Connect with us

National

അഗ്നിപഥിൽ പിറകോട്ടില്ല; ഇളവുകൾ നൽകിയത് അക്രമസംഭവങ്ങളുടെ പ്രതികരണമല്ല: സെെനിക മേധാവികൾ

ആർമി റിക്രൂട്ട്‌മെന്റിനായുള്ള റാലികൾ ഓഗസ്റ്റ് ആദ്യ പകുതിയിൽ ആരംഭിക്കുമെന്നും 'അഗ്നിവീറിന്റെ' ആദ്യ ബാച്ച് ഡിസംബർ ആദ്യവാരത്തോടെ എത്തുമെന്നും ലെഫ്റ്റനന്റ് ജനറൽ സി ബൻസി പൊന്നപ്പ

Published

|

Last Updated

ന്യൂഡൽഹി | അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി സെെനിക നേതൃത്വം. ആരുടെയെങ്കിലും സമ്മർദത്തിന് വഴങ്ങിയല്ല പദ്ധതിയിൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതെന്നും അതെല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണെന്നും സെെനിക മേധാവികൾ വ്യക്തമാക്കി.

‘അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച മൂന്ന് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം പദ്ധതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകാൻ മൂന്ന് സേനാ മേധാവികളും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരിയാണ് കേന്ദ്രത്തിൻെറ നിലപാട് വ്യക്തമാക്കിയത്.

സിയാച്ചിനിലും മറ്റ് പ്രദേശങ്ങളിലും നിലവിൽ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികർക്ക് ബാധകമായ അതേ അലവൻസ് ‘അഗ്നിവീറി’നും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തിന്റെ കാര്യത്തിൽ അവരോട് വിവേചനമില്ല. ഇതുമാത്രമല്ല, രാജ്യസേവനത്തിൽ ജീവൻ ബലിയർപ്പിച്ച ‘അഗ്നിവറിന്’ ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതിനിടയിൽ, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പ്രഖ്യാപിച്ച ‘അഗ്നിപഥ്’ സംവരണം സംബന്ധിച്ച പ്രഖ്യാപനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമസംഭവങ്ങളുടെ പ്രതികരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്കെതിരായ അക്രമത്തിൽ ഉൾപ്പെട്ടവർക്ക് റിക്രൂട്ട്‌മെന്റിൽ ഒരു സ്ഥാനവും ലഭിക്കില്ലെന്നും അനിൽ പുരി പറഞ്ഞു.  ‘അഗ്നിപഥിന്’ അപേക്ഷിക്കുന്നവർ, രാജ്യത്തുടനീളം വ്യാപിച്ച അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും തീവെപ്പ് സംഭവങ്ങളുടെയും ഭാഗമല്ലെന്ന് സത്യവാങ്മൂലം നൽകണം അദ്ദേഹം വ്യക്തമാക്കി.

അടുത്ത 4-5 വർഷത്തിനുള്ളിൽ സൈനികരുടെ റിക്രൂട്ട്‌മെന്റ് 50,000-60,000 ആകുമെന്നും പിന്നീട് അത് 90,000 – 1 ലക്ഷമായി ഉയരുമെന്നും അനിൽ പുരി പറഞ്ഞു. പദ്ധതി വിശകലനം ചെയ്യുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനുമായാണ് ആദ്യഘട്ടത്തിൽ 46,000 പേരെ റിക്രൂട്ട് ചെയ്യുന്നത്. പേരുമായി ഞങ്ങൾ ചെറുതായി തുടങ്ങിയിട്ടുണ്ട്. ഈ പരിഷ്കരണത്തിലൂടെ യുവത്വവും അനുഭവപരിചയവും സൈന്യത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അനിൽ പുരി വിശദീകരിച്ചു.

ആർമി റിക്രൂട്ട്‌മെന്റിനായുള്ള റാലികൾ ഓഗസ്റ്റ് ആദ്യ പകുതിയിൽ ആരംഭിക്കുമെന്നും ‘അഗ്നിവീറിന്റെ’ ആദ്യ ബാച്ച് ഡിസംബർ ആദ്യവാരത്തോടെ എത്തുമെന്നും ലെഫ്റ്റനന്റ് ജനറൽ സി ബൻസി പൊന്നപ്പ പറഞ്ഞു. രണ്ടാം ബാച്ച് ഫെബ്രുവരിയോടെ എത്തും. സൈന്യം 83 റിക്രൂട്ട്‌മെന്റ് റാലികൾ നടത്തുമെന്നും രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും സ്പർശിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നാവികസേനയുടെ ആദ്യ ബാച്ച് ‘അഗ്നിവീർ’ നവംബർ 21-ന് പരിശീലനത്തിനായി ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ എത്തും. ഈ വർഷം ഡിസംബറോടെ ‘അഗ്നിവീറിന്റെ’ ആദ്യ ബാച്ചിനെ ഐഎഎഫ് എൻറോൾ ചെയ്യുകയും അതേ മാസം തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്യും.

അതേസമയം, ഉത്തർപ്രദേശ്, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കേന്ദ്രം നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സായുധ പോലീസ് സേനകളിലോ CAPF കളിലോ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അസം റൈഫിൾസുകളിലോ ‘അഗ്നിവീറിന്’ 10 ശതമാനം സംവരണം ഉൾപ്പെടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

Latest