Kerala
റോഡുകളിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ല, തെറ്റുകളോട് സന്ധിയില്ല: മന്ത്രി റിയാസ്
പരിശോധന അനിവാര്യമാണ്. റോഡ് ഏതായാലും കുഴികള്‍ ഉണ്ടാകാന്‍ പാടില്ലെന്നു തന്നെയാണ് നിലപാട്.
തിരുവനന്തപുരം | റോഡുകളിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്. തെറ്റുകള്‍ കണ്ടാല്‍ അതിനോട് സന്ധി ചെയ്യില്ല. റോഡ് ഏതായാലും കുഴികള്‍ ഉണ്ടാകാന്‍ പാടില്ലെന്നു തന്നെയാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് അടുത്ത വര്‍ഷത്തോടെ പുതിയ കലണ്ടര്‍ നടപ്പാക്കും. 2026 ഓടെ 50 ശതമാനം റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിക്കും. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചിട്ടുണ്ട്. അഴുക്കുചാല്‍ സംവിധാനത്തിന്റെ കുറവ് പ്രശ്‌നമാണെന്നും പൊതുമരാമത്ത് മന്ത്രി പ്രതികരിച്ചു.
ദേശീയപാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 2025 ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ ആകുമെന്നും മന്ത്രി വ്യക്തമാക്കി.