Connect with us

Ongoing News

വീടൊഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്; രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോള്‍ പറയുന്നില്ല: എസ് രാജേന്ദ്രന്‍

30 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ തനിക്ക് മാത്രമാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എസ് രാജേന്ദ്രന്‍

Published

|

Last Updated

മൂന്നാര്‍ |  റവന്യുവകുപ്പ് തന്റെ വീട് ഒഴിയാന്‍ പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. വിഷയത്തില്‍ കോടതിയെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. വീട് ഒഴിഞ്ഞുപോകാന്‍ തത്കാലം തീരുമാനിച്ചിട്ടില്ല. 10 സെന്റില്‍ താഴെ ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു

പ്രദേശത്തുള്ള 30 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ തനിക്ക് മാത്രമാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. തന്റേത് ഒഴികെ മറ്റെല്ലാവരും കൈയ്യേറിയത് കെഎസ്ഇബി ഭൂമിയാണെന്ന് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. തന്റേത് മാത്രം സര്‍ക്കാര്‍ പുറമ്പോക്ക് എന്നെഴുതിയതില്‍ ഗൂഢാലോചനയുണ്ടെന്നും രാജേന്ദ്രന്‍ ആരോപിച്ചു.

രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്.