Kerala
പനയമ്പാടത്തെ റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ട്; അടിയന്തര പരിഹാരം കാണും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാനായി ആവശ്യപ്പെടുമെന്നും മന്ത്രി
തിരുവനന്തപുരം | നാല് വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്തെ റോഡ് നിര്‍മ്മാണത്തില്‍ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിരുന്നുവെന്നും നാളെ പാലക്കാട് എത്തി റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാനായി ആവശ്യപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു.
കോണ്‍ട്രാക്ടര്‍മാരാണ് റോഡ് എങ്ങനെ നിര്‍മ്മിക്കണമെന്ന് തീരുമാനിക്കുന്നത്. അവിടെ എഞ്ചിനീയര്‍മാര്‍ക്ക് ഒരു സ്ഥാനവുമില്ല.ദേശീയ പാത അതോററ്റി റോഡ് ഡിസൈന്‍ ചെയ്യുന്നത് ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളത്. ഇതൊക്കെയാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങിവന്ന് സൈറ്റില്‍ നിന്നാണ് റോഡുകള്‍ ഡിസൈന്‍ ചെയ്യേണ്ടത്. യാതൊരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കുന്നില്ല. പ്രാദേശികമായ പ്രശ്‌നങ്ങള്‍ കേട്ടിട്ട് വേണം റോഡുകള്‍ ഡിസൈന്‍ ചെയ്യാനെന്നും മന്ത്രി പറഞ്ഞു