Connect with us

Articles

ഇടിക്കൂടുകള്‍ ഇവിടെ വേണ്ടെന്ന് തന്നെ

ഒരു വിദ്യാര്‍ഥി ഒരു ക്യാമ്പസിനകത്ത് കൊലചെയ്യപ്പെടുമ്പോള്‍ / ആക്രമിക്കപ്പെടുമ്പോള്‍ ഫലത്തില്‍ അത് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ആക്രമിക്കപ്പെടുന്നതിന് തുല്യമാണ്. അവരുടെ രക്ഷിതാക്കള്‍ കൂടിയാണ് ഭീതിയുടെ ലോകത്ത് അരക്ഷിതരായി മാറുന്നത്. അതായത് കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷിതത്വ വിചാരങ്ങളെ അഡ്രസ്സ് ചെയ്യുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം സംഭവിക്കുന്നത്.

Published

|

Last Updated

ദാരുണമായ ഒരു കൊലപാതകം കൂടി നടന്നിരിക്കുന്നു. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ലക്ഷണമൊത്തൊരു ക്രിമിനല്‍ കൊട്ടേഷന്‍ സംഘത്തിന്റെ രീതികളാണ് വയനാട്ടില്‍ കണ്ടത്. സിദ്ധാര്‍ഥിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന ചര്‍ച്ചകള്‍ക്കും ആര് പ്രതിയായി വരുന്നു എന്ന വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് നിഷ്പക്ഷ മനസ്സോടെ കേരളത്തിന്റെ സാംസ്‌കാരിക സമൂഹം അതീവ സങ്കടത്തോടെ തിരിച്ചറിയുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ടല്ലോ. നവകേരളം എന്നും പുരോഗമന കേരളം എന്നുമെല്ലാം നമ്മള്‍ ആത്മാഭിമാനത്തോടെ പറഞ്ഞിരുന്ന ഈ നാട്ടില്‍ ഒരു വിദ്യാര്‍ഥി കൊല ചെയ്യപ്പെട്ടിരിക്കുന്നു. അന്വേഷണ പരിധിയില്‍ നില്‍ക്കുന്ന ഒരു വിഷയം എന്ന നിലക്ക് ഇത് കൊലപാതകം ആണോ ആത്മഹത്യ ആണോ എന്ന ചര്‍ച്ചകളില്‍ തീര്‍പ്പ് പറയാനായിട്ടില്ല എന്ന് കരുതിയാല്‍ പോലും ഫലത്തില്‍ ഇതൊരു ആസൂത്രിത കൊലപാതകം തന്നെയായിരിക്കുന്നു. അതിദാരുണമാം വിധം ഒരാളില്‍ ശാരീരിക /മാനസിക ക്ഷതം വരുത്തുകയും ഒടുക്കം അയാള്‍ ജീവന്‍ അവസാനിപ്പിച്ചു കളയുകയും ചെയ്യുന്നിടത്ത് ഈ ആത്മഹത്യാ പ്രേരണ കൊലപാതകത്തിന് സമാനമായി തന്നെ കാണണം. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല മരണം പുണര്‍ന്നപ്പോഴും നമ്മളതിനെ ആത്മഹത്യ എന്നല്ല, കൊലപാതകം എന്ന് തന്നെയാണ് വിളിച്ചത്. വാലന്റൈന്‍ ദിനത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ ആരോപിച്ച് സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥിക്ക് പ്രതിപ്പട്ടം ചാര്‍ത്തി നല്‍കുന്നു. കുറ്റം ചുമത്തലും വിചാരണയും ശിക്ഷാവിധിയും എല്ലാം ക്യാമ്പസ് കോടതി തീരുമാനിക്കുന്നു. ക്യാമ്പസിനുള്ളില്‍ തന്നെ കഴുമരമൊരുക്കി ക്രൂരമായി അവനെ കൊന്നുകളയുന്നു.

എന്തോ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ കൂടി നടന്നിരിക്കുന്നു എന്നൊരു ആറാം കോളം വാര്‍ത്തയില്‍ ഒതുങ്ങിപ്പോയ ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ നാണക്കേട് കൊണ്ട് തല താഴ്ത്തി നടക്കേണ്ടി വരുന്നത് വെറ്ററിനറി കോളജിലെ എസ് എഫ് ഐക്കാര്‍ മാത്രമല്ല. കേരള സമൂഹം മുഴുവനുമാണ്.

രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ സിദ്ധാര്‍ഥിന്റെ മരണം ഉയര്‍ത്തുന്നുണ്ട്. ഒന്ന്, ആള്‍ക്കൂട്ട കോടതികള്‍ ക്യാമ്പസുകളില്‍ രൂപപ്പെടുംവിധം ദുര്‍ബലപ്പെട്ടു പോയ നമ്മുടെ നീതിപാലന /നിര്‍വഹണ വ്യവസ്ഥിതിയുടെ അപചയം തന്നെ. സിദ്ധാര്‍ഥ് ഒരു തെറ്റ് ചെയ്തു എന്ന് ആര്‍ക്കെങ്കിലും വാദം ഉണ്ടെങ്കില്‍ തന്നെ അത് ശ്രദ്ധയില്‍ പെടുത്താനോ പരിഹാരം കാണാനോ കോളജിനകത്ത് ഒരു ഡിസിപ്ലിന്‍ അതോറിറ്റി മതിയാകാതെ വരുന്നു, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നു എന്നതാണത്. രണ്ടാമത്തേത്, പുരോഗമന കേരളത്തിന്റെ ഒരു ശാപം എന്ന നിലയില്‍, സാംസ്‌കാരിക സമൂഹത്തിന് വലിയ നാണക്കേട് എന്ന അര്‍ഥത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സദാചാര പോലീസിംഗ് കേരളത്തിലെ ഒരു ക്യാമ്പസിനകത്ത് നടന്നിരിക്കുന്നു എന്ന ഞെട്ടലുളവാക്കുന്ന സത്യം. പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളിലും അലിഖിതമായ കുറേയധികം സ്വതന്ത്ര നിയമങ്ങള്‍ ക്യാമ്പസിനകത്ത് ഉണ്ടെന്ന്, വിദ്യാര്‍ഥി സംഘടനകളുടെ ഒരു പരമാധികാര ആധിപത്യം നിലനില്‍ക്കുന്നു എന്ന് കാണുന്നു. നാട്ടിലേക്ക് പോയ വിദ്യാര്‍ഥിയെ തിരിച്ചുവിളിച്ച്, ഭീഷണി മുഴക്കി ക്യാമ്പസിനകത്തേക്ക് കൊണ്ടുവരികയും കോടതി നടപടികള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നതൊന്നും അത്ര ലളിതമായി മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ അല്ലല്ലോ.

ഏതെങ്കിലുമൊരു രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനയെ മാത്രമായി പ്രതിസ്ഥാനത്ത് നിര്‍ത്തുകയോ അബദ്ധമായി വ്യാഖ്യാനിച്ച് കൈയൊഴിയുകയോ ചെയ്യാവുന്ന നിസ്സാരത അല്ല ഇവിടെ ഉള്ളത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന ഒരു നിലപാടില്‍ എളുപ്പത്തില്‍ മുഖം രക്ഷിച്ചെടുക്കാന്‍ കഴിയില്ല. മരിച്ചുപോയ വിദ്യാര്‍ഥിയുടെ കുടുംബത്തിന് നീതി കിട്ടുക എന്ന ആവശ്യത്തില്‍ ഒരു പ്രശ്‌നമുണ്ട്. ഇവിടെ നീതി ലഭിക്കേണ്ടത് കുടുംബത്തിന് മാത്രമല്ലല്ലോ, കേരളീയ സമൂഹത്തിനാണ് നീതി ലഭിക്കേണ്ടത്. ഒരു വിദ്യാര്‍ഥി ഒരു ക്യാമ്പസിനകത്ത് കൊലചെയ്യപ്പെടുമ്പോള്‍ / ആക്രമിക്കപ്പെടുമ്പോള്‍ ഫലത്തില്‍ അത് കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ആക്രമിക്കപ്പെടുന്നതിന് തുല്യമാണ്. അവരുടെ രക്ഷിതാക്കള്‍ കൂടിയാണ് ഭീതിയുടെ ലോകത്ത് അരക്ഷിതരായി മാറുന്നത്. അതായത് കേരളത്തിലെ മുഴുവന്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷിതത്വ വിചാരങ്ങളെ അഡ്രസ്സ് ചെയ്യുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം സംഭവിക്കുന്നത്.

സമാനമായി തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നു എന്നത് കൊണ്ടും നീതിനിര്‍വഹണം പൂര്‍ണമാകുന്നില്ല. പ്രതികളെ സംബന്ധിച്ചിടത്തോളം അതൊരു പക്ഷേ, മതിയായ ശിക്ഷയാകുന്നുണ്ടാകും. എന്നാല്‍ പ്രതികള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതങ്ങനെ ആകുന്നില്ല. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍, അതിന്റെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നു എന്ന് പറയപ്പെടുന്നവരില്‍ സംഭവിക്കുന്ന അപചയങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷാ നടപടികളിലൂടെ തീരുന്നതല്ല. സിദ്ധാര്‍ഥ് വിഷയത്തില്‍ വളരെ ആസൂത്രിതമായ കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടല്ലോ. ഒരാള്‍ക്കൂട്ട അക്രമത്തിനിടയില്‍, വൈകാരികതയില്‍ സംഭവിച്ചേക്കാവുന്ന അബദ്ധം പോലുമല്ല ഇത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആസൂത്രണത്തിന്റെയും ആലോചനയുടെയും പുറത്ത് സംഭവിച്ച കൊലപാതകമാണിത്. സാമൂഹിക വിഷയങ്ങളില്‍ പുരോഗമന കാഴ്ചപ്പാട് പുലര്‍ത്തുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്ന സംഘടനകളെ ഇത്തരം സന്ദര്‍ഭങ്ങളില്‍ രൂക്ഷമായ ഭാഷയില്‍ ഓഡിറ്റ് ചെയ്യപ്പെടും എന്നത് ഒരു സ്വാഭാവികതയാണ്. ഈ വിമര്‍ശങ്ങളെ അല്‍പ്പം പോലും കേള്‍ക്കാതിരിക്കുകയും അതിലും രൂക്ഷമായ പ്രത്യാക്രമണ പ്രതിരോധത്തിലൂടെ നേരിടുകയും ചെയ്യുന്നത് എന്ത് തരം ജനാധിപത്യമാണ്. പ്രത്യയശാസ്ത്ര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക സംഘടനകള്‍ക്ക്, വിദ്യാര്‍ഥി സംഘടനകള്‍ക്ക് അവരുടെ കേഡറുകളില്‍ നിന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ പൊതുസമൂഹത്തിന് മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അതവരുടെ ഏറ്റവും വലിയ സംഘടനാ പരാജയമാണ്.

എന്തുകൊണ്ട് എസ് എഫ് ഐ അതിരൂക്ഷമായ ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന ചോദ്യത്തിനെ പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍ ജീവന്‍ പൊലിഞ്ഞുപോയ രക്തസാക്ഷികളുടെ പേരുകള്‍ നിരത്തി പ്രതിരോധിക്കാനാണ് ഇപ്പോഴും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. രക്തസാക്ഷികളുടെ എണ്ണത്തില്‍ അഭിമാനം കൊള്ളുന്ന ഈ മാനസികാവസ്ഥ തന്നെയാണ് ഇനിയെന്ത് തിരുത്തല്‍ പ്രവര്‍ത്തനങ്ങളാണ് അവരില്‍ വേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരവും. ഭയപ്പെടുത്തി നേടുന്ന അധീശത്വത്തില്‍ ആണ് അവര്‍ ഇപ്പോഴും ആനന്ദം കണ്ടെത്തുന്നത്. ആശയങ്ങള്‍ കൊണ്ട് ജയിക്കാനും സംവാദങ്ങളിലൂടെ സമര്‍ഥിക്കാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഭയപ്പെടുത്തി ഭരിക്കുക എന്ന പോളിസി സ്വീകരിക്കേണ്ടി വരുന്നത്.
അതിനിടയില്‍ വൈകാരിക വിക്ഷുബ്ധതകളില്‍ വീണുപോകാതെ കേരളം പുലര്‍ത്തുന്ന രാഷ്ട്രീയ പ്രബുദ്ധതയെ അസ്വസ്ഥതയോടെ നോക്കിക്കണ്ടിരുന്ന എല്ലാ പ്രതിലോമ ശക്തികളും ‘സുവര്‍ണാവസരം’ മുതലെടുക്കാനുള്ള വ്യഗ്രതയിലാണ്. വര്‍ഗീയ വിഷം തുപ്പുന്ന ഓണ്‍ലൈന്‍ മീഡിയകളില്‍ നിന്ന് ‘ശരീഅത്ത് കോടതി’ വരെ ആരോപിക്കപ്പെട്ടുകഴിഞ്ഞു. എത്ര വേഗമാണ് തെരുവിന്റെ പാപഭാരങ്ങള്‍ മുഴുവന്‍ ഒരു സമുദായത്തിന്റെ പിരടിയില്‍ ചാര്‍ത്തിവെക്കാന്‍ കഴിയുന്നത്. എട്ട് പേര്‍ ദരുണമായി കൊല ചെയ്യപ്പെട്ട കളമശ്ശേരി സ്‌ഫോടനത്തിന്റെ തൊട്ടുടനെയുള്ള സമയങ്ങളില്‍ കേരളത്തില്‍ ഒരു വര്‍ഗീയ ചേരിതിരിവ് രൂപപ്പെടുത്തിയെടുക്കാന്‍ ഉണ്ടായ ശ്രമങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല. ബി ജെ പിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പി എഫ് ഐ പരാമര്‍ശവും യാദൃച്ഛികമാകാന്‍ തരമില്ല.

വിദ്യാര്‍ഥി, വിദ്യാര്‍ഥി സംഘടന, വിദ്യാഭ്യാസ സ്ഥാപനം എന്താകരുത് എന്നതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമായി വയനാട് വെറ്ററിനറി യൂനിവേഴ്‌സിറ്റി ദീര്‍ഘകാലം ചിത്രത്തില്‍ ഉണ്ടാകും എന്നുറപ്പ്. ഇവിടെ വിദ്യാര്‍ഥികള്‍ മാത്രമല്ല നിയമം ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചിട്ടുള്ളത്. കോളജ് വി സി, അധ്യാപകര്‍, അധ്യാപക സംഘടനകള്‍, മറ്റു ജീവനക്കാര്‍ ഇവരെല്ലാം ഇവിടെ പ്രതിക്കൂട്ടില്‍ തന്നെയാണുള്ളത്. മാനുഷിക മൂല്യങ്ങളെ തകര്‍ത്തെറിയുന്ന ഈ ഇടിക്കൂടുകളെ കേരളത്തിലെ വിദ്യാര്‍ഥികളും പൊതുസമൂഹവും ചേര്‍ന്ന് പൊളിച്ചെറിയണം. അനിയന്ത്രിതമായ സ്വാതന്ത്ര്യം അരാജകത്വത്തിലേക്ക് വഴിതുറക്കും എന്ന തിരിച്ചറിവില്‍ പുതിയ തലമുറയില്‍ ആവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ സംഘടനകള്‍ മുന്നോട്ട് വരണം.

Latest