Career Education
രാജ്യത്ത് ആവശ്യത്തിന് ഐഎഎസുകാരും ഐപിഎസുകാരുമില്ല; 1500ൽ അധികം ഒഴിവുകൾ
ജനുവരി 1, 2024 ലെ കണക്കനുസരിച്ച്, രാജ്യത്ത് ആകെ വേണ്ടത് 6,858 ഐഎഎസുകാരെയാണ്. എന്നാൽ നിലവിലുള്ളത്, 5,542 പേരാണ്.
ന്യൂഡൽഹി | രാജ്യത്ത് സിവിൽ സർവീസ് രംഗത്ത് നികത്താനുള്ളത് 1500 ലധികം ഒഴിവുകൾ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) ആയിരത്തിലധികവും ഇന്ത്യൻ പോലീസ് സർവീസിൽ (ഐപിഎസ്) 500 ലധികവുമാണ് ഒഴിവുകളുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെൻ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരി 1, 2024 ലെ കണക്കനുസരിച്ച്, രാജ്യത്ത് ആകെ വേണ്ടത് 6,858 ഐഎഎസുകാരെയാണ്. എന്നാൽ നിലവിലുള്ളത്, 5,542 പേരാണ്. കുറവ് 1316. ആകെ വേണ്ട 5055 ഐപിഎസുകാർക്ക് പകരം ആകെ 4,469 ഓഫീസർമാരെ നിലവിലുള്ളൂ. 586 പേരുടെ ഒഴിവാണുള്ളത്. – മന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
1,316 ഐഎഎസ് ഒഴിവുകളിൽ 794 എണ്ണം നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിനും 522 എണ്ണം പ്രൊമോഷൻ തസ്തികകളുമാണ്. ഒഴിവുള്ള 586 ഐപിഎസ് തസ്തികകളിൽ 209 എണ്ണം ഡയറക്ട് റിക്രൂട്ട്‌മെൻ്റിനും 377 എണ്ണം പ്രമോഷൻ തസ്തികകളാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്‌എസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവുണ്ട്. 3,193 അംഗീകൃത പോസ്റ്റുകൾ ഉണ്ടായിരിക്കെ 2,151 ഓഫീസർമാരാണ് നിലവിലുള്ളത്. ഒഴിവുള്ള 1,042 ഐഎഫ്എസ് തസ്തികകളിൽ 503 എണ്ണം ഡയറക്ട് റിക്രൂട്ട് ചെയ്യുന്നതിനും 539 പ്രമോഷൻ പോസ്റ്റുകൾക്കുമാണ്.