Connect with us

Articles

ഒറ്റ തിരഞ്ഞെടുപ്പിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പാക്കാൻ 18 ഭരണഘടനാ ഭേദഗതികൾ വേണ്ടിവരും. ഇവയിൽ ഭൂരിപക്ഷത്തിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണം. ഏക വോട്ടർപട്ടിക, ഐ ഡി കാർഡ് എന്നിവക്ക് പാർലിമെന്റിനൊപ്പം 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരവും വേണ്ടിവരും. തൂക്കുസഭകൾ വന്നാലുള്ള പരിഹാരമാർഗങ്ങളിലടക്കം കൂടുതൽ ചർച്ചകളും ആവശ്യമാണ്.

Published

|

Last Updated

ഇന്ത്യാ മഹാരാജ്യം വിപുലമായ ജനാധിപത്യാവകാശങ്ങൾ ജനങ്ങൾക്ക് നൽകിയിരിക്കുന്നുവെന്നാണ് പൊതവെ കരുതപ്പെടുന്നത്. ഈ ജനാധിപത്യാവകാശങ്ങൾ ഭരണഘടനാപരമാണ്. ലോക്‌സഭ മുതൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചും അതിന്റെ വോട്ടർപട്ടികയെ സംബന്ധിച്ചുമെല്ലാം ഈ ഭരണഘടയിൽത്തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പാർലിമെന്റിനോ, നിയമസഭക്കോ വളരെയെളുപ്പം ഈ വ്യവസ്ഥകളെ മാറ്റുക അസാധ്യവുമാണ്.
നമ്മുടെ ഭരണഘടന തുടങ്ങുന്നതുതന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തുകൊണ്ടാണ്. അതിന്റെ ആമുഖത്തിൽ ഇപ്രകാരം പറയുന്നു: “”ഇന്ത്യയെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കായി സംഘടിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ അവധാനപൂർവം തീരുമാനിച്ചിരിക്കുന്നു.” ഇതേ ആശയം ഭരണഘടനയിൽ പല സ്ഥലത്തും ആവർത്തിക്കുന്നുണ്ട് – വിശേഷിച്ചും തിരഞ്ഞെടുപ്പുകൾ പ്രതിപാദിക്കുന്ന അധ്യായങ്ങളിൽ.
ഇന്ത്യൻ ഭരണഘടനയിൽ തിരഞ്ഞെടുപ്പുകളെപ്പറ്റി ഒരു പ്രത്യേക അധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഭരണഘടനയിൽ നിന്ന് ഇന്ത്യൻ ഭരണഘടനക്കുള്ള ഒരു പ്രത്യേകതയാണിത്. കാരണം മിക്ക ഭരണഘടനകളും തിരഞ്ഞെടുപ്പിനെ നിയമസഭക്ക് തീരുമാനമെടുക്കാൻ വിടുന്ന താരതമ്യേന അപ്രധാന വിഷയമായി കാണുന്നു. നമ്മുടെ ഭരണഘടനാ നിർമാണസഭയാകട്ടെ ഭരണഘടനയുടെ ഒരു അവിഭാജ്യ ഘടകമെന്ന നിലയിലാണ് അതിനെ കണ്ടത്. അതുകൊണ്ട് മൗലികാവകാശങ്ങൾക്കായി രൂപവത്കരിച്ചിരുന്ന കമ്മിറ്റിയെത്തന്നെ ഇതു സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തി. മൗലികാവകാശങ്ങളിലൊന്നായി തിരഞ്ഞെടുപ്പിനെ കരുതണമെന്നും അതിനെ സർക്കാറിന്റെ കൈകടത്തലിൽനിന്ന് രക്ഷിക്കണമെന്നും സ്വതന്ത്രമായ തിരഞ്ഞടുപ്പിന് സ്വാതന്ത്ര്യം നൽകണമെന്നും അതിനുവേണ്ട വ്യക്തമായ വ്യവസ്ഥകൾ ചെയ്യണമെന്നും ഈ കമ്മിറ്റിയോട് ഭരണഘടനാ നിർമാണസഭ നിർദേശിക്കുകയും ചെയ്തു.
ഭരണഘടനയിലെ 327ാം അനുച്ഛേദമനുസരിച്ച് പാർലിമെന്റിന് സംസ്ഥാന നിയമസഭകളിലേതുമുൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളെയും സംബന്ധിക്കുന്ന നിയമം നിർമിക്കാനുള്ള പരമാധികാരം നിക്ഷിപ്തമായിരിക്കുന്നു. 328ാം വകുപ്പനുസരിച്ച് തിരഞ്ഞെടുപ്പ് സംബന്ധമായ ചില നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും കൊടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ആവശ്യമായ വിശദ നിയമങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് പ്രധാന വ്യവസ്ഥകൾ പാർലിമെന്റ് പാസ്സാക്കിയിട്ടുണ്ട്. ആദ്യത്തേത് 1950ലെ “റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട്” ആയിരുന്നു. അതിൽ സമ്മതിദായകരുടെ യോഗ്യതകളും സമ്മതിദായക പട്ടികകൾ ഉണ്ടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളുമാണുള്ളത്. രണ്ടാമത്തെ തിരഞ്ഞെടുപ്പ് നിയമമായ 1951ലെ “റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ടിൽ” തിരഞ്ഞെടുപ്പ് നടത്തുന്ന രീതി, പോളിംഗ് സംബന്ധിച്ചുള്ള സംഗതികൾ, തർക്കങ്ങൾ, ഉപതിരഞ്ഞെടുപ്പുകൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ രണ്ട് നിയമങ്ങളുടെയും അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വേണ്ടത്ര ഉപനിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
നിയമസഭയിലേക്കും പാർലിമെന്റിലേക്കും പ്രതിനിധികളെ തിരഞ്ഞെടുക്കുവാൻ പറ്റിയവിധം സ്വതന്ത്രവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് നടത്തുക യഥാർഥ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തിരഞ്ഞെടുപ്പുകൾ പൂർണമായും നിഷ്പക്ഷ ബുദ്ധിയോടുകൂടി നടത്തേണ്ടതാണ്. ഭരണഘടനയിലെ 324ാം വകുപ്പ് മൂന്നംഗങ്ങളുള്ള തിര. കമ്മീഷനെന്ന സ്വതന്ത്രസമിതിക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനും, അതിനുവേണ്ട നിർദേശങ്ങൾ നൽകുവാനും, മേൽനോട്ടം വഹിക്കാനുമുള്ള അധികാരം നൽകിയിരിക്കുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഏതാണ്ട് ഒരു ദശാബ്ദത്തിനു മുമ്പുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ചതാണ്. ഈ അഭിപ്രായം നടപ്പിൽ വരുത്തുന്നതിനുള്ള ശക്തമായ നടപടികളാണ് കേന്ദ്ര സർക്കാർ തുടങ്ങിവെച്ചിരിക്കുന്നത്. രാജ്യത്ത് പഞ്ചായത്തു മുതൽ പാർലിമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ ശിപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ബില്ല് പാർലിമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതല സമിതി “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പരിശോധിച്ച് റിപോർട്ട് നൽകിയത്. മന്ത്രിസഭ ഏകകണ്ഠമായാണ് ഈ റിപോർട്ട് അംഗീകരിച്ചതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്.
നിയമ മന്ത്രാലയത്തിന്റെ 100 ദിന അജൻഡയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഈ റിപോർട്ട് മന്ത്രിസഭക്ക് സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാണ് ശിപാർശ. തുടർന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനും നിർദേശിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശിപാർശകൾ നടപ്പാക്കാനുള്ള ഗ്രൂപ്പ് രൂപവത്കരിക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് അതോറിറ്റികളുമായി കൂടിയാലോചിച്ച് ഏക വോട്ടർപട്ടികയും വോട്ടർ ഐ ഡിയും കൊണ്ടുവരണം തുടങ്ങിയ ശിപാർശകളും ഈ സമിതി നൽകിയിട്ടുണ്ട്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം നടപ്പാക്കാൻ 18 ഭരണഘടനാ ഭേദഗതികൾ വേണ്ടിവരും. ഇവയിൽ ഭൂരിപക്ഷത്തിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണം. ഏക വോട്ടർപട്ടിക, ഐ ഡി കാർഡ് എന്നിവക്ക് പാർലിമെന്റിനൊപ്പം 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരവും വേണ്ടിവരും. തൂക്കുസഭകൾ വന്നാലുള്ള പരിഹാരമാർഗങ്ങളിലടക്കം കൂടുതൽ ചർച്ചകളും ആവശ്യമാണ്. 2029ൽ പദ്ധതി പ്രാബല്യത്തിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
2014ൽ അധികാരത്തിൽ വന്നയുടൻ മോദി മുന്നോട്ടുവെച്ച ആശയമാണിത്. തുടർച്ചയായി എല്ലാ വർഷവും മാസങ്ങളുടെ ഇടവേളകളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ രാജ്യപുരോഗതിയെ ബാധിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഓരോ തിരഞ്ഞെടുപ്പിനും മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നതോടെ സർക്കാറിന്റെ പ്രവർത്തനങ്ങൾ നിശ്ചലമാകും. കൂടാതെ ഓരോ തിരഞ്ഞെടുപ്പിനും പ്രത്യേകമായി വോട്ടർപ്പട്ടികകൾ തയ്യാറാക്കുന്നതുൾപ്പെടെ ഒരേ ജോലികളുടെ ആവർത്തനവും പണത്തിനൊപ്പം മനുഷ്യാധ്വാനവും പാഴാക്കുന്നുവെന്നും സർക്കാർ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി മുൻ ജഡ്ജിമാരും മുൻ നിയമജ്ഞരും വ്യവസായ പ്രമുഖരുമടക്കം രാംനാഥ് കോവിന്ദ് സമിതി കൂടിയാലോചന നടത്തിയ വിദഗ്ധരിൽ ഭൂരിപക്ഷവും തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനെ അനുകൂലിച്ചിരുന്നു. രാഷട്രീയകക്ഷികളിൽ ഭൂരിപക്ഷവും ഈ നിർദേശത്തോട് യോജിച്ചെന്നാണ് ഭരണകക്ഷിയുടെ നിലപാട്. എൻ ഡി എയിലെ ഘടകകക്ഷിയായ ജെ ഡി യുവിന് ഈ ആശയത്തോട് എതിർപ്പില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
നമ്മുടെ രാജ്യം വിവിധ ദേശീയതകൾ പ്രതിനിധീകരിക്കുന്ന ജന വിഭാഗങ്ങളുടെ നാടാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ഭരണഘടന ഫെഡറലിസത്തിന് മുൻതൂക്കം നൽകിയിട്ടുള്ളത്. വിവിധ സംസ്ഥാന ങ്ങളിലേയും പ്രദേശങ്ങളിലേയും ജനങ്ങൾക്ക് അവരുടേതായ പ്രത്യേകം പ്രത്യേകമായുള്ള പ്രശ്‌നങ്ങളാണുള്ളത്. വളരെ സങ്കീർണവും സജീവവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണിവയെല്ലാം. ദേശീയ തിരഞ്ഞെടുപ്പിലെ കാഴ്ചപ്പാടല്ല, സംസ്ഥാന- പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കുള്ളത്. ദേശീയരാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും പഞ്ചായത്ത്- തദ്ദേശ ജനകീയാവശ്യങ്ങളുമെല്ലാം തികച്ചും വിഭിന്നമാണ്. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഒന്നല്ലല്ലോ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തിന് യാതൊരു നീതീകരണവുമില്ല.
ഫെഡറലിസത്തിന്റെ സ്പിരിറ്റനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള അധികാരാവകാശങ്ങൾ രാജ്യത്ത് ലഭിക്കുന്നില്ല. എങ്കിലും ഭരണഘനാപരമായി രാജ്യത്ത് ഫെഡറലിസമാണ് നിലനിൽക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ സമയങ്ങളിലാണ് നിയമസഭ കളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളുമാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാർ ചർച്ച ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭരണാധി കാരികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഇന്ന് ഭരണഘടനയുടെ ഭാഗമാണ്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ പഞ്ചായത്ത്- മുനിസിപൽ തിരഞ്ഞെടുപ്പുകൾ ആ സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ച് പല സമയങ്ങളിലാണ് നടക്കുന്നത്. ദേശീയ- സംസ്ഥാന രാഷ്ട്രീയവും വികസന പ്രശ്‌നവുമല്ല പഞ്ചായത്ത്- പ്രാദേശിക തിരഞ്ഞെ ടുപ്പുകളിൽ വോട്ടർമാർ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുക എന്നുള്ളത് പ്രായോഗികമായ ഒന്നല്ല. വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിനുള്ള സമയവും ജോലിഭാരവും സാമ്പത്തിക ബാധ്യതയും മാത്രം പരിഗണിച്ച് ഈ യാഥാർഥ്യങ്ങൾ വിസ്മരിച്ച് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആവശ്യം ഭരണകൂടം നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് രാജ്യത്തെ വിവിധ ജനവിഭാഗങ്ങളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരിക്കും. “എലിയെ പേടിച്ച് ഇല്ലം ചുടലാണിത്.”
കേന്ദ്ര സർക്കാറിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നീക്കത്തെ ശക്തമായി എതിർത്ത് പ്രതിപക്ഷം മുന്നോട്ടു വന്നിട്ടുണ്ട്. കോൺഗ്രസ്സ്, ആർ ജെ ഡി, ഡി എം കെ, സി പി എം, സി പി ഐ, ആർ എസ് പി, സമാജ് വാദി പാർട്ടി, പി ഡി പി, നാഷനൽ കോൺഫറൻസ്, തൃണമൂൽ കോൺഗ്രസ്സ്, എൻ സി പി, ശിവസേന തുടങ്ങിയ ഇന്ത്യാസഖ്യ പാർട്ടികൾ കേന്ദ്ര തീരുമാനത്തിനെതിരായി രംഗത്തുവന്നുകഴിഞ്ഞിട്ടുണ്ട്.
ജനാധിപത്യം നിലനിൽക്കണമെങ്കിൽ അവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്ത് കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തെ പ്രതിഷ്ഠിക്കുന്നതാണ് പുതിയ സംവിധാനമെന്ന് സി പി എം ചൂണ്ടിക്കാട്ടി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യം തകർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ തിരഞ്ഞടുപ്പ് സംവിധാനത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിൽ. യാന്ത്രികമായി തിരഞ്ഞെടുപ്പ് നടത്തുന്നതും ജനവിധി അട്ടിമറിച്ച് കേന്ദ്ര ഭരണം അടിച്ചേൽപ്പിക്കുന്നതും ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനാധിപത്യം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. ഭരണകക്ഷി പാർലിമെന്ററി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നേരേയാണ് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാത്രമേ “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയത്തെയും കാണാനാകൂ. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളാകെ ഈ ജനവിരുദ്ധ നയത്തിനെതിരായി ശക്തമായി രംഗത്തുവരണം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest