articles
വിമര്‍ശനത്തിന് ഒറ്റ പഴുതുമില്ല
അനന്തരാവകാശികളെ പരിചയപ്പെടുത്തിയപ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരിചയപ്പെടുത്തിയ ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്.
നബി(സ)യുടെ അനുചരരില്‍ പ്രമുഖനായ സഅദ്ബ്നു വഖാസ്(റ) ഒരിക്കല്‍ നബി(സ)യോട് തന്റെ ആഗ്രഹം ഇങ്ങനെ രേഖപ്പെടുത്തി: ‘എന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ഞാന്‍ ഇസ്ലാം മതത്തിന്റെ പ്രചാരണത്തിന് നീക്കിവെക്കുകയാണ്’. ഇതുകേട്ട പ്രവാചകര്‍(സ) സഅദിനെ തിരുത്തി മാനവ കുലത്തോട് ഇങ്ങനെ പ്രഖ്യാപിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ അനന്തരവന്മാരെ ഐശ്വര്യമുള്ളവരായി ഉപേക്ഷിച്ചു പോകലാണ്, അവരെ ജനങ്ങളുടെയടുത്ത് കൈകാട്ടുന്ന ദാരിദ്രവാന്മാരായി ഉപേക്ഷിക്കുന്നതിനേക്കാളും നല്ലത്’. ശേഷം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാവൂ എന്ന നിര്‍ദേശവും സഅദിനു നല്‍കി.
ഇസ്ലാമിന്റെ അടിസ്ഥാന നിലപാട് കൂടിയാണിത്. തന്റെ അനന്തരാവകാശമെടുക്കേണ്ട ഒരാള്‍ പോലും സമ്പത്തില്ലാതെ വിഷമിക്കരുതെന്ന് ഇസ്ലാം ഓരോരുത്തര്‍ക്കും നിര്‍ദേശം നല്‍കി. സമ്പത്തില്‍ നിന്ന് ഏത് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോഴും തന്റെ ബാക്കിയുള്ളരെ മനസ്സില്‍ കാണണമെന്ന് ഇസ്ലാം നിര്‍ദേശിച്ചു. തന്റെ ബാക്കിയുള്ളവര്‍ അല്ലെങ്കില്‍ അനന്തരവന്മാര്‍ ആരാണെന്നും അവര്‍ക്ക് ഓരോരുത്തര്‍ക്കും ലഭിക്കേണ്ട വിഹിതവും വളരെ കൃത്യമായി 1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചു. ഖുര്‍ആനും നബി വചനങ്ങളും അതിനു പുറമെ ആയിരക്കണക്കിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഇത് വിശദമായി ചര്‍ച്ച ചെയ്തു. ലോക മുസ്ലിംകള്‍ ഇസ്ലാമിലെ ആയിരക്കണക്കിന് നിയമങ്ങള്‍ അനുസരിക്കുന്നതുപോലെ തലമുറകളായി ഈ നിയമങ്ങളും അനുസരിച്ചുപോരുന്നു.
അനന്തരാവകാശികളെ പരിചയപ്പെടുത്തിയപ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരിചയപ്പെടുത്തിയ ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിന്റെ പേര് തന്നെ ‘നിസാഅ്’ എന്നാണ്. സ്ത്രീ എന്ന് ഇതിനെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാം. ഈ അധ്യായത്തില്‍ പല സ്ഥലങ്ങളിലും അനന്തരാവകാശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതില്‍ ഏറ്റവും ആദ്യം പറയുന്നത് തന്നെ ഖുര്‍ആനിന്റെ ഇവ്വിഷയത്തിലുള്ള കടുത്ത നിലപാട് വ്യക്തമാക്കുന്നതാണ്. ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്'(ഖുര്‍ആന്‍: 4/7). സാധാരണ ഗതിയില്‍ ആണിനെയും പെണ്ണിനെയും യോജിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തി രണ്ട് പേര്‍ക്കും വിഹിതമുണ്ട് എന്ന് പറയുന്നതിനു പകരം രണ്ട് പേരെയും ഒരേ വാക്കുകള്‍ കൊണ്ട് ഒന്നിനു പിറകെ ഒന്നായി അവതരിപ്പിച്ച സന്ദര്‍ഭത്തില്‍ നിന്നാണ് ഇസ്ലാമിന്റെ കാര്‍ക്കശ്യം നാം മനസ്സിലാക്കേണ്ടത്. അക്കാലമത്രയും ഒരു മതവും ഒരു സംസ്‌കാരവും സ്ത്രീകള്‍ക്ക് അനന്തര സ്വത്തവകാശം നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ അത് തുടരാന്‍ ഇനിയൊരിക്കലും സമ്മതിക്കില്ലെന്നാണ് ഖുര്‍ആന്‍ തീര്‍ത്തു പറയുന്നത്. ഈ വാക്കുകള്‍ നൂറ്റാണ്ടുകളും ഭൂഖണ്ഡങ്ങളും ഭേദിച്ച് 1,200 വര്‍ഷം അതിജീവിച്ചതിനു ശേഷമാണ്, അഥവാ കൃത്യമായി പറഞ്ഞാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്, പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന യൂറോപ്പില്‍ പോലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കാന്‍ തുടങ്ങിയത്. യൂറോപ്പിലെ മതങ്ങളും രാഷ്ട്രീയ വ്യവസ്ഥിതികളും അക്കാലമത്രയും ഇത്തരം വിഷയങ്ങളില്‍ പിന്തിരിഞ്ഞു നിന്നുവെന്നതാണ് വസ്തുത. മതങ്ങളെ തള്ളിപ്പറഞ്ഞുവന്ന കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഒരു രൂപ പോലും സ്വന്തം വെക്കാന്‍ സമ്മതിക്കാതെ, അനന്തരമെന്ന ആശയത്തെ പോലും കുഴിവെട്ടി കുഴിച്ചുമൂടി ജനങ്ങളെ പീഡിപ്പിച്ച വസ്തുതകളൊക്കെ മറക്കാന്‍ കാലമായിട്ടില്ലല്ലോ. അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ 1850 വരെ കാത്തിരിക്കേണ്ടി വന്നു. അതേസമയം ലോകത്ത് എക്കാലവും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക നിയമ പ്രകാരം ഈ അവകാശങ്ങള്‍ അനുഭവിച്ചുപോന്നുവെന്നത് ഒരാള്‍ പോലും നിഷേധിക്കില്ല.
ഇസ്ലാം നിശ്ചയിച്ച അനന്തരാവകാശത്തില്‍ നിശ്ചിത ഓഹരികള്‍ ആറെണ്ണമാണ്. ഇതില്‍ ഏറ്റവും വലിയ ഓഹരി അഥവാ മൂന്നില്‍ രണ്ട് ഓഹരി സ്ത്രീകള്‍ക്കുമാണ്. മൂന്നില്‍ രണ്ട് വിഹിതം ലഭിക്കാന്‍ പര്യാപ്തരായ നാല് തരം അവകാശികളാണുള്ളത്. പരേതന്, ഒന്നില്‍ കൂടുതല്‍ പെണ്‍ മക്കള്‍, ഒന്നില്‍ കൂടുതല്‍ മകന്റെ മക്കള്‍, ഒന്നില്‍ കൂടുതല്‍ പൂര്‍ണ സഹോദരിമാര്‍, രണ്ടില്‍ക്കൂടുതല്‍ പിതാവൊത്ത അര്‍ധ സഹോദരിമാര്‍ എന്നിവരാണ് ഈ അവകാശികള്‍. ഇതിനു പുറമെ ചില സന്ദര്‍ഭങ്ങളില്‍ ആണും പെണ്ണും തുല്യ അനുപാതത്തില്‍ വീതിച്ചെടുക്കുന്നതും കാണാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നു. മറ്റു ചിലപ്പോള്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ലഭിക്കുന്നു. ചുരുക്കത്തില്‍, സ്ത്രീകള്‍ക്ക് ലോകചരിത്രത്തില്‍ ആദ്യമായി അനന്തരാവകാശം നല്‍കിയ ഇസ്ലാം, സ്ത്രീ-പുരുഷ മാനദണ്ഡം വെച്ചല്ല അനന്തരാവകാശ നിയമങ്ങള്‍ സംവിധാനിച്ചത്. അത്തരം തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി സുശക്തമായ ഒരു നിയമ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടും സ്ത്രീ വര്‍ഗത്തോടും കാണിക്കുന്ന അനീതിയായി മാത്രമേ വിലയിരുത്താനാകൂ.
നിയമം പഠിച്ച, നിയമങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏത് വിദ്യാര്‍ഥിക്കുമറിയുന്ന ചില ബാലപാഠങ്ങളുണ്ട്. നിയമങ്ങള്‍ പൊതു തത്ത്വങ്ങളാണ്. അവ പൊതുവായ ചില ചട്ടക്കൂടുകളില്‍ നിര്‍മിച്ചവയായിരിക്കും. അതോടൊപ്പം ഏത് നിയമവും സുനിശ്ചിതവും അവയുടെ മാനദണ്ഡങ്ങള്‍ കൃത്യവുമാകും. കൂടാതെ, നിയമങ്ങള്‍ വിചാരപരമായിരിക്കണം. അതൊരിക്കലും വികാരപരമാകരുത്. നിയമങ്ങളെക്കുറിച്ചുള്ള ഈ അടിസ്ഥാന വീക്ഷണങ്ങള്‍ തന്നെയാണ് ഇസ്ലാമും വെച്ചുപുലര്‍ത്തുന്നത്. ഇസ്ലാമിക നിയമങ്ങള്‍ സുനിശ്ചിതവും ചില നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് സംവിധാനിച്ചവയുമാണ്. അവ പൊതു തത്ത്വങ്ങളാണെന്നതുപോലെ ചില ചട്ടക്കൂടുകള്‍ പാലിക്കുന്നതുമാണ്. ഇസ്ലാമിക നിയമങ്ങള്‍ വൈകാരികമായി സമീപിക്കുന്നതല്ല. മനുഷ്യന്റെ വളര്‍ച്ചയെയും ഉയര്‍ച്ചയെയും ബുദ്ധിപരമായും വിചാരപരമായും സമീപിക്കുകയാണ് ഓരോ നിയമങ്ങളും. അതുകൊണ്ട് തന്നെ ഏതെങ്കിലും കുടുംബത്തില്‍ നടക്കുന്ന അസ്വസ്ഥതകളെ പര്‍വതീകരിച്ച് ഒരു പൊതു നിയമത്തെ വക്രീകരിക്കാനുള്ള ശ്രമം നിയമം പഠിച്ച ആരും നടത്തില്ലെന്നുറപ്പാണ്. നിയമം എന്ന നിലയില്‍ അത്തരം അസ്വസ്ഥതകളെ നേരിടാനും അഡ്രസ്സ് ചെയ്യാനുമുള്ള പഴുതുകള്‍ സംവിധാനിക്കുക എന്നതും അഭികാമ്യമാണ്. അതുകൊണ്ട് തന്നെ, ലോക ജനതയെ മൊത്തം ഉള്‍ക്കൊണ്ടുവന്ന ഇസ്ലാമിക അനന്തരാവകാശ നിയമങ്ങള്‍, ഒന്നര സഹസ്രാബ്ധമായി കോടാനുകോടി ജനങ്ങള്‍ അനുഭവിക്കുന്ന ഈ ആനുകൂല്യങ്ങള്‍ ഏതെങ്കിലും കുടുംബത്തിന്റെ പ്രശ്നത്തിനനുസരിച്ച് മാറ്റണമെന്ന് വാശി പിടിക്കുന്നത് അബദ്ധമാണെന്ന് ആര്‍ക്കാണറിയാത്തത്!
ഒരു ഉദാഹരണം പറയാം. ഒരു പിതാവ് മരിക്കുന്നു. അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. മൂന്ന് പെണ്‍കുട്ടികളും സഹോദരന്മാരും ഉമ്മയും ബാപ്പയുമുണ്ട്. തന്റെ കുടുംബമെന്നാല്‍ തന്റെ ഈ പെണ്‍കുട്ടികള്‍ മാത്രമാണെന്ന ആധുനിക ലിബറല്‍ ചിന്താഗതിക്കനുസരിച്ച് എല്ലാ സ്വത്തും പെണ്‍കുട്ടികള്‍ക്ക് വീതിച്ചുകൊടുക്കണമെന്നാണ് ഇസ്ലാം പറയുന്നതെങ്കില്‍, സ്വന്തം ഉമ്മയോടും ബാപ്പയോടും സഹോദരങ്ങളോടും കലഹിച്ചു ജീവിക്കുന്ന, അല്ലെങ്കില്‍ അവര്‍ക്ക് സ്വത്ത് ലഭിക്കുന്നതില്‍ വിഷമിക്കുന്ന ഒരാള്‍ക്ക് അല്‍പ്പം ഇഷ്ടമായേക്കാം. പക്ഷേ സ്വന്തം മകന്‍ നഷ്ടപ്പെട്ട ഈ ഉമ്മയും ഉപ്പയും ആരുടെ തണലില്‍ ജീവിക്കുമെന്നോ കോടാനുകോടി മനുഷ്യര്‍ ലോകത്ത് ജീവിക്കുന്നത് ബാപ്പയുടെ, സഹോദരങ്ങളുടെ തണലിലാണെന്നോ മനസ്സിലാക്കാതെയുള്ള ചില ഒറ്റപ്പെട്ട മനുഷ്യരുടെ ബുദ്ധിമോശത്തിനനുസരിച്ചുള്ള തീരുമാനമായിരിക്കുമത്. എന്നാല്‍ ഇതേ കേസില്‍ തന്നെ, പെണ്‍കുട്ടികള്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം, ഭാര്യക്ക് എട്ടിലൊന്ന്, ഉമ്മക്കും ഉപ്പക്കും ആറിലൊന്ന് എന്ന തോതില്‍ ഇസ്ലാം പറഞ്ഞതുപോലെ വീതം വെച്ചാല്‍ എത്രമാത്രം സാമൂഹികപരവും മാനുഷികവുമായിരിക്കും ആ തീരുമാനം. ഇവിടെ ഉപ്പ സ്വത്തിനവകാശിയായതിനാല്‍ സഹോദരങ്ങള്‍ക്ക് സ്വത്ത് ലഭിക്കില്ലെന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു. പിതാവിന്റെ മരണ ശേഷം ഈ പെണ്‍കുട്ടികളുടെ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത് പിതാമഹനോ അദ്ദേഹത്തിന്റെ മറ്റു മക്കളോ അഥവാ പരേതന്റെ സഹോദരങ്ങളോ ആണല്ലോ. ഈ പിതാമഹന് സ്വത്തിന്റെ ഇരുപത് ശതമാനമോ അതില്‍ കുറവോ ലഭിക്കുന്നതില്‍ എന്തിന് കുണ്ഠിതപ്പെടണം?
ഇനി മറിച്ചൊന്നു ചിന്തിക്കാം. ഇങ്ങനെ എല്ലാവരെയും പരിഗണിച്ചുള്ള വീതം വെപ്പിനു പകരം, എല്ലാം സ്വന്തം പെണ്‍കുട്ടികള്‍ക്ക് മാത്രമാണെന്നുള്ള നിയമം കൊണ്ടുവന്നുവെന്ന് വെക്കുക. ഒരു പക്ഷേ പെണ്‍കുട്ടികളുടെ ഈ പിതാവ് മരണശ്വാസം വലിക്കുമ്പോള്‍ ഇപ്പറഞ്ഞ ഒരു കുട്ടിയെയും കണ്ടില്ലെന്ന് വന്നേക്കാം.
അങ്ങനെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുമുണ്ടല്ലോ. അദ്ദേഹത്തെ പരിചരിക്കാന്‍ സഹോദരന്മാരോ അല്ലെങ്കില്‍ പിതാവോ മാതാവോ മാത്രമാണ് പലപ്പോഴുമുണ്ടാകുക. അല്ലെങ്കില്‍ വൃദ്ധസദനം. ഈ വ്യക്തി മരിച്ചാല്‍ സ്വത്തെല്ലാം പെണ്‍കുട്ടികള്‍ക്ക് കൊടുക്കണമെന്ന് ആരെങ്കിലും പറയുമോ? ഇങ്ങനെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും പലതും വരാം. അവിടെ, മനുഷ്യ കുലത്തിന്റെ കൂട്ടമായ സമൃദ്ധിയും ആവശ്യകതയുമാണ് മാനദണ്ഡമാക്കേണ്ടത്. ഇസ്ലാമിക അനന്തരാവകാശ നിയമങ്ങള്‍ ഇത്രയും കണിശമായാണ് ആവിഷ്‌കരിച്ചിട്ടുള്ളതും. അനന്തരാവകാശങ്ങള്‍ വിശദീകരിക്കുന്നിടത്ത് ഖുര്‍ആന്‍ ഇക്കാര്യം പ്രത്യേകം പറഞ്ഞിരിക്കുന്നു: ‘നിങ്ങളുടെ മക്കളാണോ, അതോ പിതാക്കളാണോ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക എന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹു എല്ലാ അറിവുള്ളവനും സൂക്ഷ്മ ജ്ഞാനിയുമാണ്'(ഖുര്‍ആന്‍: 4/11). അതുകൊണ്ട് തന്നെ, ഓരോ മനുഷ്യന്റെയും വ്യത്യസ്ത ബുദ്ധികളില്‍ അപ്പപ്പോള്‍ തോന്നുന്ന നൈമിഷിക വികാരങ്ങള്‍ക്കനുസരിച്ചല്ല നിയമങ്ങള്‍ നിര്‍മിക്കപ്പെടേണ്ടത്. മറിച്ച് സര്‍വജ്ഞാനിയായ അല്ലാഹു സംവിധാനിച്ച നിയമങ്ങള്‍ക്ക് സന്തോഷ പൂര്‍വം വഴിപ്പെടുകയാണ് വേണ്ടതെന്ന് വ്യക്തം. നൈമിഷിക എടുത്തുചാട്ടങ്ങള്‍ക്ക് നൈമിഷിക ആയുസ്സ്.