Connect with us

Articles

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഒരവസാനമില്ലേ...

ഓണ്‍ലൈന്‍ ബിസിനസ്സില്‍ പണം നിക്ഷേപിക്കുക , മണിചെയിനുകളില്‍ തല വെച്ചുകൊടുക്കുക , താരതമ്യേന ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്ന് സമാധാനിച്ചും അപമാനം ഭയന്നും മറ്റാരോടും അനുഭവം പങ്കുവെക്കാതിരിക്കുക തുടങ്ങി ഇക്കാര്യത്തില്‍ മലയാളിയുടെ പിഴവുകള്‍ ഏറെയാണ്. അതിനാല്‍ തന്നെ മണി ചെയിന്‍ കെണികള്‍ പുതുരീതിയില്‍ വന്നാല്‍ ആളുകൾ അതില്‍പോയി വീഴുക തന്നെ ചെയ്യൂ.

Published

|

Last Updated

ലോകത്തെ ഏതുതരം ആധുനികസൗകര്യങ്ങളേയും ദുരുപയോഗം ചെയ്യാനുള്ള വഴികള്‍ക്കായി ചിലര്‍ തല പുകയ്ക്കുമ്പോള്‍ ഡിജിറ്റൽ ട്രാന്‍സാക്ഷന്‍സും കാഷ്ലെസ്സ് ഇന്ത്യയുമൊക്കെ എന്ത്! കോഴിക്കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയുടെ പണം നഷ്ടപ്പെട്ടത് ഈയാഴ്ചയിലാണ്. ആയുഷ്മാന്‍ ഭാരതിന്‍റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് അയച്ചു കൊടുത്തുകൊണ്ടായിരുന്നു തട്ടിപ്പ്. ആദ്യം ഒരു രൂപയാണ് പിന്‍വലിച്ചത്. പതിനായിരത്തില്‍ കുറവുള്ള തുക പിന്‍വലിച്ചാല്‍ നോട്ടിഫിക്കേഷന്‍ അയക്കാത്ത ബാങ്ക് നിലപാടാണ് തനിക്ക് പാരയായതെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം ആറ് തവണയായുള്ള പിന്‍വലിക്കലിലൂടെ വന്‍തുക തട്ടിപ്പ് സംഘം കൈക്കലാക്കുകയായിരുന്നു.

അന്യസംസ്ഥാനത്തുള്ള വിജിലന്‍സ്, പോലീസ് ഓഫീസര്‍മാര്‍ ചമഞ്ഞുള്ള തട്ടിപ്പുകളാണ് മറ്റൊരിനം. നിങ്ങളയച്ച സാധനങ്ങളിലോ ഒപ്പിട്ട പേപ്പറുകളിലോ മറ്റോ ക്രിമിനൽ ഒഫന്‍സുണ്ടെന്നും അത് പരിഹരിക്കണമെന്നും പറയുന്നത് ഉന്നതോദ്യോഗസ്ഥനെന്ന വ്യാജേനയാണ്. പലയിടത്തും യൂണിഫോമിട്ട ഒരാൾ വിഡിയോ കോളില്‍ വന്നിരുന്നുവത്രേ.

സംഗീത സംവിധായകൻ ജെറി അമല്‍ദേവ് ഇത്തരമൊരു തട്ടിപ്പില്‍ നിന്നും ഈയിടെ രക്ഷപ്പെട്ടത് അവസാന നിമിഷമാണ്. ഫെഡറൽ ബാങ്കിന്റെ പച്ചാളം ബ്രാഞ്ച് മാനേജരായ സജനയുടെ സമയോചിത ഇടപെടൽ കൊണ്ട് മാത്രം ലക്ഷങ്ങളുടെ നഷ്ടത്തില്‍ നിന്ന് അദ്ദേഹം തലനാരിഴക്ക് ഒഴിവായി. ഇതുപോലൊരു ഭീഷണിയിലായിരുന്നു ആ സംഭവത്തിന്‍റേയും തുടക്കം‌. മറ്റാരോടും ഇത് ഷെയർ ചെയ്യരുതെന്ന വിരട്ടലിന് കീഴടങ്ങിയതായിരുന്നു ജെറി അമല്‍ദേവിന്‍റെ പിഴ. ഹെഡ് സെറ്റ് വെച്ചേ സംസാരിക്കാവൂ എന്ന നിര്‍ദ്ദേശം‌ അദ്ദേഹം അവസാനം വരെ പാലിച്ചു. ഒടുവിൽ പണമിടപാടിനായി ബാങ്കില്‍ ചെന്ന അദ്ദേഹത്തിന്‍റെ മുഖത്തെ പരിഭ്രമം മനസ്സിലാക്കിയ സജന പ്രശ്നത്തിലിടപെടുകയായിരുന്നു.

ഓണ്‍ലൈന്‍ ബിസിനസ്സില്‍ പണം നിക്ഷേപിക്കുക , മണിചെയിനുകളില്‍ തല വെച്ചുകൊടുക്കുക , താരതമ്യേന ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്ന് സമാധാനിച്ചും അപമാനം ഭയന്നും മറ്റാരോടും അനുഭവം പങ്കുവെക്കാതിരിക്കുക തുടങ്ങി ഇക്കാര്യത്തില്‍ മലയാളിയുടെ പിഴവുകള്‍ ഏറെയാണ്. അതിനാല്‍ തന്നെ മണി ചെയിന്‍ കെണികള്‍ പുതുരീതിയില്‍ വന്നാല്‍ ആളുകൾ അതില്‍പോയി വീഴുക തന്നെ ചെയ്യൂ. അഭ്യസ്തവിദ്യരേയും ലോകപരിചയമുള്ളവരേയും കെണിയിലാക്കാന്‍ പുതിയ പരിപാടികളുണ്ട് തട്ടിപ്പുകാര്‍ക്കും. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിപ്പുകാര്‍ കൊണ്ടുപോയ എലിഫന്റ് ഫര്‍ണ്ണിച്ചര്‍ തട്ടിപ്പ് അത്തരത്തിലൊന്നാണ്.

അതിന്‍റെ രീതി-വിചിത്രമാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. ഇരകളാക്കപ്പെട്ടവര്‍ കൂടുതലും വീട്ടമ്മമാരാണ്.

എറ്റവും കുറഞ്ഞ തുകയായ 680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ അപ്പോള്‍ തന്നെ 115 രൂപ വെല്‍ക്കം ബോണസ് ലഭിക്കും. പിന്നാലെ ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്സൈറ്റ് അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ആ ബാലന്‍സ് അക്കൌണ്ടിലേയ്ക്ക് മാറ്റാം. ഒരുമാസമാകുമ്പോള്‍ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും.. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക നിക്ഷേപിച്ചു തുടങ്ങി. പിന്നീടാണ് യഥാർത്ഥ പണി വരുന്നത്.

കഴിഞ്ഞ മാസം അവസാനം 10 ദിവസത്തേയ്ക്ക് പുതിയ ഒരു ഓഫര്‍ വന്നു. 10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്നായിരുന്നു ഓഫര്‍. ഇതുവരെയുള്ള ഇടപാടുകളില്‍ വിശ്വസിച്ചവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ നിക്ഷേപിച്ചു. ഒന്നിച്ച് വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്സൈറ്റ് പണിമുടക്കി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്സൈറ്റ് ലഭിക്കുന്നില്ല. പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി നടക്കുകയാണ്.

തട്ടിപ്പില്‍ പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നാവും

  • അമിതമായ ലാഭം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ വിശ്വസിക്കും മുമ്പ് അതിന്‍റെ യുക്തി പരിശോധിക്കുക.
  • മൊബൈൽ ആപ്ലിക്കേഷനുകളിലും അക്കൗണ്ട് ഉണ്ടാക്കുന്നതിന് മുന്നോടിയായി റിവ്യൂകൾ നോക്കുന്ന ശീലം നല്ലതാണ്.
  • വിശ്വാസ്യതയുള്ള അധികം ആളുകൾ ഉപയോഗിച്ച് മുൻ നിരയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
  • എൻബിഎഫ്സി അഥവ ബാങ്കിതര ധനകാര്യ സ്ഥാപനമാണെങ്കൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
---- facebook comment plugin here -----

Latest