National
പൗരത്വ നിയമത്തില്‍ പിന്നോട്ടില്ല; കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ നടപ്പാക്കും: അമിത് ഷാ
രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ വകവെക്കാതെയാണ് കേന്ദ്ര സർക്കാർ സി എ എ പാസാക്കിയത്. ഡൽഹി കേന്ദ്രീകരിച്ച് നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു.
ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി എ എയില്‍ നിന്ന് പിന്‍വാങ്ങുമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സിഎഎ നടപ്പാക്കുന്നത് ഇപ്പോഴത്തെ കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊവിഡില്‍ നിന്ന് മോചിതരാകാത്തിടത്തോളം സിഎഎക്ക് മുന്‍ഗണന നല്‍കാനാകില്ല. മൂന്ന് തരംഗങ്ങള്‍ നമ്മള്‍ നേരിട്ടു. മൂന്നാമത്തെ തരംഗം പിന്‍വാങ്ങുന്ന ഘട്ടത്തിലാണ്. കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. കൊവിഡ് കുറയുന്നതോടെ സിഎഎ നടപടികളുമായി മുന്നോട്ട് പോകും. അതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ അമുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സഹായിക്കുന്ന സിഎഎ, 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസാക്കുകയും അടുത്ത ദിവസം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിഎഎയ്ക്ക് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും ഇതുവരെ രൂപീകരിച്ചിട്ടില്ല.
പാര്‍ലമെന്ററി ചട്ടങ്ങള്‍ അനുസരിച്ച് ഒരു നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ അതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കണം. അല്ലാത്തപക്ഷം ലോക്ഭസക്കും, രാജ്യസഭക്കും കീഴിലുള്ള നിയമനിര്‍മാണ കമ്മിറ്റിയില്‍ നിന്ന് അവധി നീട്ടിലഭിക്കണം.
സിഎഎ പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിനുള്ളില്‍ നിയമങ്ങള്‍ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിയാത്തതിനാല്‍ അഞ്ച് തവണ സമയം നീട്ടി നല്‍കിയിട്ടുണ്ട്. 2020 ജൂണിലാണ് ആദ്യം സമയം നീട്ടിനല്‍കിയത്. ഈ വര്‍ഷം ജനുവരിയിലാണ്, സിഎഎ പ്രകാരം നിയമങ്ങള്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവസാനമായി പാര്‍ലമെന്ററി കമ്മിറ്റികളെ സമീപിച്ചത്.
രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ വകവെക്കാതെയാണ് കേന്ദ്ര സർക്കാർ സി എ എ പാസാക്കിയത്. ഡൽഹി കേന്ദ്രീകരിച്ച് നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു.