Connect with us

congress politics

സിറ്റിങ്ങ് എം പിമാര്‍ പുതുമുഖങ്ങള്‍ക്കായി മാറണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ശക്തം

ചിലരെ മാറ്റിയാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ കലുഷിതമാകുമെന്ന് ആശങ്ക

Published

|

Last Updated

കോഴിക്കോട് | ലോകസഭാ തിരഞ്ഞെടുപ്പിന് അന്തരീക്ഷം ഒരുങ്ങുമ്പോള്‍ കേരളത്തില്‍ സിറ്റിങ്ങ് എം പിമാരെ മാറ്റണമോ വേണ്ടെയോ എന്ന ചര്‍ച്ച കോണ്‍ഗ്രസ്സില്‍ ചൂടു പിടിക്കുന്നു. സിറ്റിങ് എം പി മാരെ മാറ്റേണ്ട എന്നാണു തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ അങ്കലാപ്പോ പരിഭവങ്ങളോ ഇല്ലാതെ അതിവേഗം സ്ഥാനാര്‍ഥികളെ അണിനിരത്തി പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണു പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നത്.

നിലവിലുള്ള സ്ഥാനാര്‍ഥികളില്‍ ചിലരെ മാറ്റേണ്ടി വരികയാണെങ്കില്‍ അതു പാര്‍ട്ടിയിലെ ഗ്രൂപ്പു സമവാക്യങ്ങളേയും മറ്റും കലുഷിതമാക്കുമെന്നും അത്തരം പൊട്ടിത്തെറികള്‍ വിജയ സാധ്യതയെ ബാധിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സിറ്റിങ്ങ് എം പി മാരെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പു ശക്തമാണ്. പാര്‍ട്ടി പദവികള്‍ കുത്തകയാക്കി വച്ചിരിക്കുന്നവരെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സി പി എം പദവികള്‍ക്ക് കാലപരിധി നിശ്ചയിച്ചത് കോണ്‍ഗ്രസ്സിലും പുതിയ തലമുറ പ്രതീക്ഷയോടെ ഉന്നയിക്കുന്നുണ്ട്. സിറ്റിങ്ങ് എം പിമാരില്‍ ആരൊക്കെ വീണ്ടും ജനവിധി തേടണം എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് കെ സി വേണുഗോപാല്‍ പറയുന്നത്. സ്ഥാനാര്‍ഥികളെ വിജയ സാധ്യത അടിസ്ഥാനമാക്കിയാണു നിര്‍ണയിക്കുക എന്നും അദ്ദേഹം പറയുന്നു. വിജയ സാധ്യത എന്ന തുറുപ്പു ചീട്ടില്‍ പിടിച്ച് സിറ്റിങ്ങ് എം പിമാര്‍ വീണ്ടും അവസരം കൈക്കലാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാര്‍ട്ടി പദവികള്‍ കുത്തകയാക്കി വച്ചിരിക്കുന്നവരെ മാറ്റിയില്ലെങ്കില്‍ അതിനെതിരായ വികാരം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ തലമുറ നീക്കം തുടങ്ങിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും മത്സരിക്കില്ലെന്നു സൂചന പുറത്തുവന്നതോടെ കണ്ണൂര്‍ സീറ്റിനായി പലരും ചരടുവലി തുടങ്ങി. എന്നാല്‍ തന്റെ വിശ്വസ്ഥന്മാരില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കാനാണ് സുധാകരന്‍ ആഗ്രഹിക്കുന്നത്. കോഴിക്കോട്ടെ സുധാകര പക്ഷ നേതാവിനായി സുധാകരന്‍ പിടിമുറുക്കുമെന്നാണു കരുതുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍പ്രകാശിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ വികാരം ശക്തമാണ്. എന്നാല്‍ വിജയ സാധ്യത പരിഗണിക്കുകയാണെങ്കില്‍ താന്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് അദ്ദേഹം. അഞ്ചുതവണ എം എല്‍ എയും രണ്ടുതവണ മന്ത്രിയും ഒരു പ്രാവശ്യം എം പിയുമായ അടൂര്‍ പ്രകാശിന് വീണ്ടും സീറ്റ് നല്‍കുന്നതിനു പകരം ഒരു പുതിയ ആള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.

മാവേലിക്കര സീറ്റ് കുത്തകയാക്കിയ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഏഴു തവണ അദ്ദേഹം എം പിയായിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ അദ്ദേഹം ഒരാള്‍ക്ക് ഒരാള്‍ തന്നെ ഒട്ടേറെ പദവികള്‍ വഹിക്കുന്ന അവസ്ഥ അവസാനിപ്പിക്കാന്‍ മാതൃക കാണിക്കണമെന്നാണ് ആവശ്യം. പ്രവര്‍ത്തക സമിതി അംഗമായിരിക്കുമ്പോഴും അദ്ദേഹം കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തും തുടരുകയാണ്. പത്തനം തിട്ടയില്‍ ആന്റോ ആന്റണിയെ മാറ്റി പുതുമുഖത്തിന് അവസരം നല്‍കണം എന്ന ആവശ്യവും ശക്തമാണ്. മൂന്നു തവണ എം പിയായ അദ്ദേഹം കെ പി സി സി പുനസംഘടനയില്‍ വര്‍ക്കിങ് പ്രസിഡന്റായേക്കും എന്നും സൂചനയുണ്ട്.

കോഴിക്കോട്ട് എം കെ രാഘവന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ ഡി സി സി നേതൃത്വം തന്നെ രംഗത്തുണ്ട്. നലവിലെ കെ പി സി സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ പരസ്യമായി നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹം സംസ്ഥാന നേതൃത്വത്തിനും കണ്ണിലെ കരടാണ്. ശശി തരൂര്‍ സംസ്ഥാന നേതൃത്വത്തിന് അനഭിമതന്‍ ആയിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിനു വേദിയൊരുക്കിയതിന്റെ പേരിലും എം കെ രാഘവന്‍ ശത്രുപക്ഷത്താണ്. മൂന്നുതവണ എം പിയായ എം കെ രാഘവനെ ഇത്തവണ മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ വിജയ സാധ്യത ചൂണ്ടിക്കാട്ടി ഒരു തവണകൂടി മത്സരിക്കാനുള്ള നീക്കത്തിലാണ് എം കെ രാഘവന്‍. താനല്ലാതെ ആരു മത്സരിച്ചാലും എല്‍ ഡി എഫിനു മുന്‍തൂക്കമുള്ള മണ്ഡലം കൈവിട്ടുപോകുമെന്നാണ് അദ്ദേഹം പറയുന്നത്.

തൃശൂരില്‍ ടി എന്‍ പ്രതാപന് വീണ്ടും അവസരം നല്‍കരുതെന്നും ആവശ്യം ശക്തമാണ്. മൂന്ന് തവണ എം എല്‍ എയും ഒരു തവണ എം പിയുമായ പ്രതാപന്‍ പുതിയ ആള്‍ക്കുവേണ്ടി മാറിനില്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ശക്തമായ ത്രികോണ മത്സരത്തിനു സാധ്യത തെളിയുന്ന തൃശൂരില്‍ പുതുമുഖത്തെ പരീക്ഷിക്കുന്നതു സുരക്ഷിതമല്ലെന്ന വാദം ഉയര്‍ത്തി ഒരു തവണകൂടി സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതാപന്‍.

ചാലക്കുടിയില്‍ നിന്നു വിജയിച്ച ബെന്നി ബെഹ്നാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിപദവി ആഗ്രഹിക്കുന്ന അദ്ദേഹം ലോകസഭയിലേക്ക് മറ്റൊരാള്‍ക്കുവേണ്ടിമാറിക്കൊടുക്കാന്‍ സന്നദ്ധനാണ്. സീറ്റ് ഒഴിയാന്‍ സ്വയം സന്നദ്ധനായ ആളെ വീണ്ടും മത്സരിപ്പിച്ചാല്‍ അതു പുതുമുഖങ്ങളുടെ അവസരം കൊട്ടിയടക്കുന്നതിനു തുല്യമായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ മത്സരിക്കുന്നതിനോടുമാത്രമാണ് പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ലാത്തത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സീറ്റ് നിലനിര്‍ത്താന്‍ തരൂരിനേക്കാള്‍ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്സിനു കണ്ടെത്താനില്ല എന്നതുതന്നെകാരണം. തിരുവനന്തപുരത്ത് ബി ജെ പി ദേശീയ നേതാവോ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖ അംഗമോ മത്സരത്തിനിറങ്ങുമെന്ന സൂചയുണ്ട്.

ഇന്ത്യസഖ്യത്തിന്റെ ഭാഗമായ കക്ഷികള്‍ പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഒഴിവാക്കിയാല്‍ വയനാട് സീറ്റിനു വേണ്ടിയും ചരടുവലികള്‍ ശക്തമാണ്.

 

Latest