Connect with us

Pathanamthitta

ജില്ലയില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ക്കു ക്ഷാമം

കരാര്‍ തൊഴിലാളികള്‍ ആശങ്കയില്‍

Published

|

Last Updated

പത്തനംതിട്ട പത്തനംതിട്ട ജില്ലയില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ക്കു ക്ഷാമം. കഴിഞ്ഞ പത്തുമാസത്തിലധികമായി സബ്സിഡി സാധനങ്ങള്‍ക്ക് നേരിടുന്ന ക്ഷാമം പരിഹാരമില്ലാതെ തുടരുകയാണ്. രണ്ടാഴ്ച മുമ്പ് പഞ്ചസാര ഉള്‍പ്പെടെ ഏതാനും സാധനങ്ങള്‍ എത്തിയെങ്കിലും സ്റ്റോക്ക് പരിമിതമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ തീര്‍ന്നു. പത്ത് ലോഡ് സാധനങ്ങള്‍ എത്തിയിരുന്ന സ്റ്റോറുകളില്‍ പലയിടത്തും ഇപ്പോള്‍ രണ്ടും മൂന്നും ലോഡ് മാത്രമാണ് എത്തുന്നത്. എത്തുന്ന സാധനങ്ങള്‍ അപ്പോള്‍ തന്നെ ചെലവാകും. ജില്ലയില്‍ 22 ഔട്ട്‌ലെറ്റുകളാണ് സ്‌പ്ലൈകോയ്ക്കുള്ളത്. മാവേലി സ്റ്റോറുകള്‍ ഓരോ പഞ്ചായത്തിലുമുണ്ട്. പര്‍ച്ചേസിങ് ഓര്‍ഡര്‍ നല്‍കിയെങ്കിലും സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പുറമേനിന്നും അധികവില നല്‍കി സാധനങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

സാമ്പത്തിക പ്രതിസന്ധി കാരണം
പയര്‍, വെളിച്ചെണ്ണ, പിരിയന്‍ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര, അരി എന്നിവയില്‍ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്ലെറ്റുകളിലുള്ളത്. വെളിച്ചെണ്ണയ്ക്ക് മാത്രമാണ് ചില ഔട്ട്ലെറ്റുകളില്‍ ആളുകളെത്തുന്നത്. പഞ്ചസാര മിക്കയിടത്തും ഇല്ല. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പതിമൂന്നിനം സാധനങ്ങളാണ് സബ്‌സിഡി വിലയില്‍ നല്‍കുന്നത്. വിവിധ കമ്പനികളില്‍ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ തുക സപ്ലൈകോ യഥാസമയം നല്‍കാത്തതിനാല്‍ പര്‍ച്ചേസിംഗ് ഓര്‍ഡര്‍ നല്‍കിയാലും സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും സപ്ലൈകോയെ ബാധിക്കുന്നുണ്ട്. സബ്‌സിഡിയില്‍ സാധനങ്ങള്‍ വില്‍പന നടത്താനാകാത്ത സാഹചര്യമാണുള്ളത്.

കരാര്‍ തൊഴിലാളികള്‍ ആശങ്കയില്‍
സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതിനാല്‍ സപ്ലൈകോയിലെ വില്പനയും കുറഞ്ഞിട്ടുണ്ട്. വില്പനയ്ക്കനുസരിച്ചാണ് കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നത്. വില്പന കുറഞ്ഞതിനാല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവ് ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.ഇതിനിടെയില്‍ കഴിഞ്ഞയിടെ ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. വീടിനു സമീപത്തു ജോലി ചെയ്തിരുന്ന പലരെയും ഇപ്പോള്‍ വിദൂരത്തിലേക്കാണ് മാറ്റിയിട്ടുള്ളത്.

 

Latest