Kerala
മുനമ്പം ഭൂമി വഖ്ഫ് ആണെന്നതിന് തെളിവുകളുണ്ട്; വി ഡി സതീശനെതിരെ വഖ്ഫ് ബോര്‍ഡ്
ബോര്‍ഡ് സ്വീകരിച്ച നിയമനടപടിയെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ചത് നിരുത്തരവാദ നടപടിയാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യം

കൊച്ചി | മുനമ്പം കേസിലെ നിയമനടപടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വഖ്ഫ് ബോര്‍ഡ്. മുനമ്പത്തെ തര്‍ക്കഭൂമി വഖ്ഫ് ആണെന്നതിന് വ്യക്തമായ ആധാരവും കോടതി വിധികളും ഉണ്ട്. ബോര്‍ഡ് സ്വീകരിച്ച നിയമനടപടിയെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ചത് നിരുത്തരവാദ നടപടിയാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വഖ്ഫ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
വഖ്ഫ് ട്രൈബ്യൂണലിനെതിരെ വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നുമായിരുന്നു വി ഡി സതീശന്റെ വിമര്‍ശം. വഖ്ഫ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഏതാനും ദിവസത്തേക്ക് സ്റ്റേ ചെയ്യിച്ച വഖ്ഫ് ബോര്‍ഡിന്റെ നിലപാട് മുനമ്പം ജനതക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രംഗത്തെത്തുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തത്.