Connect with us

ലോക മാരിടൈം ദിനം

അറിയാനുണ്ട് കടലോളം

എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാന വ്യാഴാഴ്ചയാണ് ലോക മാരിടൈം ഡേ ആയി ആഘോഷിക്കുന്നത്.

Published

|

Last Updated

പ്രിയ കൂട്ടുകാരെ, വിശാലമായ സമുദ്രവും അതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കപ്പലുകളും അതിലെ ധൈര്യശാലികളായ കപ്പിത്താന്‍മാരും നിങ്ങളെ അത്ഭുതപ്പെടുത്താറില്ലേ? നമുക്കും ആ വിശാല ലോകത്തെക്കുറിച്ച് അറിയേണ്ടേ?

MARPOL
എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാന വ്യാഴാഴ്ചയാണ് ലോക മാരിടൈം ഡേ ആയി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ മാരിടൈം ദിനത്തിന്റെ തീം ‘MARPOL at 50 Our commitment goes on’ എന്നതാണ്. കപ്പലുകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കാരണം കടല്‍ മലിനമാകുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നാഷനല്‍ മറൈന്‍ ഓര്‍ഗനൈസേഷന് (IMO) കീഴില്‍ 1973ലാണ് MARPOL നിലവില്‍ വരുന്നത്. നിലവില്‍ വന്നിട്ട് ഇപ്പോള്‍ 50 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷവും ഈ ദിനത്തില്‍ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ ദിവസത്തില്‍ മാരിടൈം ഇന്‍ഡസ്ട്രിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നു.

മാരിടൈം ഇന്‍ഡസ്ട്രി

ഭൂമിയുടെ 70 ശതമാനത്തിലധികവും കടലാണ്. കപ്പലുകള്‍, ബോട്ടുകള്‍, കടല്‍ജീവികള്‍, കടല്‍സസ്യങ്ങള്‍, കടലിന്റെ സംരക്ഷണം, കടലിലൂടെയുള്ള ചരക്കുനീക്കം തുടങ്ങി കടലുമായി ബന്ധപ്പെട്ട എല്ലാം നമുക്ക് മാരിടൈം ഇന്‍ഡസ്ട്രിയില്‍ ഉള്‍പ്പെടുത്താം.
കടല്‍ അത്ഭുതം മാത്രമല്ല, അവസരങ്ങള്‍ കൂടിയാണ്. സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം അനന്തമായ സാധ്യതകളാണ് കടല്‍ വെച്ചുനീട്ടുന്നത്.

ഇത് കൂടി പരിചയപ്പെടാം

കപ്പിത്താന്‍

വലിയൊരു കപ്പലിന്റെ കപ്പിത്താനാണ് നിങ്ങളെന്ന് സങ്കല്‍പ്പിക്കുക. എന്തൊക്കെയായിരിക്കും നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍? കപ്പലിന്റെ പൂര്‍ണമായ നിയന്ത്രണം നിങ്ങളുടെ കൈയിലായിരിക്കും. കപ്പലിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക, കപ്പലിന്റെയും അതിലെ യാത്രക്കാരുടെയും ജോലിക്കാരുടെയുമെല്ലാം സുരക്ഷ ഇവയൊക്കെ നിങ്ങളുടെ ഉത്തരവാദിത്വമായി മാറും.

മറൈന്‍ എന്‍ജിനീയര്‍
ഭീമാകാരന്മാരായ കപ്പലുകള്‍ നമുക്കെന്നും ആശ്ചര്യവും അത്ഭുതവുമാണ്. അതിന്റെ നിര്‍മാണങ്ങള്‍ വളരെ സൂക്ഷ്മതയോടെയും കെട്ടുറപ്പോടെയുമായിരിക്കണം. ആരാണിവയൊക്കെ നിര്‍മിച്ചിട്ടുണ്ടാകുക? മറൈന്‍ എന്‍ജിനീയര്‍മാരും നേവല്‍ ആര്‍ക്കിടെക്റ്റുമാരും ചേര്‍ന്നാണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നിര്‍മാണം മാത്രമല്ല, അതിന് ശേഷം കപ്പല്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നും പ്രശ്നങ്ങളൊന്നും ഇല്ല എന്നും ഉറപ്പുവരുത്തുന്നത് മറൈന്‍ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വമാണ്. ഇവര്‍ ഒരു ഡോക്ടറെപ്പോലെ കപ്പലിന്റെ ഓരോ ഭാഗവും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തുകയും തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിര്‍മിക്കേണ്ടേ കപ്പല്‍? നമുക്ക് പഠിച്ചൊരുങ്ങാം.

മറൈന്‍ ബയോളജിസ്റ്റ്
നമുക്ക് ചുറ്റും എത്രയൊക്കെ സസ്യങ്ങളും ജീവജാലങ്ങളുമാണുള്ളത്. എണ്ണാന്‍ കഴിയുമോ? എന്നാല്‍ അതിനേക്കാളൊക്കെ എത്രയോ വിശാലമാണ് കടല്‍ജീവികളും കടല്‍സസ്യങ്ങളും. ഇവയെക്കുറിച്ചു പഠിക്കുന്നവരെ കുറിച്ച് പറയുന്നതാണ് മറൈന്‍ ബയോളജിസ്റ്റ്.
ഇത് ഇവിടെ തീരുന്നില്ല. വിശദമായി അന്വേഷിക്കാം, കൂടുതല്‍ പഠിക്കാം, മാരിടൈം ദിനം അതിനൊരവസരമായി ഉപയോഗപ്പെടുത്താം. നിങ്ങള്‍ക്ക് കൂടുതല്‍ താത്പര്യമുള്ളതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാം. ടൈറ്റാനിക് പോലുള്ള കപ്പലുകളുടെ ചരിത്രം, നമുക്ക് അറിവിന്റെ സാഗരത്തിലേക്ക് ഊളിയിടാം. ലോകത്തെ ബന്ധിപ്പിക്കുന്ന കടലിനെ നമുക്ക് ആഘോഷിക്കാം.