Connect with us

International

അഭയം തേടാൻ ഇടമില്ല; ഇവിടെയെങ്ങനെ കഴിയും

വാസയോഗ്യമല്ലാത്ത വിധം തകർന്ന് ഗസ്സ • റഫയിൽ 11 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഗസ്സാ മുനമ്പിലെ വടക്ക്, തെക്ക് മേഖലകളിൽ അതിക്രമം ശക്തമാക്കി ഇസ്‌റാഈൽ സൈന്യം. ഗസ്സാ മുനമ്പിനെ പൂർണമായും വാസയോഗ്യമല്ലാതാക്കി മാറ്റാനുള്ള കൊടിയ ക്രൂരതയാണ് ഇസ്‌റാഈൽ നടത്തുന്നത്. ഏറ്റവുമൊടുവിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും വീടുകളും കടകളുമെല്ലാം തകർത്തു. ഗസ്സയിൽ ഇനിയൊരാൾക്കും ജീവിക്കാനാകരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് ഇപ്പോൾ ഗസ്സയുടെ സമീപ പ്രദേശങ്ങളിലും അധിനിവേശം നടത്തുന്നത്.

ഇന്നലെ റഫയിൽ, ടാങ്ക്, ഷെൽ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. റഫയുടെ സമീപ പ്രദേശമായ ശകൗഷിലേക്കും ടാങ്ക് സേന അതിക്രമം വ്യാപിപ്പിച്ചു. വീടുകൾ നഷ്ടപ്പെട്ട് ശകൗഷിൽ താത്കാലിക ക്യാമ്പുകളിൽ അഭയം തേടിയ ആയിരങ്ങളെ ഖാൻ യൂനുസിലേക്ക് ആട്ടിയോടിക്കുകയും ചെയ്തു. മവാസിയിൽ നിന്നും ആളുകൾ ജീവഭയത്താൽ ഖാൻ യൂനുസിലേക്ക് അഭയം തേടി പോകുന്നുണ്ട്.
ഗസ്സയിലെ 23 ലക്ഷത്തിലധികം പേർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക കവാടമായ ഈജിപ്തിനോട് ചേർന്ന റഫാ അതിർത്തി മുഴുവനും ഇസ്‌റാഈൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

കഴിഞ്ഞ ദിവസം രാത്രി ദാർ അൽ ബലാഹിലെ രണ്ട് വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പെൺകുട്ടിയടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
മധ്യ ബുറൈജ് അഭയാർഥി ക്യാമ്പിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇസ്‌റാഈൽ വ്യോമാക്രമണത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അതിനിടെ, കൂറ്റൻ മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപമുള്ള കൂടാരങ്ങളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഫലസ്തീനികൾ കഴിയുന്നതെന്ന് യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക് ഏജൻസി സീനിയർ കമ്മ്യൂണിക്കേഷൻ ഓഫീസർ ലൂയീസ് വാട്ടറിഡ്ജ് പറഞ്ഞു. ഇത് തീർത്തും ദുസ്സഹമാണെന്ന് മധ്യ ഗസ്സയിൽ നിന്നുള്ള വീഡിയോ സഹിതം ജനീവയിൽ മാധ്യമങ്ങളോട് അവർ വിവരിച്ചു. അസ്ഥികൂടങ്ങൾക്ക് സമാനമാണ് ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾ. എന്നിട്ടും ഫലസ്തീനികൾ യാതന സഹിച്ച് അവിടെ തുടരുന്നു. അവിടെ വെള്ളമില്ല, ഭക്ഷണമില്ല, ശുചിത്വമില്ല. എന്നിട്ടും പൊട്ടിത്തകർന്ന ചുമരുകൾ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് പൊട്ടിയ ഷെൽ അവശിഷ്ടങ്ങൾക്കിടയിൽ അവർ കഴിയുന്നു. ശൗചാലയ സൗകര്യമില്ലാത്തതിനാൽ ഫലസ്തീനികളുടെ ആ അവസ്ഥ വിവരിക്കാനാകുന്നില്ലെന്നും ലൂയീസ് വാട്ടറിഡ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വെടിനിർത്തൽ അവസാനിപ്പിക്കാൻ അമേരിക്കയുടെ മേൽനോട്ടത്തിൽ അറബ് മധ്യസ്ഥർ നടത്തുന്ന ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് പൂർണമായും ഇസ്‌റാഈൽ സൈന്യം പിൻവാങ്ങുകയും ചെയ്യണമെന്ന കരാറിൽ ഹമാസ് ആവശ്യപ്പെടുന്നത്.

Latest