National
നരേന്ദ്ര മോദിയേക്കാള്‍ വലിയ ജനാധിപത്യവാദിയില്ല: അമരീന്ദര്‍ സിങ്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിങിന്റെ പ്രശംസ.
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലും കര്‍താര്‍പുര്‍ ഇടനാഴി തുറന്ന് നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിങിന്റെ പ്രശംസ. ഏതൊരു ദേശീയവാദിയും, നമ്മുടെ കര്‍ഷകന്റെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുന്നുവെന്നും അമരീന്ദര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
പ്രധാനമന്ത്രി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് തീരുമാനം. കര്‍ഷകര്‍ക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിച്ചു. ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിന്‍വലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ താത്പര്യം കേള്‍ക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല. അത് ചെയ്യുന്ന ഒരു നേതാവിനേക്കാള്‍ വലിയ ജനാധിപത്യവാദിയില്ല, ഇപ്രകാരമാണ് അമരീന്ദര്‍ ലേഖനത്തില്‍ എഴുതിയത്.