Connect with us

Prathivaram

ആ കാൽപ്പാദങ്ങളിൽ കണ്ണീരുപ്പുണ്ട്

ഒരു പ്രവാഹം ഡല്‍ഹിയിലേക്കുള്ള ദേശീയപാതകളിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സംസ്ഥാന അതിര്‍ത്തികളില്‍ അണക്കെട്ടുപോലെ മതിലുകള്‍ തീര്‍ത്തിട്ടും കര്‍ഷക പ്രവാഹം മുന്നോട്ടുനീങ്ങുകയാണ്. ന്യായവിലക്കായുള്ള നിയമം ഉള്‍പ്പെടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് മറുപടി തേടിയാണ് വയലുകളില്‍ ഉഴുതലുകള്‍ നിര്‍ത്തിവെച്ച് ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട കര്‍ഷകരുടെ ചോരയില്‍ പൊതിഞ്ഞ മുദ്രവാക്യങ്ങള്‍ വയലുകളിലും നഗരങ്ങളിലും ഒരുപോലെ പ്രതിധ്വനിക്കുന്ന ശബ്ദങ്ങളുടെ ശക്തമായ സിംഫണിയായി ഉയര്‍ന്നുവരുന്നു. കര്‍ഷക വിരുദ്ധമായ കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പുതിയ കഥയായി വികസിക്കുകയാണ് കര്‍ഷക പ്രക്ഷോഭം.

Published

|

Last Updated

ഞ്ചാബിലെ വയലുകളില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്താല്‍ അടയാളപ്പെടുത്തിയ വിയോജിപ്പിന്റെ ശക്തമായ ഒരു പ്രവാഹം ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകളിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സംസ്ഥാന അതിര്‍ത്തികളില്‍ അണക്കെട്ടുപോലെ മതിലുകള്‍ തീര്‍ത്തിട്ടും കര്‍ഷക പ്രവാഹം മുന്നോട്ടുനീങ്ങുകയാണ്. ന്യായവിലക്കായുള്ള നിയമം ഉള്‍പ്പെടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് മറുപടി തേടിയാണ് വയലുകളില്‍ ഉഴുതലുകള്‍ നിര്‍ത്തിവെച്ച് ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാന പോലീസും അര്‍ധസൈനിക വിഭാഗവും ചേര്‍ന്ന് റോഡുകളില്‍ മതിലുകള്‍ കെട്ടിയും കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചും തടയാന്‍ ശ്രമിച്ചിട്ടും കര്‍ഷകര്‍ പിന്നോട്ടില്ല. അതിനിടെ, പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായി അഞ്ച് കര്‍ഷകര്‍ മരണത്തിന് കീഴടങ്ങി.

23 കാരനായ യുവ കര്‍ഷകന്‍ ശുഭ്കരന്‍ സിംഗ് ഹരിയാന പോലീസിന്റെ റബ്ബര്‍ ബുള്ളറ്റ്‌ കൊണ്ടും പോലീസ് അതിക്രമത്തിനിടെ പരുക്കേറ്റ 62 വയസ്സുകാരന്‍ ദര്‍ശന്‍ സിംഗും കൊല്ലപ്പെട്ടതോടെ കര്‍ഷക സമരത്തിന്റെ നിറം തന്നെ മാറുന്ന കാഴ്ചയാണ് കാണുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ ചോരയില്‍ പൊതിഞ്ഞ മുദ്രാവാക്യങ്ങള്‍ വയലുകളിലും നഗരങ്ങളിലും ഒരുപോലെ പ്രതിധ്വനിക്കുന്ന ശബ്ദങ്ങളുടെ ശക്തമായ സിംഫണിയായി ഉയര്‍ന്നുവരുന്നു. കര്‍ഷക വിരുദ്ധമായ കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പുതിയ കഥയായി വികസിക്കുകയാണ് കര്‍ഷക പ്രക്ഷോഭം. വയലുകളും ദേശീയ പാതകളും അരങ്ങുകളായി മാറുകയും വിയോജിപ്പിന്റെ വിത്തുകള്‍ മാറ്റത്തിന്റെ ഒരു പാടം വിതയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യത്ത് കാണാനിരിക്കുന്നത്.

രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗമായ കര്‍ഷക സമൂഹം സുപ്രധാനമായ പന്ത്രണ്ട് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് മോദി സര്‍ക്കാറിനെതിരെയുള്ള രണ്ടാം കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പിലാക്കുക എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ പ്രധാന മുദ്രാവാക്യമായി അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും കടം പൂര്‍ണമായും എഴുതിത്തള്ളുക, കര്‍ഷകരുടെ രേഖാമൂലമുള്ള സമ്മതവും നിരക്കിന്റെ നാലിരട്ടി നഷ്ടപരിഹാരവും ഉറപ്പാക്കി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം രാജ്യവ്യാപകമായി പുനഃസ്ഥാപിക്കുക, ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ കുറ്റവാളികളെ ശിക്ഷിക്കുകയും ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുക , വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുകയും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക, 2020ലെ ഡല്‍ഹി പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഒരു കുടുംബാംഗത്തിന് ജോലി വാഗ്ദാനം ചെയ്യുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി കൃഷിയുമായി ബന്ധിപ്പിക്കുക. പ്രതിവര്‍ഷം 200 ദിവസത്തെ തൊഴിലും 700 ദിവസത്തെ വേതനവും നല്‍കുക, വ്യാജ വിത്ത്, കീടനാശിനികള്‍, വളങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് കര്‍ശനമായ പിഴ ചുമത്തുകയും വിത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക, മുളക്, മഞ്ഞള്‍, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവക്കായി ഒരു ദേശീയ കമ്മിഷന്‍ രൂപവത്കരിക്കുക, ആദിവാസി ഭൂമി കൊള്ളയടിക്കുന്ന കമ്പനികളെ തടയുക, വെള്ളം, വനം, ഭൂമി എന്നിവയുടെ മേലുള്ള തദ്ദേശവാസികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവ രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. നേരത്തെ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടത്തിയ ഐതിഹാസിക സമര കാലത്ത് കേന്ദ്രം ഈ ആവശ്യങ്ങളെല്ലാം നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തതാണ്.

ന്യായവിലക്കായുള്ള നിയമം കൊണ്ടുവരാന്‍ സമിതി വരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പടുത്തിട്ടും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് മിണ്ടാട്ടമില്ലാതായതോടെയാണ് വയലുകളില്‍ നിന്ന് ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് റോഡുകളിലേക്ക് തിരിക്കേണ്ടിവന്നത്.
പഞ്ചാബിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഈ മാസം 13നാണ് ഡല്‍ഹി ലക്ഷ്യമാക്കി ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ ഇറങ്ങിയത്. ശൈത്യകാല വിളവെടുപ്പ്് വയലുകളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയും അടുത്ത ഘട്ടത്തിലെ വിത്തിറക്കുന്നതിനായി നിലമൊരുക്കുകയും ചെയ്യേണ്ട സമയത്താണ് അന്നദാതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റൂവെന്നാവശ്യപ്പെട്ട് ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

പ്രക്ഷോഭം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളും ഡല്‍ഹി പോലീസും അര്‍ധ സൈനിക വിഭാഗവും ചേര്‍ന്ന് അടച്ചിരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രി, സംഘു ഉള്‍പ്പെടെയുള്ളവ മുള്ളുവേലികളും മറ്റും സ്ഥാപിച്ച് രാജ്യാതിര്‍ത്തിപോലെയാക്കി. റോഡുകളില്‍ ആണികള്‍ സ്ഥാപിച്ചും കിടങ്ങുകള്‍ കുഴിച്ചും ഒരു വീലുകളും ഉരുളില്ലെന്നുറപ്പാക്കി. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലും സമാനമായ ഒരുക്കങ്ങള്‍ നടന്നു. കെട്ടിയടച്ച അതിത്തികളിലേക്ക് രാജ്യത്തെ ഊട്ടുന്ന സമൂഹം അവരുടെ ട്രാക്ടറുകളും ട്രോളികളുമായി എത്തി. ആയിരക്കണക്കിന് ട്രാക്ടറുകളാണ് ഡല്‍ഹി-ഹരിയാന ദേശീയ പാതകളില്‍ ഡല്‍ഹിയിലേക്കുള്ള പ്രവേശനവും കാത്ത് നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, കര്‍ഷക സമൂഹത്തെ ഒരിക്കലും ഡല്‍ഹിയിലേക്ക് വിടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമായിരുന്നു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ചര്‍ച്ചക്ക് വരുന്നത് പോലും കേന്ദ്രം തടഞ്ഞു. പകരം പിയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മൂന്ന് മന്ത്രിമാരെ കേന്ദ്രം ചണ്ഡിഗഢിലേക്കയച്ചു.

പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്രം പയറുവർഗങ്ങള്‍, ചോളം, പരുത്തി എന്നിവ സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി അഞ്ച് വര്‍ഷ കരാറിലേര്‍പ്പെടാമെന്നായി. നാഷനല്‍ കോ-ഒാപറേറ്റീവ് കൺസ്യൂമര്‍ ഫെഡറേഷന്‍ (എന്‍ സി സി എഫ്) , നാഷനല്‍ അഗ്രികള്‍ച്ചറല്‍ കോ-ഒാപറേറ്റീവ്് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫേഡ്) എന്നിവര്‍ കര്‍ഷകരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടുന്നതായിരുന്നു നിര്‍ദേശം. ഈ കരാര്‍ പ്രകാരം മൂന്ന് വിളകളും താങ്ങുവില നിരക്കിലായിരിക്കും വാങ്ങുകയെന്നും വാങ്ങല്‍ അളവുകള്‍ക്ക് പരിധിവെക്കില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഒരു വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ മുന്നോട്ടുവെച്ചു. കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത്, നിര്‍ദേശം തള്ളി. ചോളത്തിനും പരിപ്പിനും മാത്രമല്ല 23 വിളകള്‍ക്കും സര്‍ക്കാര്‍ താങ്ങുവില ഉറപ്പ് നല്‍കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു. ഈ അപൂർണമായ നിർദേശത്തില്‍ നിന്ന് പഞ്ചാബ്, ഹരിയാന കര്‍ഷകര്‍ക്ക് ഒരു പ്രയോജനവുമില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. സമരം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

തുടര്‍ന്ന് ഈ മാസം 21ന് മാര്‍ച്ച് വീണ്ടും ആരംഭിച്ചപ്പോഴാണ് കര്‍ഷര്‍ക്ക് നേരെ ഹരിയാന പോലീസ് ക്രൂരമായ നടപടികള്‍ കൈക്കൊള്ളുകയും പോലീസിന്റെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗത്തിനിടെ യുവ കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. വെള്ളിയാഴ്ച രാജ്യത്താകെ കര്‍ഷകര്‍ കരിദിനം ആചരിച്ചു. രാജ്യത്താകെ പ്രതിഷേധ ജ്വാല ഉയരുന്നു. പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തെരുവുകള്‍ പ്രക്ഷോഭങ്ങളാല്‍ നിറക്കുന്നു. ടോള്‍ പ്ലാസകള്‍ ഉപരോധിച്ചും കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തിയും പോലീസ് നടപടിയിലും കേന്ദ്രസര്‍ക്കാര്‍ സമീപനത്തിലുമുള്ള പ്രതിഷേധം അടയാളപ്പെടുത്തി. റെയില്‍വേ ഉപരോധവും ചിലയിടങ്ങളില്‍ നടന്നു. ഹരിയാന , പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് പുറമെ പ്രക്ഷോഭം രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നുണ്ട്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളര്‍ ഈ മേഖലയില്‍ നിന്നുള്ളവരാണ്. ഇത് മുന്നില്‍ കണ്ട് ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രം കര്‍ഷക ജനതയുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ആളിപ്പടരും. കര്‍ഷകരുടെ കൊലപാതകത്തില്‍ പങ്കാളികളായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26ന് ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച യോഗം ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം 14ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കര്‍ഷക മഹാപഞ്ചായത്ത് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിറകോട്ടില്ലെന്ന് കര്‍ഷക സമൂഹം പ്രഖ്യാപിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി, പോലീസുകാര്‍ക്കെതിരെ നടപടി തുടങ്ങിയവ കൂടി സമര ആവശ്യങ്ങളുടെ പട്ടികയിലേക്ക് കര്‍ഷകര്‍ ഉള്‍പ്പെടുത്തി.

കര്‍ഷക സമൂഹത്തിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ മുന്നില്‍ മുട്ടുമടക്കിയ ചരിത്രമേ ലോകത്തിലെ ഏത് ഭരണകൂടങ്ങൾക്കുമുള്ളൂവെന്നത് യാഥാര്‍ഥ്യമാണ്. 2021ല്‍ ഇന്ത്യയില്‍ അത് കണ്ടതാണ്. അതി ശൈത്യവും ഉഷ്ണവും വകവെക്കാതെ കര്‍ഷക സമൂഹം ഒന്നാകെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ തമ്പടിച്ചതോടെ കേന്ദ്ര സര്‍ക്കാറിന് മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കേണ്ടിവന്നിരുന്നു. അന്ന് സമരം അവസാനിപ്പിക്കുന്നതിനായി നല്‍കിയ ശേഷിക്കുന്ന ഉറപ്പുകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ഡല്‍ഹിപിടിക്കുന്നത്. കര്‍ഷക ലക്ഷ്യങ്ങളുടെ നേട്ടവുമായിട്ടായിരിക്കും രണ്ടാം കര്‍ഷക സമരത്തിന്റെയും പര്യവസാനമെന്നുറപ്പാണ്.

രാജ്യത്തിന്റെ വിസ്തൃതമായ വയലുകളും തെരുവുകളും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും ക്യാന്‍വാസായി മാറുന്ന കാഴ്ചയാണ് വരാനിരിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. പ്രക്ഷോഭവുമായി കര്‍ഷക ജനം ഉറച്ചുനില്‍ക്കുമ്പോള്‍ അവരുന്നയിക്കുന്ന ആശങ്കകള്‍ക്കൊപ്പം രാജ്യമാകെ നിലകൊള്ളേണ്ടതുണ്ട്.
.

Latest