Connect with us

JIFRI THANGAL LIFE THREAT

പല ഭാഗത്ത് നിന്നും ഭീഷണിയുണ്ട്; പിറകോട്ട് പോകില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ടെന്ന് തങ്ങള്‍

Published

|

Last Updated

മലപ്പുറം | തനിക്ക് പല ഭാഗതത് നിന്നും ഭീഷണി കോളുകള്‍ വരുന്നുവെന്നും എന്നാല്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ഇ കെ വിഭാഗം നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ടെന്ന് തങ്ങള്‍ വെളിപ്പെടുത്തി. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി എമ്മിന്റെ (ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാര്‍) അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം… പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്. ഞാന്‍ പറയാന്‍ പോകുകയാണ്… അങ്ങിനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍… ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍… എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി. ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ഞാന്‍ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങിനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ ചെയ്യട്ടെ’ – തങ്ങള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിക്കെതിരെ പരസ്യ നിലാപട് എടുത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഭീഷണിയും ഉയരുന്നത്. പള്ളിയില്‍ വഖഫ് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തെ തങ്ങള്‍ തള്ളിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച റാലിയിലും തങ്ങള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.