National
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നു : അതിഷി
തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഇടപെടാന്‍ കഴിയുന്നില്ല
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി ഡല്‍ഹി മന്ത്രിയും എ എ പി നേതാവുമായ അതിഷി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സാധ്യതകളെ സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നതായി അതിഷി ആരോപിച്ചു.
അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റ് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അതിഷി പറഞ്ഞു.
അതേസമയം ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുകയാണ്. തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഭരണ പ്രതിസന്ധി കോടതിയിലെത്തി മറികടക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.