Connect with us

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതിയില്ല; കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ്

എന്റെയും മകന്റെയും സമ്മതത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹം കൊണ്ടുപോയതെന്നും കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ പറഞ്ഞു.

Published

|

Last Updated

ഇടുക്കി| ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പ്രതികരണവുമായി ഇന്ദിരയുടെ കുടുംബം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചില്ലെന്നും എന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയതെന്നും കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തോടെ അനാദരവ് കാട്ടിയെന്ന് പരാതിയില്ലെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പ്രതികരിച്ചിരുന്നു.

അതേസമയം കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്ന് എഫ്ഐആര്‍. പോലീസിനെ മര്‍ദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് മുഖ്യ പ്രതികള്‍. കോതമംഗലം പ്രതിഷേധത്തിനെതിരെ മൂന്ന് കേസുകള്‍ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്തു.

ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ മുണ്ടോം കണ്ടത്തില്‍ ഇന്ദിര (70) ആണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാവിലെ 8.30 ഓടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തില്‍ കൂവ വിളവെടുത്തുകൊണ്ടിരുന്ന ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെരിയാര്‍ കടന്ന് വനത്തില്‍ നിന്ന് എത്തിയ കാട്ടാനയാണ് ഇന്ദിരയെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച്ച മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്ത കാട്ടാന ഡ്രൈവര്‍ സുരേഷ് കുമാറിനെ (35) കൊലപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

 

 

 

Latest