Connect with us

Pathanamthitta

പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജര്‍മ്മന്‍ പന്തലും ഒരുങ്ങി

ആധുനിക ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലിനുള്ളിലേക്ക് ചൂട് വലിയ തോതില്‍ ഇറങ്ങില്ല.

Published

|

Last Updated

പത്തനംതിട്ട | പമ്പയില്‍ പ്രളയ ശേഷം ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു. പമ്പ പ്രളയ ശേഷം പൊരിവെയിലില്‍ തിളയ്ക്കുന്ന മണല്‍പ്പരപ്പിലൂടെയായിരുന്നു സ്വാമിമാര്‍ ഗണപതി ക്ഷേത്രത്തിലേക്ക് നടന്നത്. മഴ ദിവസങ്ങളില്‍ നനഞ്ഞ് പോകണമായിരുന്നു. കടത്തിണ്ണകളിലും ചെറിയ താല്‍ക്കാലിക നടപ്പന്തലിലും കയറിയാണ് വിശ്രമിച്ചിരുന്നത്. ഈ സ്ഥിതി മാറുകയാണ്. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജര്‍മ്മന്‍ പന്തലുമായി മണല്‍പ്പരപ്പിന്റെ മുഖം ആകെ മാറി.

ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാല്‍ ആദ്യം ജര്‍മ്മന്‍ പന്തല്‍.ഇവിടെ മൂവായിരത്തോളം പേര്‍ക്ക് ഇവിടെ ഒരേസമയം വിശ്രമിക്കാം. ആധുനിക ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലിനുള്ളിലേക്ക് ചൂട് വലിയ തോതില്‍ ഇറങ്ങില്ല. പന്തലിന്റെ തറ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.

പഴയ രാമമൂര്‍ത്തി മണ്ഡപം ഭാഗത്താണ് പന്തല്‍ നിര്‍മ്മിച്ചത്. എപ്പോള്‍ വേണമെങ്കിലും അഴിച്ചു മാറ്റാം. വീണ്ടും സ്ഥാപിക്കാം. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്‍പിലും ജര്‍മ്മന്‍ പന്തല്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നിലവില്‍ മൂന്നെണ്ണമുണ്ട്. ഒന്നില്‍ നാനൂറിലധികം ആളുകളെ ഉള്‍ക്കൊളളും.

2018ലെ പ്രളയത്തില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും കെട്ടിടങ്ങളും ഒലിച്ചുപോയിരുന്നു. ഭക്തര്‍ക്ക് ക്യൂ നില്‍ക്കാനും വിശ്രമിക്കാനുമായി മൂന്ന് താല്‍ക്കാലിക പന്തലുകള്‍ നിര്‍മ്മിച്ചിരുന്നു. ഇതു മതിയാകില്ലെന്നു കണ്ടാണ് പുതിയ മൂന്ന് പന്തലുകള്‍ നിര്‍മ്മിച്ചത്. നടപ്പന്തലില്‍ നില്‍ക്കുന്നവര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണം ചെയ്യും.

പമ്പയിലെ വെര്‍ച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിന് സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നു പോകാം.

Latest