Connect with us

From the print

വംശഹത്യക്ക് അറുതിയില്ല

ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നു

Published

|

Last Updated

ഗസ്സ | ഹമാസ് പോരാളികളെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ ഗസ്സയുടെ വടക്കൻ മേഖലയായ ജബലിയയിലും സമീപ പ്രദേശങ്ങളിലും ഇസ്‌റാഈൽ നടത്തിയ കനത്ത ആക്രമണത്തിൽ 50 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഗസ്സയിലെ എട്ട് അഭയാർഥി ക്യാമ്പുകളിലെ ഏറ്റവും വലിപ്പമുള്ള ക്യാമ്പായ അൽ ഫലൗജക്കടുത്ത ജബലിയ ക്യാമ്പിൽ ഇസ്‌റാഈൽ ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ചികിത്സിക്കാനെത്തിയ ഡോക്ടറും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ഖാൻയൂനുസിലെ ബനീസുഹൈലയിൽ മിസൈൽ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗസ്സയുടെ പ്രാന്തപ്രദേശമായ സബ്‌റയിൽ മൂന്ന് വീടുകൾ വ്യോമാക്രമണത്തിൽ തകർന്നു. ഈ സമയത്ത് വീടുകളിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന 12 പേർക്കായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക സിവിൽ എമർജൻസി ടീം അറിയിച്ചു.

മധ്യ ഗസ്സയിലെ നുസ്വീറാത്തിൽ വീട് ആക്രമിച്ച് എട്ട് പേരെയും കൊലപ്പെടുത്തി.
അതേസമയം, വടക്കൻ, തെക്കൻ ഗസ്സയിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകളിൽ എത്തിയ സമയത്തുണ്ടായ വെടിവെപ്പിൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി ജബലിയ കേന്ദ്രീകരിച്ചാണ് ഇസ്‌റാഈൽ സൈന്യം ആക്രമണം നടത്തുന്നത്. ഒരു വർഷമായി തുടരുന്ന ഏകപക്ഷീയ ആക്രമണത്തിന്റെ, തുടക്കത്തിലും ജബലിയയിൽ ഇസ്‌റാഈൽ ബോംബാക്രമണം ശക്തമാക്കിയിരുന്നു. ജനസാന്ദ്രത കൂടിയ ജബലിയ പ്രദേശത്ത് നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്‌റാഈൽ നീക്കമാണിതെന്ന് യു എൻ ഏജൻസികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗസ്സാ മുനമ്പിൽ നിന്ന് വടക്കൻ ഗസ്സയെ പൂർണമായും വെട്ടിമാറ്റുകയാണ് ഇസ്‌റാഈലെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു. വടക്കൻ ഗസ്സയിൽ തുടരുന്ന കനത്ത ആക്രമണത്തിലും പലായന ഉത്തരവുകളിലും ഫലസ്തീൻ കുടുംബങ്ങൾ സങ്കൽപ്പിക്കാനാകാത്ത ഭയാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടൽ, ആശങ്ക, മനോവിഭ്രാന്തി… ഇതെല്ലാം അവരെ തളർത്തുകയാണ്. കൂടുതൽ അപകടങ്ങളില്ലാതെ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനാകണമെന്നും ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസ്സ് ഗസ്സ മേധാവി അഡ്രിയാൻ സിമ്മർമാൻ ആവശ്യപ്പെട്ടു.

Latest