Connect with us

From the print

പ്രവാസികള്‍ക്കായുള്ള ചാര്‍ട്ടേഡ് വിമാനത്തിന് കേന്ദ്രാനുമതിയില്ല

ഉത്സവകാലത്ത് നിരക്ക് ഉയര്‍ത്തുന്നതിനെ തുടര്‍ന്നാണ് കേരളം ബദല്‍ സാധ്യത തേടിയത്.

Published

|

Last Updated

തിരുവനന്തപുരം | ഓണം ആഘോഷിക്കാന്‍ കേരളത്തിലേക്ക് വരുന്ന പ്രവസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായേക്കില്ല. ഇത് സംബന്ധിച്ച് കേരളം നല്‍കിയ അപേക്ഷയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കാത്തതാണ് തടസ്സമാകുന്നത്.

ഉത്സവ സീസണുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഓണം പ്രമാണിച്ച് ഈ മാസം 15 മുതല്‍ സെപ്തംബര്‍ 15 വരെ യു എ ഇ- ഇന്ത്യ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. എന്നാല്‍ വിമാനം ഒരുക്കുന്നതില്‍ കേന്ദ്രം അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കൂടിയായിരുന്നു പ്രവാസികള്‍ക്കായുള്ള വിമാനം. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഈ ഓണത്തിന് തന്നെ വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് തീരുമാനമെടുത്തു. ഇതിനായി വിദേശ വിമാന കമ്പനികള്‍ അടക്കമുള്ളവയുമായി ചര്‍ച്ച നടത്താന്‍ സിയാല്‍ എം ഡിയെയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു.

പ്രാഥമിക ചര്‍ച്ചക്ക് ശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടാനും യോഗം നിര്‍ദേശിച്ചിരുന്നു. ഇതിനായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ കെ വി തോമസിനായിരുന്നു ചുമതല. തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കി. എന്നാല്‍ കേരളത്തിന്റെ അപേക്ഷയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇതുവരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. നിലവിലെ നിബന്ധനകള്‍ അനുസരിച്ച് പലായനം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇത്തരം വിമാനം അനുവദിക്കാറുള്ളൂവെന്നതിനാല്‍ ആവശ്യം നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതോടൊപ്പം, വിദേശ രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനം സര്‍വീസ് നടത്തുന്നതിന് മുന്‍കൂട്ടി നിശ്ചയിച്ച ക്വാട്ട തീര്‍ന്നതായും വിശദീകരിക്കുന്നു.

ഉത്സവ സീസണുകളില്‍ വിമാന കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് പതിവായ സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് വിമാനമുള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ ആലോചിച്ചത്. നോര്‍ക്ക റൂട്ട്‌സിന്റെ പങ്കാളിത്തത്തോടെ ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ 175 സീറ്റുകളുള്ള വിമാന സര്‍വീസായിരുന്നു സര്‍ക്കാര്‍ പദ്ധതി.

അധിക വിമാന നിരക്ക് മറികടക്കാന്‍ ചാര്‍ട്ടേഡ് വിമാന സൗകര്യത്തിന് പുറമെ ബള്‍ക്ക് ബുക്കിംഗ്, കപ്പല്‍ യാത്രാ സാധ്യതകളും നോര്‍ക്ക ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനായി 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപവത്കരിച്ചിട്ടുമുണ്ട്.