Connect with us

National

ഏഴ് ലക്ഷം രൂപ വരെ വരുമാനത്തിന് ആദായ നികുതി ഇല്ല; മധ്യവർഗത്തെ തലോടി കേന്ദ്ര ബജറ്റ്

ആദായ നികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്ന് അഞ്ച് ആയി കുറച്ചതായും കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡൽഹി | ഒൻപത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തവർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് മധ്യവർഗത്തിന് ആശ്വാസം നൽകുന്ന ബജറ്റുമായി കേന്ദ്ര സർക്കാർ. ആദായ നികുതി പരിധിയിൽ മാറ്റം വരുത്തിയതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. പുതിയ നികുതി സമ്പ്രദായത്തിനു കീഴിൽ ഏഴ് ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ടി വരില്ല. മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല. ഏഴ് ലക്ഷം രൂപ വരെ റിബേറ്റ് ആനുകൂല്യം ലഭിക്കും. ഫലത്തിൽ ഏഴ് ലക്ഷം രൂപ വരെ നികുതി കൊടുക്കേണ്ടി വരില്ല. മധ്യവർഗത്തിന് ഏറ്റവും ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. 8 വർഷത്തിന് ശേഷമാണ് രാജ്യത്ത് ആദായ നികുതി ഇളവ് പരിധി ഉയർത്തുന്നത്.

നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചാക്കി കുറച്ചതായും ധനമന്ത്രി അറിയിച്ചു. മൂന്ന് മുതൽ ആറ് ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി നൽകണം. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനവും 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനവുമാണ് നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി നൽകണം. 15 ലക്ഷത്തിൽ കൂടുതൽ വരുമാനത്തിന് 30 ശതമാനമാകും നികുതി. പുതിയ നികുതി സ്ളാബുകൾ പ്രകാരം 9 ലക്ഷം വരെ വരുമാനക്കാർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ, യുവാക്കൾക്ക് മുൻഗണന, സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ മേഖലകൾക്കാണ് ബജറ്റിൽ ഊന്നൽ. എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ, കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട് തുടങ്ങിയ മേഖലക്കും മുന്തിയ പരിഗണനയുണ്ട്. ഒരു മണിക്കൂർ 27 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ദരിദ്രരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി ഒരു വർഷം കൂടി തുടരുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും 7.5 ശതമാനം പലിശനിരക്കിൽ രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന മഹിളാ സമ്മാന് ബചത് പത്ര യോജന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമിക്കും, യുവജനങ്ങൾക്കായി 30 അന്താരാഷ്ട്ര നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും, എംഎസ്എംഇക്ക് 9,000 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി, ഊർജ സുരക്ഷയ്ക്കായി 35,000 കോടി രൂപ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

റെയിൽവേക്കായി 2.40 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വകയിരുത്തലാണ് ഇത്. നിക്ഷേപച്ചെലവ് 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി. മാസവരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട തുകയുടെ പരിധി 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായി ഉയർത്തി. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കി മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കി. മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കിയും ഉയർത്തി.

കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. അടുത്ത 3 വർഷത്തിനുള്ളിൽ 740 ഏകലവ്യ സ്കൂളുകളിലായി 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും നിയമിക്കും. 3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2014 മുതൽ നിലവിലുള്ള 157 മെഡിക്കൽ കോളേജുകൾക്കൊപ്പം 157 പുതിയ നഴ്സിംഗ് കോളേജുകളും തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൊവിഡ് ബാധിച്ച ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് MSME ദുരിതാശ്വാസത്തിനുള്ള പിന്തുണ നൽകും. തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വമേധയാ ഒത്തുതീർപ്പ് പദ്ധതി കൊണ്ടുവരും. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് സർക്കാർ ഏജൻസികളിലുടനീളമുള്ള ബിസിനസുകൾക്കുള്ള പൊതു ഐഡന്റിഫയറായി പാൻ നമ്പർ ഉപയോഗിക്കും. നോൺ-റെസിഡന്റ് ബിസിനസുകൾക്ക് പാൻ ഇല്ലെന്നതിനാൽ അതിന് ബദൽ കാണേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പിന്നോക്ക ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് P.M.P.B.T.G വികസന മിഷൻ ആരംഭിക്കും. ഇത് പിബിടിജി സെറ്റിൽമെന്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. 15,000 കോടി രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്. ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതിയും പ്രഖ്യാപിച്ചു.

യുവാക്കളുടെ കാർഷിക സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കാർഷിക ഫണ്ട് രൂപീകരിക്കും. അടുത്ത 3 വർഷത്തേക്ക് 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിൽ സഹായം നൽകും. ഇതിനായി 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

സ്റ്റാർട്ടപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണവും ഗവേഷണവും മുന്നിൽ കൊണ്ടുവരാൻ ദേശീയ ഡാറ്റാ ഗവേണൻസ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് എല്ലാവർക്കും പ്രധാനപ്പെട്ട ഡാറ്റ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കും. രാജ്യാന്തര അവസരങ്ങൾക്കായി യുവാക്കളെ സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ നാലാം ഘട്ടം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

5ജി സേവനത്തിൽ പ്രവർത്തിക്കുന്ന ആപ്പുകൾ വികസിപ്പിക്കുന്നതിന് എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ​​ലാബുകൾ സ്ഥാപിക്കുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പുതിയ അവസരങ്ങളും ബിസിനസ് മോഡലുകളും തൊഴിൽ സാധ്യതകളും ഈ ലാബുകൾ വഴി സൃഷ്ടിക്കപ്പെടും. ഈ ലാബുകളിൽ, സ്മാർട്ട് ക്ലാസ് റൂം, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾക്കായി ആപ്പുകൾ വികസിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കുമെന്നും വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

Latest