National
രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; സവർക്കർക്കെതിരെ പാർലിമെന്റിലും തുറന്നടിച്ച് രാഹുൽ
വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം
ന്യൂഡല്‍ഹി | സവര്‍ക്കറിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ തുറന്നടിച്ചു.
മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവര്‍ക്കര്‍ പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. യു പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സവര്‍ക്കറിൻ്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, നിങ്ങള്‍ പാര്‍ലിമെൻ്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ സവര്‍ക്കറെ പരിഹസിക്കുകയാണെന്നും പറഞ്ഞു.
ഭരണഘടന നവീന ഇന്ത്യയുടെ രേഖയാണ്. എന്നാല്‍ പുരാതന ഇന്ത്യയുടെ ആശയങ്ങളില്ലാതെ അത് ഒരിക്കലും പൂര്‍ത്തിയാകില്ല. ഭരണഘടനയില്‍ ഗാന്ധിയുടെയും നെഹ്്‌റുവിൻ്റെയും അംബേദ്കറിൻ്റെയും ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംഭൽ, അദാനി വിഷയങ്ങളടക്കം പരാമർശിച്ച രാഹുൽ ജാതി സെൻസസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
कांग्रेस और INDIA गठबंधन संविधान के रक्षक हैं।
भाजपा और RSS मनुस्मृति के समर्थक हैं।
देश संविधान से चलेगा, मनुस्मृति से नहीं! pic.twitter.com/ExD3en1urn
— Rahul Gandhi (@RahulGandhi) December 14, 2024
രാഹുലിൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണകക്ഷി അംഗങ്ങൾ പല തവണ ശ്രമിച്ചു. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
സവര്‍ക്കറിനെ അപകീര്‍ത്തികരമായി പരാമര്‍ശിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി ഇന്ന് സമന്‍സ് അയച്ചിരുന്നു. 2022 നവംബര്‍ 17ന് ഭാരത് ജോഡോ യാത്രക്കിടെ അകോലയില്‍ സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരുന്നത്. കൊളോണിയല്‍ ഗവണ്‍മെന്റില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകന്‍ എന്നാണ് സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. തന്റെ പരാമര്‍ശങ്ങളിലൂടെ കോണ്‍ഗ്രസ്സ് എം പി സമൂഹത്തില്‍ വിദ്വേഷവും വിദ്വേഷവും പടര്‍ത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
കോടതിയുടെ സമന്‍സിന് പിന്നാലെയാണ് സവര്‍ക്കറിനെതിരെ വീണ്ടും രാഹുല്‍ രംഗത്തെത്തിയത്.