട്ടിയില്‍ പിടിച്ചു നില്‍ക്കുകയും പാര്‍ട്ടിക്കുള്ളില്‍ ഗുണപരമായ തിരുത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു 50 വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച ഗുലാം നബി ആസാദ്. ഒടുവില്‍ പ്രതീക്ഷകള്‍ കൈവിട്ട് അദ്ദേഹവും പാര്‍ട്ടി വിട്ടിരിക്കുന്നു. ഇതിനോടുള്ള രാഹുല്‍ ഗാന്ധിയടക്കമുള്ള നിലവിലെ നേതൃത്വത്തിന്റെ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ ഏറ്റവും കൂടുതല്‍ വേദനയുണ്ടാക്കിയത്. ‘പോകേണ്ടവര്‍ക്ക് പോകാം, നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാം’ എന്നായിരുന്നു അവരുടെ പ്രതികരണത്തിന്റെ ഭാഷ. ആപത്ഘട്ടത്തില്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് കോടാലിയായി പ്രവര്‍ത്തിച്ചു എന്ന തരത്തിലാണ് പാര്‍ട്ടിയുടെ തലപ്പത്തുള്ള പല നേതാക്കളും പ്രതികരിക്കുന്നത്. സത്യത്തില്‍ ജി 23 പ്രസ്ഥാനം പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയ കാലം മുതല്‍ കപില്‍ സിബല്‍ മുതല്‍ ഗുലാം നബി ആസാദ്, ശശി തരൂര്‍ വരെയുള്ളവര്‍ ഉയര്‍ത്തിയ ഒരു പ്രശ്‌നത്തോടും അനുഭാവ സൂചകമായി പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കേന്ദ്ര നേതൃത്വം തയ്യാറായില്ല എന്നത് എളുപ്പത്തില്‍ അവഗണിക്കാന്‍ കഴിയുന്ന ഒരു വിമര്‍ശനമാണോ?
അച്ചടക്കത്തോടെയുള്ള നീണ്ട കാത്തിരിപ്പിന് ശേഷവും, ജനാധിപത്യ രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതിന് ശേഷവും മാത്രമാണ് ഗുലാം നബി ആസാദിനെ പോലുള്ള, കപില്‍ സിബലിനെ പോലുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിക്കുന്നതും ഇറങ്ങിപ്പോകുന്നതും. പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിനുള്ള എല്ലാ വഴികളും ഒന്നൊന്നായി കൊട്ടിയടക്കപ്പെടുമ്പോള്‍ അവസാനം അവശേഷിക്കുന്ന വഴിയിലൂടെ പുറത്തു കടക്കുക എന്നല്ലാതെ മറ്റെന്തു വഴിയുണ്ട് ഗുലാം നബി ആസാദിനെ പോലുള്ളവരുടെ മുമ്പില്‍? മോദിയുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇവരുടെ ഇറങ്ങിപ്പോക്കിനെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത്. അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇറങ്ങിപ്പോകുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താനുള്ള വിവേകം ആ പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ല എന്നതില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ജീവിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് കടുത്ത നിരാശയുണ്ട്.
ശരിതെറ്റുകള്‍ എന്ത് തന്നെയായാലും ബി ജെ പി, ആര്‍ എസ് എസ് ശക്തികള്‍ക്ക് അവരുടെ രാഷ്ട്രീയ അജന്‍ഡകള്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇത്തരം ഇറങ്ങിപ്പോക്കുകളും വിവാദങ്ങളും സഹായിക്കുന്നു എന്നത് അനിഷേധ്യമായ സത്യമായി അവശേഷിക്കുന്നു. ഇത് കോണ്‍ഗ്രസ്സിന് സംഭവിക്കുന്ന ബലഹീനത മാത്രമായി കരുതരുത്. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗത്തിനെയും ഈ ബലഹീനത പ്രത്യക്ഷമായോ പരോക്ഷമായോ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്നും ജനാധിപത്യ വിശ്വാസികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പ്രസ്ഥാനമെന്ന നിലക്ക് കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യവും നേതൃശേഷിക്കുറവും ഇന്ത്യയില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിന് കാര്യമായ മങ്ങലേല്‍പ്പിക്കുന്നു എന്ന സത്യത്തെ മുന്‍നിറുത്തിത്തന്നെയാണ് ആ പാര്‍ട്ടിയെ കൂടുതലായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
മായാവതിയുടെ ബി എസ് പി സമ്പൂര്‍ണമായും ബി ജെ പിക്കു മുമ്പില്‍ കീഴടങ്ങിക്കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ഡി എം കെയടക്കമുള്ള ദ്രാവിഡ പാര്‍ട്ടികളും ബി ജെ പിക്കെതിരെയുള്ള രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് വേരുകളില്ലാത്തതിനാല്‍ അവര്‍ക്ക് ഫലപ്രദമായ ഒരു ബി ജെ പി വിരുദ്ധ സഖ്യമായി വളരാന്‍ സാധിക്കുന്നില്ല.
ഓരോ സംസ്ഥാനത്തുമുള്ള ബി ജെ പി, ആര്‍ എസ് എസ് വിരുദ്ധ പാര്‍ട്ടികളെ പ്രാദേശികമായി കൂട്ടിയോജിപ്പിച്ച് കൂടെ നിര്‍ത്തുന്നതിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് തന്ത്രപരമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടില്ല. സ്വന്തം പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുള്ള ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്ക് പോലും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ അവര്‍ക്കാകുന്നില്ല. അല്ലെങ്കില്‍ അതിനുള്ള ആത്മാര്‍ഥമായ ഒരു പരിശ്രമവും അവര്‍ നടത്തുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെയാണ് അവര്‍ ബി ജെ പിക്ക് ഫലപ്രദമായ ബദലല്ലായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിക്കുന്നതും.
ഗുലാം നബി ആസാദിനെ പോലുള്ള ഒരാള്‍ കൊഴിയുന്ന അവസാനത്തെ ഇലയായിരിക്കില്ല എന്ന വിശ്വാസം കോണ്‍ഗ്രസ്സ് തന്നെ കൂടെക്കൊണ്ടുനടക്കുന്നു എന്നത് തന്നെയാണ് അവരെ പിടികൂടിയിട്ടുള്ള വലിയ ദൗര്‍ബല്യവും. ഫലത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ബലഹീനതക്ക് പലതരത്തില്‍ ആക്കം കൂട്ടാന്‍ മാത്രമേ കോണ്‍ഗ്രസ്സിനകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ വഴിവെക്കുകയുള്ളൂ. ആ സത്യം തിരിച്ചറിയേണ്ടവര്‍ അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമോ എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മറ്റു കുറുക്കുവഴികളൊന്നും തത്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിച്ചെടുക്കാന്‍ ഇല്ലായെന്ന സത്യം കോണ്‍ഗ്രസ്സ് നേതൃത്വം ഉള്‍ക്കൊള്ളുമോ എന്നത് കാത്തിരുന്ന് കാണാം.