Connect with us

Articles

ഉറച്ച ശബ്ദങ്ങൾ ഇനിയുമുണ്ട്

തന്റെ രാജ്യം ഫലസ്തീനിനെ അംഗീകരിച്ച് നീതിയുടെ പക്ഷത്ത് നിൽക്കണമെന്ന് ആസ്ത്രേലിയൻ പാർലിമെന്റിൽ ആവശ്യപ്പെട്ട ഫാത്വിമ പേമാൻ ഒരു ഭൂഖണ്ഡത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ്. ഭരണകക്ഷി അംഗമായ ഫാത്വിമ പേമാൻ തന്റെ പാർട്ടിയായ ലേബർപാർട്ടിയെ ഞെട്ടിച്ചുകൊണ്ട് ഫലസ്തീൻ വിഷയത്തിൽ പ്രതിപക്ഷ പാർട്ടിയായ ആസ്ത്രേലിയൻ ഗ്രീൻസ് പാർട്ടി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.

Published

|

Last Updated

ആസ്ത്രേലിയൻ പാർലിമെന്റിൽ പുതു ചരിത്രം കുറിച്ച ഫാത്വിമ പേമാൻ മറ്റൊരു ചരിത്രത്തിന്റെ വാക്താവായി മാറിയിരിക്കയാണ്. ഹിജാബ് നിരോധിക്കണമെന്ന് ചർച്ച ചെയ്യപ്പെട്ട ആസ്ത്രേലിയൻ പാർലിമെന്റിൽ ഹിജാബ് ധരിച്ചു കടന്നുചെന്ന ധീര വനിതയാണ് ഫാത്വിമ പേമാൻ. പഠനകാലത്ത് യൂനിവേഴ്‌സിറ്റിയിൽ പൊതു നിരത്തിൽ വെച്ച് അവരുടെ ഹിജാബ് നീക്കം ചെയ്യാൻ ചിലർ ശ്രമങ്ങൾ നടത്തുകയുണ്ടായി. അത്തരം എതിർപ്പുകളെ അതിജീവിച്ചു കൊണ്ട് പാർലിമെന്റിലെത്തിയ അവർ കന്നി പ്രസംഗത്തിൽ ഹിജാബിനെ കുറിച്ചു സംസാരിക്കുകയുണ്ടായി. അൻപതോ നൂറോ വർഷം മുമ്പ് ആസ്ത്രേലിയൻ പാർലമെന്റിന് ചിന്തിക്കാൻ സാധിക്കാത്തതായിരുന്നു ഹിജാബ് ധരിച്ച ഒരു വനിതയുടെ ഇവിടേക്കുള്ള പ്രവേശനം. എനിക്ക് എന്റെ മതത്തെയും രാജ്യത്തെയും വേറിട്ടു കാണാൻ ആകില്ല ഞാൻ പഠിച്ചതും എന്നെ പഠിപ്പിച്ചതും അതാണ്. ആസ്ത്രേലിയ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന മഹത്തായ രാജ്യമാണ്…
ഫാത്വിമ പേമാന്റെ മറ്റൊരു പ്രസംഗം കൂടി രാജ്യം ചർച്ച ചെയ്യപ്പെടുകയാണ്. പിറന്ന മണ്ണിൽ അന്യരായി കഴിയുന്ന ഒരു ജനതയുടെ അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി തന്റെ രാജ്യം ഫലസ്തീനിനെ അംഗീകരിച്ച് നീതിയുടെ പക്ഷത്ത് നിൽക്കണമെന്ന് ആസ്ത്രേലിയൻ പാർലിമെന്റിൽ ആവശ്യപ്പെട്ട ആ 29കാരി ഒരു ഭൂഖണ്ഡത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ്.

ഭരണകക്ഷി അംഗമായ ഫാത്വിമ പേമാൻ തന്റെ പാർട്ടിയായ ലേബർപാർട്ടിയെ ഞെട്ടിച്ചുകൊണ്ട് ഫലസ്തീൻ വിഷയത്തിൽ പ്രതിപക്ഷ പാർട്ടിയായ ആസ്ത്രേലിയൻ ഗ്രീൻസ് പാർട്ടി കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. ഗ്രീൻസ് പാർട്ടിയുടെ പ്രമേയം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ടതിനെകുറിച്ചു സെനറ്റ് അടിയന്തരമായി ചർച്ച ചെയ്യണമെന്നായിരുന്നു. നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിന് രണ്ട് രാഷ്ട്രങ്ങളെയും അംഗീകരിക്കണമെന്ന ഭേദഗതി ലേബർ പാർട്ടി നിർദേശിച്ചെങ്കിലും പ്രമേയ അവതാരകനായ ഗ്രീൻസ് പാർട്ടി നേതാവ് ആദം ബാൻഡ് അത് അംഗീകരിച്ചില്ല. സ്വതന്ത്ര അംഗങ്ങളും ഫാത്വിമ പേമാനും ഉൾപ്പെടെ പ്രമേയത്തെ പിന്തുണച്ചെങ്കിലും വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെട്ടു. പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയും പ്രമേയത്തെ എതിർത്തു.
പ്രതിപക്ഷമായ ഗ്രീൻസ് പാർട്ടിയെ പിന്തുണച്ചത് പ്രയാസകരമായ തീരുമാനമായിരുന്നു. എന്നാൽ ആതീരുമാനം തെറ്റായിരുന്നില്ല. മറ്റുള്ളവർ പിന്തുണക്കാത്തതിലെ പ്രയാസം ഫാത്വിമ പാർലിമെന്റിൽ പങ്കുവെച്ചു.

ആസ്ത്രേലിയൻ സർക്കാറിന്റേത് ദ്വിരാഷ്ട്ര നിലപാടിനെ പിന്തുണക്കുന്ന നയമാണ്. സർക്കാറിന്റെ ഭാഗമായ ഫാത്വിമ പേമാൻ ചോദ്യം ചെയ്തിരിക്കുന്നത് ആ നിലപാടിനെയാണ്. പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ടു ചെയ്ത ഫാത്വിമ പേമാനെ ലേബർപാർട്ടി പുറത്താക്കിയിരിക്കയാണ്. ഫാത്വിമയെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിട്ടത് ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ആന്റണി അൽബനീസ് ആണ്. ആദ്യം പുറത്തുവന്നത് പാർട്ടിയിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പായിരുന്നു. ആസ്ത്രേലിയൻ ബ്രോഡ് കാസ്റ്റിംഗ് ടി വി ചാനലുമായുള്ള അഭിമുഖത്തിൽ ഫാത്വിമ നിലപാട് ആവർത്തിച്ചതിനെ തുടർന്നാണ് അവരെ ലേബർ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതേകുറിച്ചു ഫാത്വിമ പറഞ്ഞത് എന്നെ തെരുവിൽ തടഞ്ഞുനിർത്തി, തോറ്റുകൊടുക്കരുതെന്ന് പറഞ്ഞ പടിഞ്ഞാറൻ ആസ്ത്രേലിയക്കാർക്കൊപ്പമാണ് എന്റെ യാത്ര. അനീതിക്കെതിരെ പ്രവർത്തിക്കണമെന്ന് എന്നോട് പറഞ്ഞ ലേബർ പാർട്ടി അംഗങ്ങൾക്കൊപ്പമാണ് എന്റെ യാത്ര. ഞാൻ പ്രവർത്തിക്കുന്നത് ലേബർ പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടാണ്.
ജനങ്ങൾ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് സമത്വവും നീതിയും ന്യായവും ഉയർത്തിപ്പിടിച്ച് ശബ്ദമില്ലാത്തവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കാനാണ്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ജനങ്ങളെ സേവിക്കുകയും അന്തരിച്ച എന്റെ പിതാവ് എന്നിൽ പകർന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയുമാണ് എന്റെ ലക്ഷ്യം. ഏറെക്കാലമായി എന്റെ മനസ്സ് അസ്വസ്ഥമാണ്. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണ്, മറിച്ചാണെന്ന വാദം ശരിയല്ല.
2022ൽ നടന്ന ഫെഡറൽ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ സെനറ്റ് അംഗമായി ഫാത്വിമ പേമാൻ തിരഞ്ഞെടുക്കപ്പെട്ടത് വെസ്റ്റേൺ ആസ്ത്രേലിയൻ മണ്ഡലത്തിൽ നിന്നാണ്. പാർലിമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ഫാത്വിമ സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് 27ാം വയസ്സിലാണ്. ആസ്ത്രേലിയൻ പാർലിമെന്റിന്റെ കാലാവധി ആറ് വർഷമാണ്.
പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്ന് വിദേശകാര്യം, പ്രതിരോധം, വ്യാപാരം എന്നിവക്കായുള്ള സംയുക്ത പാർലിമെന്ററി കമ്മിറ്റിയിൽ നിന്ന് ഫാത്വിമ പേമാൻ രാജി സമർപ്പിക്കുകയുണ്ടായി. 2028 വരെ സെനറ്റംഗമായി തുടരാൻ അവർക്ക് അവകാശമുണ്ട്. പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിൽക്കുകയാണെങ്കിൽ പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന പ്രധാനമന്ത്രി ആൽബനീസ് നിർദേശിക്കുകയുണ്ടായി.

എന്നാൽ ഫാത്വിമ പിന്നീട് ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി അറിയിക്കുകയുണ്ടായി. തീവ്രവാദ നിയമവുമായി ബന്ധപ്പെട്ട് 2005ൽ പാർട്ടി നിലപാടിനു വിരുദ്ധമായി വോട്ട് ചെയ്ത ടാസ്മാനിയനിൽ നിന്നുള്ള സെനറ്റർ ഹാരി ക്വിക്കിനെ ലേബർ പാർട്ടി പുറത്താക്കിയിരുന്നു. അതിന് ശേഷം സമാന നിലപാടിൽ പാർട്ടി പുറത്താക്കുന്നത് ഫാത്വിമ പേമാനെയാണ്.
1995ൽ അഫ്ഗാനിസ്്താൻ തലസ്ഥാനമായ കാബൂളിൽ ജനിച്ച ഫാത്വിമ 1999ൽ കുടുംബത്തോടൊപ്പം അഭയാർഥിയായി ആസ്ത്രേലിയയിൽ അഭയം തേടുകയായിരുന്നു. വെസ്റ്റേൺ ആസ്ത്രേലിയ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി എ ബിരുദവും ബി ഫാം ഡിപ്ലോമയും നേടിയ അവർ രാഷ്ട്രീയ മേഖലയിൽ സജീവമായി. 2019ൽ മൾട്ടി കൾച്ചറൽ ലേബർ ബ്രാഞ്ചിന്റെയും 2020 ൽ യംഗ് ലേബറിന്റെ ഇക്വിറ്റി ആൻഡ് ഡൈവേഴ്സിറ്റിയുടെയും സെക്രട്ടറിയായും 2021ൽ യംഗ് ലേബറിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

2022ലെ ആസ്ത്രേലിയൻ മുസ്്ലിം റോൾ മോഡൽ ഓഫ് ദ ഇയർ പുരസ്‌കാരത്തിന് ഫാത്വിമ അർഹയായി. ഫാത്വിമക്കെതിരെ നടപടി സ്വീകരിച്ചതിൽ ലേബർ പാർട്ടിയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്.

ഇസ്റാഈലിനെതിരെ ആസ്ത്രേലിയൻ തെരുവുകളിൽ പ്രതിഷേധം പതിവാണ്. കലാലയങ്ങളിൽ വിദ്യാർഥികൾ പഠിപ്പു മുടക്കി പ്രതിഷേധിക്കുകയുണ്ടായി. ലേബർ പാർട്ടിയുടെ ശക്തിയായി അറിയപ്പെടുന്ന ഓസ്‌ട്രേലിയയിലെ മുസ്്ലിം സമൂഹം ഫാത്വിമയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധത്തിലാണ്. വിദ്യാഭ്യാസ മന്ത്രി ജയ്‌സൺ ക്ലെയറും. തൊഴിൽ മന്ത്രി ടോണി ബർക്കിയും പ്രതിനിധീകരിക്കുന്ന പശ്ചിമ സിഡ്‌നിയിലെ രണ്ട് മണ്ഡലങ്ങൾ മുസ്്ലിം ശക്തി കേന്ദ്രങ്ങളാണ്. ഇതിനിടെ പാർലിമെന്റ് അംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഫാത്വിമ പേമാൻ ഫേസ് ബുക്കിൽ കുറിച്ചു. ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളോട് പ്രതികരിക്കുന്നതിൽ ആസ്ത്രേലിയൻ സർക്കാർ പരാജയപ്പെട്ടതായി അവർ കുറ്റപ്പെടുത്തി. ഇസ്റാഈലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഫാത്വിമ നേരത്തെ പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള ലേബർ പാർട്ടിയിൽ രാജ്യത്തെ മുസ്്ലിംകളെ ബന്ധിപ്പിക്കുന്നതിലെ ഒരു ഘടകം ഫാത്വിമ പേമാൻ ആണ്. രാജ്യത്തെ ജനസംഖ്യയിൽ 3.2 ശതമാനം മുസ്്ലിംകളാണ്. ഇവരിൽ 36 ശതമാനം പേർ ആരാജ്യത്ത് ജനിച്ചു വളർന്നവരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 2.67 കോടിയാണ്. 16, 17 നൂറ്റാണ്ടുകളിൽ ഇന്തോനേഷ്യയിൽ നിന്നുള്ള മുസ്്ലിംകൾ ആസ്ത്രേലിയയിൽ വാസം ഉറപ്പിച്ചതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് ഒരു നൂറ്റാണ്ട് മുമ്പ് സിറിയ, ലബനാൻ എന്നിവിടങ്ങളിൽ നിന്ന് മുസ്്ലിംകൾ കുടിയേറിത്തുടങ്ങി. ഇവിടെ നൂറ്റാണ്ട് പഴക്കമുള്ള പള്ളികൾ ഇപ്പോഴും പരിപാലിച്ചു പോരുന്നു. അവയിൽ ഒന്നാണ് സൗത്ത് ആസ്ത്രേലിയയിലെ അഡ്്ലെയ്ഡ് മസ്ജിദ്. ഈപള്ളി പണിതത് 1888- 89ലാണ്.

ഫാത്വിമയുടെ പ്രവർത്തനങ്ങൾ അവർ പ്രതിനിധീകരിക്കുന്ന സമൂഹത്തോടും തത്ത്വങ്ങളോടും നയങ്ങളോടും പൂർണമായും പൊരുത്തപ്പെടുന്നതാണെന്ന് ആസ്ത്രേലിയയിലെ ലേബർ ഫ്രണ്ട്‌സ് ഓഫ് പലസ്തീൻ പ്രസ്താവിച്ചു. ആസ്ത്രേലിയൻ നാഷനൽ ഇമാംസ് കൗൺസിലും ഓസ്ട്രേലിയൻ ഗ്രീൻസ് നേതാവ് ആദം ബാൻഡും ഫാത്വിമയുടെ നിലപാടിനെ പ്രശംസിക്കുകയുണ്ടായി.
യുദ്ധ കുറ്റവാളികൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ഫലസ്തീൻ അനുകൂലികൾ കാൻബറയിലെ പാർലിമെന്റ് കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. പാർലിമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് ഒരു വനിത ഉൾപ്പെട്ട നാല് അംഗ സംഘം പാർലിമെന്റ് കെട്ടിടത്തിന് മുകളിൽ കറുത്ത ബാനർ കെട്ടി പ്രതിഷേധിച്ചത്.