Connect with us

From the print

വിവരാവകാശ രേഖകള്‍ക്ക് അധിക ഫീസ് വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് കമ്മീഷന്‍ നഷ്ടപരിഹാര തുകക്ക് പരിധിയില്ല

ഹരജിക്കാരനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരവും ഈടാക്കുമെന്ന് കമ്മീഷണര്‍

Published

|

Last Updated

ആലപ്പുഴ| വിവരാവകാശ രേഖകള്‍ക്ക് അധിക ഫീസ് വാങ്ങുന്ന ഉദ്യോഗസ്ഥര്‍ മൂന്ന് വിധത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹകീമിന്റെ മുന്നറിയിപ്പ്. അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വില്ലേജ് ഓഫീസില്‍ ആയിരത്തിൽപ്പരം രൂപ മാത്രം അടച്ച് 417 പേജുകള്‍ കൊടുക്കേണ്ടിയിരുന്ന ഹരജിക്കാരനോട് 1,06,335 രൂപ അടയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞ ഫയലിന്റെ വാദം കേട്ട ശേഷമാണ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്. വിവരം വൈകിക്കുന്ന ഓരോ ദിവസത്തിനും ഉദ്യോഗസ്ഥനില്‍ നിന്ന് 250 രൂപ വീതം പിഴയും അധിക ഫീസ് ഈടാക്കുന്നതിൽ വകുപ്പുതല അച്ചടക്ക നടപടിയും ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാരനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരവും ഈടാക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. നഷ്ടപരിഹാര തുകക്ക് പരിധിയുണ്ടാകില്ല.

വകുപ്പുതലത്തില്‍ അവരവര്‍ക്ക് ബാധകമായ സര്‍വീസ് റൂള്‍ അനുസരിച്ചുള്ള അച്ചടക്ക നടപടി എന്തുമാകാം. റവന്യൂ, രജിസ്‌ട്രേഷന്‍ പോലുള്ള വകുപ്പുകളും സര്‍വകലാശാലകള്‍ പോലെയുള്ള സ്ഥാപനങ്ങളും വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന രേഖകള്‍ക്ക് അവരവര്‍ നിശ്ചയിച്ച ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് പാര്‍ലിമെന്റ്പാസ്സാക്കിയ നിയമത്തിനും സുപ്രീംകോടതി, കേരള ഹൈക്കോടതി എന്നിവയുടെ ഉത്തരവുകള്‍ക്കും വിരുദ്ധമാണ്.
കമ്പനി സെക്രട്ടറിമാരും കേന്ദ്ര സര്‍ക്കാറുമായി നടത്തിയ കേസില്‍ സുപ്രീം കോടതി വിവരാവകാശ നിയമപ്രകാരം അപേക്ഷ സ്വീകരിച്ചാല്‍ അതുപ്രകാരം തന്നെ ഫീസ് വാങ്ങണമെന്നും അല്ലാതെയുള്ള അപേക്ഷകളാണെങ്കില്‍ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് വാങ്ങാമെന്നുമാണ് വിധി. ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. സിറ്റിംഗില്‍ 20 കേസുകള്‍ പരിഗണിച്ചു. 19 എണ്ണം തീര്‍പ്പാക്കി. എതിര്‍കക്ഷി മരണപ്പെട്ടതിനാല്‍ ഒരെണ്ണത്തിന്റെ വാദം മാറ്റി.

Latest