feature
വില്ലുകുലച്ചൊരു കഥയുണ്ടുജ്ജ്വല സമരകഥ
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും നാലര പതിറ്റാണ്ട് മുമ്പ് തന്നെ 1812ൽ കേരളത്തിലെ ഗോത്രജനത വൈദേശികാധിപത്യത്തിനെതിരെ ചെറുത്തു നിൽപ്പും പ്രതിരോധങ്ങളും ഉയർത്തിയിരുന്നു.മണ്ണും മാനവും സംരക്ഷിക്കാൻ നടത്തിയ അവരുടെ ധീരമായ ശബ്ദങ്ങളെ അടയാളപ്പെടുത്താൻ അടിയവംശത്തിൽ നിന്നും ചരിത്രാന്വേഷകർ എത്താത്തിടത്തോളം നിഗൂഢമായിരിക്കും പ്രോജ്ജ്വലമായ ഗോത്രജനതയുടെ അധിനിവേശ വിരുദ്ധ സമര ചരിത്രം.

ചരിത്രമില്ലാത്തവരുടെ താവളമാണ് വയനാടെന്ന് ചിലർക്കൊരു ധാരണയുണ്ട്. തിരുവിതാംകൂർ കുടിയേറ്റത്തിന് ശേഷം മാത്രമാണ് ഇതിന് ഇന്നലെകളുണ്ടായതെന്നാണ് ചിലരുടെ തെറ്റായ ധാരണ. എന്നാൽ വൈദേശികാധിപത്യത്തിനെതിരെ ശക്തമായ സമരമുറകൾ തുടങ്ങുന്നത് വയനാട്ടിൽ നിന്ന് തന്നെയാണ്. അതും ഗോത്രവർഗ ജനതയുടെ അവകാശബോധത്തിൽനിന്ന്.1812ൽ കുറിച്യർ, കുറുമർ എന്നീ അടിസ്ഥാന വിഭാഗങ്ങൾ നടത്തിയ കലാപം ബ്രിട്ടീഷുകാർക്ക് ഉണ്ടാക്കിയ തലവേദന ചെറുതല്ല. തങ്ങളുടെ ജീവിതപരിസരങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക് കുടിയേറിയെത്തുന്നവരെ പ്രതിരോധിക്കുക എന്ന അടിസ്ഥാന വർഗത്തിന്റെ രീതിയാണ് വേണ്ടത്ര അറിയപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യാതെ പോയ കുറിച്യർ കലാപത്തിന്റെ അടിസ്ഥാനം. ഈ വില്ലാളികളുടെ സഹായത്തെ ഉപയോഗപ്പെടുത്തിയാണ് പഴശ്ശിരാജയുടെ ഒപ്പം നിന്ന് ആർജിച്ചെടുത്ത സമാരാവേശത്തിലാണിവർ ബ്രിട്ടീഷ് നിറതോക്കിനെ വിറപ്പിച്ചത്.
സമരകാരണം
1812ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ് കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു.
മലബാർ പ്രിൻസിപ്പൽ കലക്ടർ തോമസ് വാർധന്റെ നികുതി പരിഷ്‌കാരങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഉത്പാദനച്ചെലവ് കഴിച്ച് ബാക്കിവരുന്നത് കർഷകരും, ജന്മിയും, കമ്പനിയും വിഭജിച്ചാണ് എടുത്തിരുന്നത്. മൂന്നിലൊരു ഭാഗം കർഷകന് ലഭിക്കുമ്പോൾ, പത്തിലാറ് ഭാഗം കമ്പനിക്കും പത്തിൽ നാല് ഭാഗം ജന്മിക്കും ലഭിക്കുമായിരുന്നു. കമ്പനിക്കുള്ളത് പണമായി തന്നെ നൽകണമെന്നതായിരുന്നു വ്യവസ്ഥ.
കുരുമുളകിനും മറ്റു ഉത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ നികുതി കുറിച്യരുടെ ജീവിതം ദുസ്സഹമാക്കി. മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്ത് ശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. മാത്രമല്ല വർഷങ്ങളായി അവർ അനുവർത്തിച്ചുപോരുന്ന കാടുകത്തിച്ചു കൃഷി ചെയ്യുന്ന രീതിയെ തടയുകയും ചെയ്തു. നികുതികുടിശ്ശിക തീർക്കാൻ കുറിച്യർക്ക് തങ്ങളുടെ വീട്ടുപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. കുടിശ്ശിക വരുത്തിയ കുറിച്യരെ കമ്പനിക്കാർ അടിമകളാക്കുകയും ചെയ്തു.
നയിച്ചത് രാമനമ്പി
കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി. മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച ആയുധങ്ങൾ. പാലങ്ങളുടെ ഇരുമ്പു കമ്പികൾ ഇളക്കിയെടുത്ത് അമ്പുകൾ ഉണ്ടാക്കിയിരുന്നതായി പഴമക്കാർ പറഞ്ഞ കാര്യങ്ങൾ പുതിയ തലമുറ ഇപ്പോഴും ഓർക്കുന്നു.
നികുതി പിരിക്കുന്നവരെ തടഞ്ഞുകൊണ്ടാണ് കലാപം തുടങ്ങിയത്.
ചുരങ്ങൾ വഴിയുള്ള ഗതാഗതം പൂർണമായി തടഞ്ഞു. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. വയനാട്ടിലെ ഗതാഗതമെല്ലാം കലാപകാരികളുടെ നിയന്ത്രണത്തിലായി. വയനാട്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കുറിച്യർ നിലയുറപ്പിച്ചു. ഏലചുരം എന്ന സ്ഥലത്തുവെച്ച് കമ്പനിയുടെ പട്ടാളത്തെ എതിരിട്ടു തോൽപ്പിച്ചു. പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻയാമു, വെൺകലോൻ കേളു എന്നിവരായിരുന്നു കുറിച്യസമരത്തെ മുന്നിൽ നിന്നും നയിച്ചത്.
ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ് ബ്രിട്ടീഷുകാർ ലഹള അടിച്ചമർത്തിയത്.
സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിനെത്തുടർന്നാണ് ആധുനിക ആയുധങ്ങളുമായി മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം വന്നത്. ഇവർ എല്ലാ ഭാഗത്തുനിന്നും കുറിച്യരെ നേരിട്ടു. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയിക്കാൻ കഴിയുമായിരുന്നു. ലഹളകൾക്ക് നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825 മെയ് ഒന്നിന് ബ്രിട്ടീഷുകാർ തലവെട്ടിയാണ് കൊലപ്പെടുത്തിയത്. വെൺകലോൻ കേളുവിനെ പരസ്യമായി തൂക്കിലേറ്റി. 1812 മെയ് എട്ടിന് കലാപം പൂർണമായി അടിച്ചമർത്തി.
ഗോത്രവർഗസമരം
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ജനകീയ കലാപമായിരുന്നു കുറിച്യകലാപം. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും കോളനിവിരുദ്ധ ഗോത്രവർഗ സമരം കൂടിയായിരുന്നു കുറിച്യകലാപം എന്ന് ചരിത്രകാരന്മാർ പറയുന്നു.
വയനാട്, കോട്ടയം, കുറുമ്പ്രനാട്, കൊട്ടിയം ദേവസ്വങ്ങളുടെ അവകാശികൾ കുറിച്യരായിരുന്നു. കന്നഡഭാഷയിൽ കുറി എന്ന പദത്തിന് മല എന്നും, ചിയൻ എന്നതിന് ആൾ എന്നുമാണ് അർഥം. എന്നാൽ കുറിച്യർ എന്ന പേര് പഴശ്ശിരാജാവ് നൽകിയതാണെന്നാണ് കുറിച്യരുടെ പിൻതലമുറക്കാർ വിശ്വസിക്കുന്നത്. എന്നാൽ കുറിച്യർ, കുറവർ, കുറുമ്പൻ എന്നീ പേരുകളെല്ലാം ഒന്നു തന്നെയാണെന്ന് വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നു. കുറിച്യർ അവരുടെ ആചാരനുഷ്ഠാനങ്ങളിൽ പേരുകേട്ടവരാണ്. അയിത്താചരണങ്ങളിൽ അവർ അത്യന്തം നിഷ്ഠ പുലർത്തിയിരുന്നു.
ഇന്ത്യയിൽ വന്ന വിദേശ ശക്തികൾ ഇവിടുത്തെ ഭരണസാരഥികളായി മാറിയത് ഒട്ടേറെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു. രജപുത്രർ, സിഖുകാർ, മറാത്തക്കാർ തുടങ്ങി വിവിധ ജനവിഭാഗങ്ങൾ നടത്തിയ സായുധസമരങ്ങൾ വിദേശശക്തികൾക്ക് എതിരായ ശക്തമായ ചെറുത്തുനിൽപ്പുകളായിരുന്നു. അതുപോലെ ഭാരതത്തിന്റെ പല കോണുകളിലും വനവാസി സമൂഹങ്ങളും പല ശക്തമായ സമരത്തിനും നേതൃത്വം വഹിച്ചിട്ടുണ്ട്. എന്നാൽ അത്തരം സമരങ്ങൾ ചരിത്രത്താളുകളിൽ അർഹിക്കുന്ന വിധത്തിൽ സ്ഥാനം പിടിച്ചിട്ടില്ല എന്നതാണ് വാസ്തവം.1857ന് ശേഷം ബ്രിട്ടീഷുകാർ ഇന്ത്യയിൽ സമ്പൂർണമായ അധികാരം സ്ഥാപിക്കുന്നതിന് മുമ്പു തന്നെ ഗോത്രവർഗ കലാപങ്ങൾ ബ്രിട്ടീഷുകാർ നേരിട്ടതിന്റെ രേഖകളുണ്ട്.
അത്തരം സമരങ്ങളെ ബ്രിട്ടീഷുകാർ തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും അടിച്ചമർത്തുകയായിരുന്നു. എന്നാൽ അടിച്ചമർത്തലുകൾക്ക് വിധേയമായി ഇല്ലാതാകുമ്പോഴും അത് മറ്റൊരു കലാപത്തിന്റെ തുടക്കമായി മാറിയിരുന്നു.ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 1857 ലെ മഹത്തായ വിപ്ലവത്തെയാണ്. എന്നാൽ അതിനുമുമ്പും നിരവധി സ്വാതന്ത്ര്യസമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്.
പഴശ്ശിരാജയും ഗോത്ര വർഗവും
കേരളവർമ പഴശ്ശിരാജാവിന്റെ നേതൃത്വത്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ വനവാസികളുടെ നേതൃത്വവും പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്.പഴശ്ശി സമരങ്ങളിൽ ശക്തമായി അണിചേർന്നത് കുറിച്യർ, കുറുമർ, ചെട്ടിമാർ തുടങ്ങിയ വിഭാഗങ്ങളായിരുന്നു. ഗോത്ര വർഗ സമൂഹങ്ങളിൽ നിന്നും ചരിത്രാന്വേഷകർ രൂപപ്പെടാത്തതാണ് ഇത്തരം വർഗങ്ങളുടെ മേൽക്കോയ്മയിൽ നടന്ന പ്രക്ഷോഭങ്ങൾ തനിമയോടെ അവതരിപ്പിക്കപ്പെടാതിരിക്കാൻ കാരണം.
പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ നായന്മാർ, കുറിച്യർ, കുറുമർ, ചെട്ടിമാർ എന്നീ ജനവിഭാഗങ്ങളിലെ പരിശീലനം സിദ്ധിച്ചതും അല്ലാത്തതുമായ ഒരു പട തന്നെ ഉണ്ടായിരുന്നു. വാൾ, അസ്ത്രം തുടങ്ങിയ ആയുധങ്ങളുടെ ഉപയോഗത്തിൽ അവരെ വെല്ലാൻ അസാധ്യമായിരുന്നു. ഇതിനെയെല്ലാം ഏകോപിപ്പിച്ച് ആധുനിക സൈനിക സജ്ജീകരണങ്ങൾ ഇംഗ്ലീഷുകാർക്കെതിരെ പ്രയോഗിക്കാൻ പഴശ്ശിരാജാവിന് കഴിഞ്ഞു. വയനാടൻ മലയിടുക്കുകളിൽ നിന്നുകൊണ്ട് ഗറില്ലായുദ്ധതന്ത്രങ്ങൾ പയറ്റി അവർ പതിറ്റാണ്ടുകൾ ചെറുത്തുനിന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ പകിട്ടോ യുദ്ധതന്ത്രത്തിന്റെ രീതിശാസ്ത്രമോ ഒന്നും കൈവശമില്ലാതിരുന്ന ഗോത്രവിഭാഗങ്ങളിലെ കുറിച്യരും കുറുമരും അവരോടൊപ്പം ഇന്നാട്ടിലെ മറ്റു ജനവിഭാഗങ്ങളും ഒത്തു ചേർന്ന് നടത്തിയ ശക്തമായ പ്രതിരോധ വിപ്ലവമായിരുന്നു 1812ൽ നടന്നത്. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ഉണർന്നെഴുന്നേറ്റ വയനാടൻ ജനതയുടെ അതിശക്തമായ കൊളോണിയൽ വിരുദ്ധ പോരാട്ടമായി അത് മാറി.
പൊരുതി നിന്ന പതിറ്റാണ്ടുകൾ
1805 ഡിസംബറോടുകൂടി പഴശ്ശിസമരങ്ങൾ അവസാനിച്ചു എന്ന വാദം ശരിയല്ലെന്നഭിപ്രായം ചരിത്രകാരന്മാർക്കിടയിലുണ്ട്. 1805 ഡിസംബറോടുകൂടി കലാപത്തിലെ മുൻനിര നേതാക്കന്മാർ മൃത്യുവിനിരയായി എന്നത് വാസ്തവമാണ്. 1805 നവംബർ 15ന് തലക്കര ചന്തുവും 1805 നവംബർ 30ന് കേരളവർമ പഴശ്ശിരാജാവും 1805 ഡിസംബർ 16ന് എടച്ചന കുങ്കനും വീരമൃത്യു വരിച്ചു. അതോടെ കലാപത്തിന് നേതൃത്വം നൽകിയ പടത്തലവന്മാർ ഇല്ലാതായി. എങ്കിലും പഴശ്ശി സമരങ്ങൾ 1805നു ശേഷവും മറ്റൊരുതരത്തിൽ ശക്തമായി തുടർന്നു എന്നതാണ് യാഥാർഥ്യം.
കലാപകാരികളായ പടത്തലവന്മാരുടെ വീരമൃത്യു കലാപം ശക്തമായി തുടരാനുള്ള പ്രചോദനവും കാരണവുമായിത്തീർന്നു. എടച്ചന കുങ്കനെ നഷ്ടപ്പെട്ട നായർപ്പടയാളികളും തലക്കര ചന്തുവിനെ നഷ്ടപ്പെട്ട കുറിച്യപ്പടയാളികളും നാഥനില്ലാത്ത അവസ്ഥയിലായി.1780 കളിൽ ആരംഭിച്ച കലാപങ്ങൾ 1820 വരെയും തുടർന്നതായി രേഖകളിൽ കാണാം. ഒന്നരപ്പതിറ്റാണ്ടുകാലം നീണ്ടുനിന്ന അതിശക്തമായ പോരാട്ടങ്ങളായിരുന്നു 1805നു ശേഷം നടന്നത്. 1812ൽ അത്തരം കലാപങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തി.
മണ്ണിനും സ്വാതന്ത്ര്യത്തിനും സ്വത്വസംരക്ഷണത്തിനും വേണ്ടി വയനാടൻ ഗോത്രജനത നടത്തിയ അതിശക്തമായ ചെറുത്തുനിൽപ്പുകളായിരുന്നു 1812ൽ നടന്നത്. സ്വയം ഉണർന്നെഴുന്നേറ്റ സമൂഹത്തിന്റെ പടയോട്ടമാണ് 1805നുശേഷം നടന്നത്. സായുധ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു 1812ൽ നടന്നത്. അതുകൊണ്ട് മലബാറിലെ മുഴുവൻ ശക്തിയും ബ്രിട്ടീഷുകാർക്ക് അക്കാലത്ത് വയനാട്ടിൽ കേന്ദ്രീകരിക്കേണ്ടിവന്നു.
പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കടുത്ത നയങ്ങൾ അവർ വയനാടിനുമേൽ ചുമത്തി. ഗോത്ര ജനതയെ പൂർണമായും നിരായുധീകരിച്ച് യുദ്ധവീര്യം ചോർത്തിക്കളയുക എന്നതായിരുന്നു തന്ത്രം. അതുകൊണ്ടാണ് 1820 നുശേഷം വയനാടൻ മണ്ണിൽ ശക്തമായ സായുധ സമരങ്ങൾ നടക്കാതിരുന്നത്. ബത്തേരിക്കടുത്തുള്ള കുറിച്യാട് എന്ന പ്രദേശത്താണ് കലാപം ആരംഭിച്ചത് എന്നുള്ളതിനാൽ കുറിച്യാട് കലാപം എന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടീഷ് രേഖകൾ “കുറിച്യലഹള’ എന്ന പേരിലാണ് ഈ കലാപത്തെ സൂചിപ്പിച്ചിട്ടുള്ളത്.
വയനാട്ടിലെ ഏറ്റവും പഴക്കമുള്ള തദ്ദേശവാസികളാണ് “കുറുമ്പർ’ എന്ന പൂർവനാമത്തിൽ അറിയപ്പെടുന്ന കുറുമർ. നൂൽപ്പുഴ, നെന്മേനി, മേപ്പാടി, മൂപ്പൈനാട്, പൂതാടി പുൽപ്പള്ളി, മുള്ളൻകൊല്ലി, പാക്കം എന്നിവിടങ്ങളിലാണ് കുറുമർ പ്രധാനമായും വസിക്കുന്നത്. അമ്പെയ്ത്ത്, മല്ലയുദ്ധം, നായാട്ട്, നെയ്ത്ത് എന്നിവയിൽ അസാമാന്യമായ സാമർഥ്യം പ്രകടിപ്പിക്കുന്നവരാണ് കുറുമർ.
1800 വരെയുള്ള പഴശ്ശി കലാപങ്ങളിൽ കുറുമർ ഒരു സമുദായമെന്ന നിലയിൽ പങ്കാളികളാകാതിരുന്നതിന് പല കാരണങ്ങളുമുണ്ട്. 1800 വരെയുള്ള പഴശ്ശിയുദ്ധങ്ങൾ പ്രധാനമായും നടന്നത് വയനാടിന്റെ വടക്കൻ ഭാഗങ്ങളിലാണ്. വയനാടിന്റെ തെക്കൻ ഭാഗങ്ങളിൽ കലാപം പടർന്നുപിടിച്ചിരുന്നില്ല.വയനാടിന്റെ തെക്കൻ ഭാഗങ്ങളിലാണ് കുറുമരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നത്.അതുകൊണ്ടാണ് കുറുമരുടെ പങ്കാളിത്തം ആദ്യഘട്ടങ്ങളിൽ കലാപത്തിൽ ഉണ്ടാകാതിരുന്നത്. മറ്റൊരു കാരണം ശക്തനായ ഒരു നേതാവിന്റെ അഭാവമാണ്. ഊരുമൂപ്പന്മാരും ഗ്രാമമൂപ്പന്മാരും അഭ്യാസികളും നായാട്ടുവീരന്മാരും അവർക്കിടയിൽ നിരവധിയുണ്ടായിരുന്നു. സാംസ്‌കാരികവും സാമുദായികവുമായ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ അവർക്ക് കഴിവുണ്ടായിരുന്നു.
1812 മാർച്ച് 25 നാണ് കുറിച്യർ ഇംഗ്ലീഷുകാർക്കെതിരായ തുറന്ന കലാപമാരംഭിച്ചത്. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒരേ സമയത്ത് ബ്രിട്ടീഷുകാർക്കെതിരായി കലാപമാരംഭിക്കുവാൻ ചില നീക്കങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ വയനാട്ടിൽ മാത്രമേ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുവാൻ കുറിച്യർക്കു കഴിഞ്ഞിരുന്നുള്ളൂ. വയനാട്ടിലേക്കുള്ള റോഡുകളിൽ കലാപകാരികൾ കാവൽ നിന്നു. പോലീസുകാരെയും ബ്രിട്ടീഷുകാരെയും കലാപകാരികൾ ആക്രമിച്ചു. എന്നാൽ കാനറ, മൈസൂർ, മലബാർ, ശ്രീരംഗപട്ടണം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടീഷ് സൈന്യം വയനാട്ടിലേക്കു നീങ്ങുകയും കലാപം അടിച്ചമർത്തുകയും ചെയ്തു. 1812 മേയ് മാസത്തോടെ കലാപകാരികളിൽ പലരും കീഴടങ്ങി.
കുറിച്യർ
വയനാട്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗമാണ് കുറിച്യർ. ഇവരുടെ ജീവിത രീതികൊണ്ട് മലബ്രാഹ്മണർ എന്നും വിളിക്കാറുണ്ട്. മറ്റ് സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം പാലിക്കുന്നു. മിറ്റം എന്നാണ് കുറിച്യരുടെ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു.
കുറുമരുടെ ജീവിതം
പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന ഗിരിവർഗ ജനവിഭാഗമാണ് കുറുമർ. ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല കൃതികളിൽ സൂചനയുണ്ട്. വയനാട്ടിൽ മുള്ളവക്കുറുമർ, തേൻകുറുമർ , ഊരാളിക്കുറുമർ എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ട്. കരിയാത്തൻ, പാക്കദൈവം, പൂതൻ, മുത്തപ്പൻ, കാളി ,അയ്യപ്പൻ, മാരിയമ്മ എന്നിവരാണ് കുറുമരുടെ പ്രധാന ആരാധനാ മൂർത്തികൾ. പ്രാചീന ഗോത്രവർഗ രീതിയിൽ, മരച്ചുവട്ടിൽ കല്ലുകൾ ചാരിവെച്ചാണ് ആരാധന. തേൻകുറുമരുടെ ആരാധന നടത്തുന്ന സ്ഥലം മണ്ടാഗ എന്നാണ് അറിയപ്പെടുന്നത്.