Kerala
വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടില്ല; മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജെയ്ക്
ജീവിത പ്രശ്നങ്ങളും വികസനവും മുന്നോട്ട് വച്ചാണ് ഇടതു മുന്നണി പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില പേരുകള്‍ മുന്നോട്ടുവെച്ച് മാത്രമായിരുന്നു യു ഡി എഫിന്റെ പ്രചാരണം. ബി ജെ പി വോട്ടുകള്‍ കുറഞ്ഞതും കാണേണ്ടതുണ്ട്.
പുതുപ്പള്ളി | പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെയ്ക് സി തോമസ്. കേഡര്‍ വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ജെയ്ക് പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ടുവിഹിതം 39,483 ആയിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 36,667 ആയി. കനത്ത തിരിച്ചടിയേറ്റു എന്ന് വിമര്‍ശനമുണ്ടാകുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വോട്ടുവിഹിതം 41,982 എത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടതു മുന്നണിയുടെ വോട്ടുവിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് മനസിലാക്കാനാകും- ജെയ്ക് പറഞ്ഞു.
ജീവിത പ്രശ്നങ്ങളും വികസനവും മുന്നോട്ട് വച്ചാണ് ഇടതു മുന്നണി പ്രവര്‍ത്തിച്ചത്. മുന്നണിയുടെ പ്രചാരണ രീതിയില്‍ എവിടെയും വീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍, ചില പേരുകള്‍ മുന്നോട്ടുവെച്ച് മാത്രമാണ് യു ഡി എഫ് പ്രവര്‍ത്തിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള വൈകാരികത നിലനിര്‍ത്താനായിരുന്നു അവരുടെ ശ്രമം.
മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇടത് മുന്നണിയുടേത് രാഷ്ട്രീയ പരാജയമാണെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രചാരണ സമയത്ത് രാഷ്ട്രീയമൊന്നും ചര്‍ച്ച ചെയ്തിരുന്നില്ല. വികസനം സംബന്ധിച്ച ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മോശമായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പ്രതികരിച്ചത്. അന്ന് ചര്‍ച്ചക്കൊന്നും തയ്യാറാകാത്തവരാണ് ഇപ്പോള്‍ വിജയിച്ചപ്പോള്‍ രാഷ്ട്രീയവുമായി മുന്നോട്ട് വരുന്നതെന്നും ജെയ്ക് പറഞ്ഞു.
ബി ജെ പി വോട്ടുകള്‍ കുറഞ്ഞതും കാണേണ്ടതുണ്ട്. 2019 ല്‍ 29,011 ആയിരുന്നു ബി ജെ പിയുടെ വോട്ടുവിഹിതം. 2021 ല്‍ ഇത് 11,694 ആയി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ 6,447 വോട്ട് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ബി ജെ പി അധ്യക്ഷന്‍ പോലും ഇടതുമുന്നണി തോല്‍ക്കുമെന്ന് മാത്രമാണ് പറഞ്ഞത്.