Articles
രാഷ്ട്രീയ മനുഷ്യര്‍ ബാക്കിയുണ്ട്
മനുഷ്യരുടെ സ്വാഭാവികമായ ജീവിതപ്പച്ചകളെ മറയ്ക്കുന്ന ചോരപ്പാടുകളാണ് പോയ വര്‍ഷത്തെയും അടയാളപ്പെടുത്തുന്നത്. പക്ഷേ, രാഷ്ട്രീയ ബോധമുള്ള മനുഷ്യരുടെ കുറ്റിയറ്റു പോയിട്ടില്ല. കുടിയിറക്കപ്പെട്ടവര്‍ക്കായി ഇരമ്പിയ ക്യാമ്പസുകളും തെരുവുകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്.
ഗസ്സയെക്കുറിച്ച് സംസാരിച്ചു കൊണ്ട് മാത്രമേ പോയ വര്‍ഷത്തിന്റെ കണക്കെടുപ്പും പുതുവര്‍ഷത്തിന്റെ പ്രത്യാശകളും നിരത്തി വെക്കാനാകൂ. ഇസ്റാഈല്‍ രാഷ്ട്രം ബലാത്കാരമായി സ്ഥാപിതമായ ശേഷം ഫലസ്തീന്‍ ജനതയുടെ അതിജീവന സ്വപ്നങ്ങളെ അരിഞ്ഞു വീഴ്ത്തുന്നതിന് ഒരു കാലത്തും അറുതി വന്നിട്ടില്ല. ഈ നിരന്തര ഉന്മൂലനത്തിന്റെ ഏറ്റവും ക്രൗര്യമാര്‍ന്ന അധ്യായമാണ് പോയ വര്‍ഷം പിന്നിട്ടത്. 2024ലെ ചോര പുതുവര്‍ഷത്തിലേക്കും പടരുകയാണ്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണം ഇസ്റാഈലിനെ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ മാത്രം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇടതടവില്ലാതെ മനുഷ്യക്കുരുതി നടത്തി ഗസ്സയെ പാഴ്ഭൂമിയാക്കി മാറ്റുകയെന്ന ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ വംശഹത്യാ പദ്ധതി ഒക്ടോബര്‍ ഏഴ് കൊണ്ട് മാത്രം സംഭവിച്ച ഒന്നല്ല. ഹമാസ് പിറക്കുന്നതിന് മുമ്പേ തുടങ്ങിയ നഖ്ബകളുടെ തുടര്‍ച്ചയാണിത്.
തോറ്റ ജനതയല്ല
ലബനാനിലേക്കും യമനിലേക്കും സിറിയയിലേക്കും അക്രമം വ്യാപിപ്പിച്ചും അമേരിക്കന്‍ പിന്തുണയോടെ ചുറ്റുമുള്ള മുഴുവന്‍ രാജ്യങ്ങളെയും ആക്രമണ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുവന്നും ഇസ്റാഈല്‍ മുന്നോട്ട് പോകുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊന്നും നിലക്ക് നിര്‍ത്താനാകാത്ത അക്രമി രാഷ്ട്രമായി ഇസ്റാഈല്‍ മാറുന്നതാണ് 2024ന്റെ അവസാന മാസങ്ങളില്‍ കണ്ടത്. 1920കളില്‍ ഇസ്റാഈല്‍ രൂപവത്കരണത്തിന്റെ ആലോചനകള്‍ നടക്കുന്ന ഘട്ടത്തില്‍, അക്രമാസക്ത ജൂത കുടിയേറ്റത്തിന് കാവല്‍ നിന്ന ഭീകര സംഘടനകളുടെ തുടര്‍ച്ച തന്നെയാണ് ഇസ്റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) എന്ന് തെളിയിച്ചുകൊണ്ട് കമാല്‍ അദ്വാന്‍ ആശുപത്രിക്ക് തീയിട്ടത് ലോകം നോക്കി നിന്നു ഡിസംബറില്‍. ഗസ്സയിലെ സര്‍വ ആശുപത്രികളും തകര്‍ത്തു കഴിഞ്ഞു. താത്കാലിക ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ വളഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങള്‍ തണുത്ത് മരിക്കുന്നു. ഹനിയ്യ അടക്കമുള്ളവരെ ചതിച്ചു കൊന്നു. പേജറുകളില്‍ മരണം നിറച്ചുവെച്ചു. 40,000ത്തിലേറെ മനുഷ്യരെ, പകുതിയും കുഞ്ഞുങ്ങളെ കൊന്നുതള്ളിയിട്ടും ഗസ്സയെ ജനശൂന്യമാക്കുകയെന്ന സയണിസ്റ്റ് അതിര്‍ത്തി വ്യാപന പദ്ധതി പൂര്‍ണമായി വിജയിച്ചിട്ടില്ലെന്നത് പുതുവര്‍ഷത്തിലെ ആവേശകരമായ കാഴ്ചയാണ്. അവര്‍ ഇപ്പോഴും ഒരു തോറ്റ ജനതയല്ല.
അണിയറയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അവശേഷിക്കുന്ന ബന്ദികളെ വിട്ടുകിട്ടാന്‍ അവരുടെ ബന്ധുക്കള്‍ ഇസ്റാഈല്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കുന്നുണ്ട്. വെടിനിര്‍ത്തലിന് വഴങ്ങി ബന്ദികളെ തിരികെയെത്തിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ‘മതി, ഞങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങളെ കൊന്നത് മതി’യെന്നാണ് സയണിസം തലക്ക് പിടിച്ചിട്ടില്ലാത്ത ഇസ്റാഈല്‍ പൗരന്മാര്‍ പറയുന്നത്. നെതന്യാഹുവിന് അത് പൂര്‍ണമായി തള്ളിക്കളയാനാകില്ല. അതുകൊണ്ട് വെടിനിര്‍ത്തല്‍ വന്നേക്കാം. യുദ്ധം തുടങ്ങുന്ന പ്രസിഡന്റാകില്ല താന്‍, അവസാനിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 20ന് ട്രംപിന്റെ അധികാരാരോഹണത്തോടെ വെടിനിര്‍ത്തല്‍ വരാനാണ് സാധ്യത. ബൈഡനും ട്രംപും ഇസ്റാഈല്‍ പക്ഷപാതികള്‍ തന്നെയാണ്. ബൈഡന്‍ പറഞ്ഞാല്‍ നെതന്യാഹു കേള്‍ക്കില്ല, ട്രംപ് പറഞ്ഞാല്‍ തട്ടിക്കളയാനാകില്ല. ഇതാണ് വ്യത്യാസം.
ആരും ജയിക്കാത്ത യുദ്ധം
യുക്രൈന്‍- റഷ്യ യുദ്ധം രൂക്ഷമായി തുടരുകയാണ്. ഒരാഴ്ച കൊണ്ട് റഷ്യ ജയിച്ചു കയറുമെന്ന് കരുതിയിടത്ത് നിന്ന് പാശ്ചാത്യ ശക്തികളുടെ പിന്തുണയില്‍ പിടിച്ചു നില്‍ക്കാന്‍ യുക്രൈന് സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. നാറ്റോ സഖ്യത്തിലേക്ക് യുക്രൈനെ കൊണ്ടുവരികയും അതുവഴി റഷ്യയിലേക്ക് തിരിച്ചുവെച്ച പീരങ്കിയായി ആ രാജ്യത്തെ മാറ്റുകയും ചെയ്യുകയെന്ന ജോ ബൈഡന്‍ പ്ലാനാണ് യഥാര്‍ഥത്തില്‍ ഈ യുദ്ധം വരുത്തിവെച്ചത്. തന്റെ അധികാര സംരക്ഷണത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇത് അവസരമായി ഉപയോഗിച്ചു. അഞ്ചാമതും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കൊമേഡിയനായിരുന്ന, യുക്രൈന്‍ പ്രസിഡന്റ് വൊളാദമീര്‍ സെലന്‍സ്‌കി, പുടിന് എതിരാളിയേയായിരുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിലെ നേതാവിനെ പുറത്തെടുത്തുവെന്ന് പറയാം. പാശ്ചാത്യ ശക്തികളില്‍ നിന്ന് ആയുധങ്ങളും സഹായങ്ങളും നേടിയെടുക്കാന്‍ മാത്രമല്ല, ലോകത്താകെ ഓടി നടന്ന് ‘റഷ്യന്‍ അധിനിവേശം’ വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മെയില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതാണ്. യുദ്ധകാലത്ത് തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ അധികാരത്തില്‍ തുടരുന്നു. 2024 അവസാനിക്കുമ്പോള്‍ ഏകപക്ഷീയമല്ല യുദ്ധമെന്ന നില ശക്തിപ്പെട്ടുവരികയാണ്. ബൈഡനെ നയപരമായി റദ്ദാക്കാനുള്ള ആദ്യ അവസരം ട്രംപ് ഉപയോഗിക്കുക യുക്രൈനിലാകും. അവിടെ പണം മുടക്കുന്നത് ട്രംപ് നിര്‍ത്തും. അതോടെ യുദ്ധവും അവസാനിക്കും.
ബദലാകാന്‍ ബ്രിക്സ്
യുക്രൈന്‍ യുദ്ധത്തെ മുന്‍നിര്‍ത്തി ലോകരാജ്യങ്ങളെല്ലാം രണ്ട് തട്ടിലാണെന്ന് പറയാം. റഷ്യ, ചൈന, ഇറാന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയുടെ ശാക്തിക ചേരി രൂപപ്പെടാന്‍ ഈ യുദ്ധം വഴിവെച്ചു. ഉത്തര കൊറിയ സൈനികരെ അയച്ച് ഈ സഖ്യത്തിലേക്ക് പ്രത്യക്ഷത്തില്‍ തന്നെ ചേര്‍ന്നിരിക്കുന്നു. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ഇറാനുമെല്ലാമടങ്ങുന്ന ബ്രിക്സ് സഖ്യം ബദല്‍ കൂട്ടായ്മയായി വളര്‍ന്നു വന്നുവെന്നതും ഇക്കാലയളവിലെ ശ്രദ്ധേയമായ മാറ്റമാണ്. സ്വന്തം കറന്‍സി രൂപപ്പെടുത്തുമെന്ന ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ പ്രകോപിതനായി ട്രംപ് നടത്തിയ പ്രതികരണം മാത്രം നോക്കിയാലറിയാം ഈ കൂട്ടായ്മയുടെ ഭാവി സാധ്യത. റഷ്യയിലെ കസാനിലായിരുന്നു ഉച്ചകോടി. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പാശ്ചാത്യ ചേരി മുടക്കിയത് തിരിച്ചു പിടിച്ചുവെന്ന് തന്നെ പറയാം. റഷ്യയെ അവിടെ തളച്ചിടുക വഴി സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കാന്‍ സാധിച്ചു. ഗസ്സയിലെ അധിനിവേശത്തോട് സായുധമായി പ്രതികരിച്ചിരുന്ന ഹിസ്ബുല്ല, ഹൂതി, ഇറാന്‍ അച്ചുതണ്ടിനെ ദുര്‍ബലമാക്കാനും സാധിച്ചു.
മാറ്റക്കാറ്റ്
ഭരണരംഗത്ത് സംഭവിച്ച വമ്പന്‍ മാറ്റങ്ങളാണ് 2024ന്റെ പൊതുസവിശേഷതയായി കാണാവുന്ന ഘടകം. അതില്‍ തിരഞ്ഞെടുപ്പിലൂടെയുള്ള മാറ്റവും സായുധ നീക്കത്തിലൂടെയുള്ളതുമുണ്ട്. രണ്ടാമത് പറഞ്ഞ ഗണത്തിലാണ് സിറിയയിലേത്. അഞ്ച് പതിറ്റാണ്ട് നീണ്ട അസദ് കുടുംബ വാഴ്ചക്കാണ് അവിടെ അറുതിയായത്. വര്‍ഷത്തിന്റെ മധ്യത്തോടെ ശാന്തമായി എന്ന് തോന്നിച്ച സിറിയന്‍ ആഭ്യന്തര സംഘര്‍ഷം ഒറ്റയടിക്ക് കത്തിക്കയറുകയും ബശ്ശാര്‍ അല്‍അസദിന്റെ സൈന്യത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ വരികയുമായിരുന്നു. അലപ്പോയില്‍ നിന്ന് ഹൈഅത്ത് തഹ്രീര്‍ അശ്ശാം നടത്തിയ മുന്നേറ്റം ദമസ്‌കസിലെത്തിയാണ് നിന്നത്. ബശ്ശാറിന്റെ അധികാരം സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ നിന്ന് റഷ്യ പിന്‍വാങ്ങി. പകരം അദ്ദേഹത്തിനും കുടുംബത്തിനും മോസ്‌കോയില്‍ അഭയം നല്‍കി. ബശ്ശാര്‍ പലായനം ചെയ്യുമ്പോള്‍ അധികാര ശൂന്യത സിറിയയില്‍ നിലനില്‍ക്കുന്നുണ്ട്. വിമത നേതാവ് അഹ്മദ് അശ്ശറാഇ(അബൂ മുഹമ്മദ് ജൂലാനി)ന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും പരസ്പരം പോരടിക്കുന്ന വിമത ഗ്രൂപ്പുകള്‍ ദേശീയ ഐക്യത്തിലേക്ക് ഉണര്‍ന്നിട്ടില്ല. യു എസ്, ഇസ്റാഈല്‍, തുര്‍ക്കിയ ഇടപെടലാണ് അശ്ശറാഇനെ അധികാരത്തിലെത്തിച്ചത്. അവരുടെ റിമോട്ടിലേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനാകൂ. ഐ എസിന്റെ പേര് പറഞ്ഞ് യു എസ് വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നു. കുര്‍ദുകളെ അടിച്ചമര്‍ത്താന്‍ തുര്‍ക്കിയയും. ജൂലാന്‍ കുന്നുകളും ബഫര്‍ സോണും കീഴടക്കി ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശമാണ് സിറിയയില്‍ ഇസ്റാഈല്‍ നടത്തിയിരിക്കുന്നത്. എല്ലാം ഇസ്റാഈലിന് വേണ്ടിയായിരുന്നോ എന്ന് തോന്നിക്കുന്ന നിലയിലാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. നില്‍ക്കക്കള്ളിയില്ലാതെ പുറപ്പെട്ടുപോയ മനുഷ്യര്‍ക്ക് തിരിച്ചുവരാവുന്ന സുരക്ഷിത ദേശമായി സിറിയ മാറുമോയെന്നതാകും പുതുവര്‍ഷത്തിലെ സുപ്രധാന ചോദ്യം.
കൂടുതല്‍ വലത്തോട്ട്
ലോക ജനസംഖ്യയുടെ അമ്പത് ശതമാനത്തിലേറെയാണ് 80 രാജ്യങ്ങളിലായി പോയ വര്‍ഷം വോട്ട് ചെയ്തത്. ആഗോള രാഷ്ട്രീയം തീവ്രവലതുപക്ഷത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കുന്നതിന്റെ നിരാശയാണ് ഈ തിരഞ്ഞെടുപ്പുകള്‍ അവശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി വീണ്ടും വന്നു. യു എസില്‍ ഡൊണാള്‍ഡ് ട്രംപ് സമ്പൂര്‍ണ വിജയം നേടി. തോറ്റ് പുറത്തായ പ്രസിഡന്റ് വീണ്ടും വരുന്നതടക്കം നിരവധി റെക്കോര്‍ഡുകളോടെ ആധികാരികമായാണ് ട്രംപിന്റെ തിരിച്ചുവരവ്. ഇത് ലോകത്താകെയുള്ള കുടിയേറ്റവിരുദ്ധ, മുസ്ലിംവിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാക്കിയ ഉണര്‍വ് ചില്ലറയല്ല. 2025ല്‍ ഇതിന്റെ ദൂഷ്യഫലം അനുഭവിക്കും. അത് തീരുവ യുദ്ധമായും തൊഴില്‍ പ്രതിസന്ധിയായും കരാര്‍ ലംഘനമായുമൊക്കെ കാണാനാകും.
ജര്‍മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ നിലംപതിച്ചു. പകരം വരാനിരിക്കുന്നത് നവനാസി ഉള്ളടക്കമുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡ്യൂഷ്ലാന്‍ഡ് (ജര്‍മനി) – എ എഫ് ഡിയാണ്. ഫിന്‍ലാന്‍ഡില്‍ ഫിന്‍സ് പാര്‍ട്ടിക്കാണ് മേല്‍ക്കൈ. ഫ്രാന്‍സില്‍ ഇമ്മാനുവേല്‍ മാക്രോണിന്റെ മധ്യ വലതുപക്ഷ കക്ഷിയെ മറികടന്ന് തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആര്‍ എന്‍ മുന്നേറി. ഇടതു പാര്‍ട്ടികളുടെ സഖ്യമാണ് ആര്‍ എന്നിനെ ഭരണത്തില്‍ നിന്ന് തത്കാലം അകറ്റി നിര്‍ത്തിയത്. സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെന്ന ലക്ഷണമൊത്ത അതിദേശീയതാ പാര്‍ട്ടിക്കാണ് മേല്‍ക്കൈ. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും വലത്തേക്ക് ചാഞ്ഞു കഴിഞ്ഞ കീര്‍ സ്റ്റാര്‍മറാണ് പ്രധാനമന്ത്രിയായത്. ലേബര്‍ പാര്‍ട്ടിയിലെ ഇടതു ചേരി ക്ഷയിച്ചു. ഹിറ്റ്ലര്‍ക്കാണ് പടിഞ്ഞാറ് ഡിമാന്‍ഡ്. ഇന്ത്യയില്‍ ഗോഡ്സെക്കും.
ശ്രീലങ്കന്‍ ചുവപ്പ്
ആഫ്രിക്കയില്‍ ചരിത്രപരമായ മേല്‍ക്കൈയുണ്ടായിരുന്ന ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തിരിച്ചടി നേരിട്ടു. ശ്രീലങ്കയില്‍ സിംഹളാധിപത്യം തകര്‍ത്ത് ജനവിമുക്തി പെരമുനയെന്ന ഇടത് പാര്‍ട്ടി ജയിച്ചുവെന്നതാണ് വലിയ രാഷ്ട്രീയ ആശ്വാസം. അവിടെ അനുര കുമാര ദിസ്സനായകെ (എ കെ ഡി) പ്രസിഡന്റായി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ചുവപ്പന്‍ പാര്‍ട്ടി മേല്‍ക്കൈ പിടിച്ചു. അവിടെ ചൈനയുടെ മൂക്കുകയറില്‍ നിന്ന് കുതറാന്‍ എ കെ ഡിക്ക് കഴിയുമോയെന്ന് ഇക്കൊല്ലം തന്നെ അറിയാനാകും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്സിക്കോയിലും യുറുഗ്വേയിലും വെനിസ്വേലയിലും ഇടതുപക്ഷം വിജയിച്ചു.
ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും ശൈഖ ഹസീനയുടെ അവാമി ലീഗിന് ഭരിക്കാനായില്ല. തിരഞ്ഞെടുപ്പ് തന്നെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഹസീനയുടെ സ്വേച്ഛാധിപത്യ, സ്വജന പക്ഷപാത സമീപനങ്ങളില്‍ വമ്പന്‍ പ്രതിഷേധമുയര്‍ന്നു. അവര്‍ക്ക് വിശ്വസ്ത സുഹൃത്ത് നരേന്ദ്ര മോദിയുടെ ആപത്ബാന്ധവം സ്വീകരിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നു. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറാണ് ബംഗ്ലാദേശില്‍ അധികാരത്തിലുള്ളത്. അവിടെ നിന്ന് ന്യൂനപക്ഷ വേട്ടയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. മോദി സര്‍ക്കാര്‍ അക്കാര്യത്തില്‍ കര്‍ക്കശ നിലപാടെടുക്കുന്നുണ്ട്. പിറവിയിലും വളര്‍ച്ചയിലും ഇന്ത്യയോട് അഗാധ ബന്ധം പുലര്‍ത്തിയ ആ രാജ്യവും മറ്റൊരു സൗഹൃദത്തിലേക്ക് നീങ്ങുകയാണോ? പാക്, ചൈനാ അനുകൂല ശക്തികളാണോ അവിടെ തലപൊക്കുന്നത്? വരും മാസങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാകും.
വെളിച്ചമുണ്ട്
ഈ നിരാശകള്‍ക്കിടയിലും പ്രതീക്ഷയുടെ വെളിച്ചം കാണാതെ പോകരുത്. ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ തെമ്മാടിക്കൂട്ടം തെരുവിലിറങ്ങിയപ്പോള്‍ മതേതരവാദികള്‍ ഒറ്റക്കെട്ടായി ചെറുത്ത് അവരെ അടിച്ചോടിച്ചത് ആഗസ്റ്റില്‍ കണ്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതി നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് വന്നു. ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷമുണ്ടായി. ഹമാസ്- ഫതഹ് ഐക്യം ശക്തമായി. ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റിനെ ജനം നേരിട്ടു. അദ്ദേഹത്തെ പാര്‍ലിമെന്റ് ഇംപീച്ച് ചെയ്തു. രാഷ്ട്രീയ ബോധമുള്ള മനുഷ്യരുടെ കുറ്റിയറ്റ് പോകില്ല.