Kerala
ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത,ജാഗ്രത വേണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം.
തിരുവനന്തപുരം | ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ മൂലം കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യയുണ്ട്.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകു വഴി പരത്താന്‍ സാധ്യതയുള്ളതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ കൈകൊള്ളണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി.
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാവുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം.രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം.