National
ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ ഇല്ല; യുഎന്‍ പ്രമേയത്തിന് വോട്ട് ചെയ്യാത്തതില്‍ വിശദീകരണവുമായി വിദേശ കാര്യമന്ത്രാലയം
ഭേദഗതികള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കാര്യം രേഖയായില്ല.
ന്യൂഡല്‍ഹി| ഇസ്‌റാഈല്‍- ഫലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നതില്‍ വിശദീകരണവുമായി വിദേശ കാര്യമന്ത്രാലയം. ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാലാണ് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നത്. ഭേദഗതികള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കാര്യം രേഖയായില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ നടപടി കാലങ്ങളായുള്ള നിലപാടില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് സിപിഎം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമായി മാറി. ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ നിലപാടില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരായ നിലപാടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.